'നിങ്ങളുടെ പിന്തുണയേക്കാള്‍ പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാൻ'
text_fieldsപ്രതിഫലം പോരെന്നു പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി നടി ഭാമ. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്സ്റ്റൈല്‍ ഷോറൂമിന്‍െറ ഉദ്ഘാടനത്തിനാണ് നടിയെ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറിലായിരുന്നു ക്ഷണിച്ചത്. അഡ്വാന്‍സായി അമ്പതിനായിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന സമയമായപ്പോള്‍ കാറിലത്തെിയ നടി കടയില്‍ പ്രവേശിക്കാതെ വാഹനത്തില്‍ തന്നെയിരുന്നു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നായിരുന്നു വാർത്ത. ഫേസ്ബുക്കിലൂടെയാണ് ഭാമ വിശദീകരണവുമായി രംഗത്തെത്തിയത്.
ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്
"ഒരു തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. പറഞ്ഞ തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് ഞാന്‍ ഒരു ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതില്‍ എനിക്ക് പറയാനുള്ളത് ഞാന്‍ ഇവിടെ പറയുന്നു..
ശ്രീജിത്ത് രാജാമണി എന്നയാളാണ് എന്നെ ഈ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്. യുണീക് മോഡല്‍സ് ആന്റ് സെലിബ്രിറ്റി മാനേജ്‌മെന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. രണ്ടര ലക്ഷം രൂപയാണ് പ്രതിഫലം നല്‍കാമെന്ന് ഇദ്ദേഹം പറഞ്ഞത്. അതില്‍ ഒരു ലക്ഷം അഡ്വാന്‍സായി നല്‍കാമെന്നും പറഞ്ഞു. ബാക്കി തുക ഉദ്ഘാടന ചടങ്ങിന് മുന്‍പ് നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ 15,000 രൂപ മാത്രമാണ് അഡ്വാന്‍സ് വകയില്‍ എന്‍റെ അക്കൗണിലെത്തിയത്. പക്ഷേ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നേരത്തേ പറഞ്ഞിരുന്ന ചടങ്ങ് ഞാന്‍ ഉപേക്ഷിച്ചില്ല. സ്ഥലത്തേക്ക് പോയി. അവിടെ ചെല്ലുമ്പോള്‍ പറഞ്ഞ തുക നല്‍കുമെന്നും കരുതി. പക്ഷേ ഞെട്ടിക്കുന്ന അനുഭവമാണ് അവിടെ എനിക്ക് നേരിടേണ്ടിവന്നത്. ശ്രീജിത്ത് രാജാമണി എന്നയാളെ അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലൈനില്‍ കിട്ടിയില്ല. ചടങ്ങ് സംഘടിപ്പിച്ചവര്‍ പറഞ്ഞത് എനിക്ക് തരാമെന്ന് പറഞ്ഞ് അയാള്‍ അവരില്‍നിന്ന് 50,000 ഇതിനകം തന്നെ വാങ്ങിയിട്ടുണ്ടെന്നാണ്. ഒരു ലക്ഷം മാത്രമാണ് ഞാന്‍ പ്രതിഫലമായി ആവശ്യപ്പെട്ടതെന്നാണ് ശ്രീജിത്ത് അവരോട് പറഞ്ഞിരുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ചതിക്കപ്പെട്ടതായി അറിഞ്ഞിട്ടും ഇടനിലക്കാരനാലാണ് അത് സംഭവിച്ചത് എന്നതിനാല്‍ എന്നെ എന്തിനാണോ ക്ഷണിച്ചത് അത് ചെയ്തിട്ടാണ് ഞാന്‍ മടങ്ങിയത്. അല്ലാതെ മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് എന്റെ അഭ്യുദയകാക്ഷികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
ചലച്ചിത്രമേഖലയിലുള്ള സഹപ്രവര്‍ത്തകരോട് ശ്രീജിത്ത് രാജാമണിയെപ്പോലുള്ളവരെ സൂക്ഷിക്കണമെന്നും പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സംഭവിച്ച ചതിയില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവാതിരിക്കട്ടെ.
എന്നെ സ്‌നേഹിക്കുന്നവരോട് ഒരു കാര്യം.. നിങ്ങള്‍ നല്‍കുന്ന പിന്തുണയേക്കാള്‍ പണത്തെ സ്‌നേഹിക്കുന്നയാളല്ല ഞാന്‍. ഇത് സംബന്ധിച്ച് വന്നിരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.