ടി.എ റസാഖ് വിടവാങ്ങി
text_fieldsകൊച്ചി: എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് അന്തരിച്ചു. 58 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ഈ മാസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 8.30 മുതൽ മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. 11 മണിക്ക് തുറക്കൽ ജുമുഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരം.
വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടര്‍, എൻെറ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍, പരുന്ത്, മായാ ബസാര്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാം നാള്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്കുവേണ്ടി തിരക്കഥ എഴുതി. ജന്മനാടായ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ജീവിതങ്ങളായിരുന്നു അദ്ദേഹത്തിൻെറ സിനിമകളിലുണ്ടായിരുന്നത്.
മലപ്പുറം കൊണ്ടോട്ടി തുറക്കലില്‍ ടി.എ ബാപ്പുവിെൻറയും ഖദീജയുടെയും മകനായി 1958-ലാണ് ടി.എ റസാഖ് ജനിച്ചത്. കൊളത്തൂര്‍ എ.എം.എല്‍.പി സ്കൂള്‍ ,കൊണ്ടോട്ടി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസുമുതല്‍ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. 'വര' എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ഗുമസ്തനായിരുന്നു.
എ.ടി അബുവിന്റെ 'ധ്വനി'യില്‍ സഹസംവിധായകനായാണ് റസാഖ് സിനിമയിലെത്തിയത്. ജി.എസ് വിജയന്‍ സംവിധാനംചെയ്ത 'ഘോഷയാത്ര'
യുടേതായിരുന്നു ആദ്യ തിരക്കഥ. എന്നാല്‍ റസാഖിന്‍റെ തിരക്കഥയില്‍ആദ്യം പുറത്തിറങ്ങിയ ചിത്രം കമലിന്റെ വിഷ്ണുലോകമാണ്.
സിബി മലയില്‍ സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ കാണാക്കിനാവിന് മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഇതേ ചിത്രത്തിന്‍റെ തിരക്കഥ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും നേടി. 2002-ല്‍ പുറത്തിറങ്ങിയ ആയിരത്തില്‍ ഒരുവന്‍ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു. ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചതും സിബിമലയില്‍ ആയിരുന്നു. 2001 ല്‍ 'ഉത്തമന്‍ ' മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് നേടി. 2004-ല്‍ പുറത്തിറങ്ങിയ 'പെരുമഴക്കാലം' എന്ന കമല്‍ ചിത്രത്തിലൂടെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് ദേശീയ പുരസ്കാരവും റസാഖിനെ തേടിവന്നു.
പെരുമഴക്കാലം 2004-ലെ മികച്ച കഥക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, മാതൃഭൂമി, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, എ ടി അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, അമൃത ടിവി അവാര്‍ഡ് എന്നിവ നേടി.
2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.