പാരപ്ലേജിയ രോഗികള്‍ക്കൊപ്പം ഓണമാഘോഷിച്ച് ആത്മ
text_fieldsകൊച്ചി: ടെലിവഷന്‍ താരങ്ങളുടെ സംഘടനയായ ആത്മ ജില്ലയിലെ 110ഓളം പാരപ്ലേജിയ രോഗികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു. എല്ലാവര്‍ക്കും ചടങ്ങില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെയും എറണാകുളം ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെ നടന്ന ഓണാഘോഷം സിനിമതാരം ദിലീപ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും മറ്റുള്ളവരുടെ സ്വാധീനമുണ്ട്. അപ്പോള്‍ നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങളെങ്കിലും മറ്റുള്ളവര്‍ക്കായി മാറ്റിവയ്‌ക്കേണ്ടതുണ്ടന്ന് ദിലീപ് പറഞ്ഞു. ഓണക്കിറ്റ് വിതരണോദ്ഘാടനം പാരപ്ലേജിയ അവസ്ഥയിലുള്ള ശശികുമാര്‍, ഷാനി പീറ്റര്‍, ശരത് എന്നിവര്‍ക്ക് നല്‍കി ചലച്ചിത്ര താരം മനോജ് കെ.ജയന്‍ നിര്‍വഹിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമാണ് ഇതെന്നും മനോജ് കെ.ജയന്‍ പറഞ്ഞു. സന്നദ്ധ സേവന രംഗത്ത് മികച്ച സേവനം നടത്തുന്ന സന്തോഷ് കമാര്‍, രാജീവ് പള്ളുരിത്തി, എ.കെ.യൂസഫ് എന്നിവരെ ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത ആദരിച്ചു. തുടര്‍ന്ന് ആത്മ അംഗങ്ങളും പാരപ്ലേജിയ രോഗികളിലെ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിച്ചു.
വീട്ടിലെ ഒറ്റമുറിയില്‍ ഒതുങ്ങി കൂടിയിരുന്നവര്‍ക്ക് ഈ കൂട്ടായ്മ പുതിയൊരു ഉന്മേഷമായി. തങ്ങള്‍ ടി.വിയില്‍ മാത്രം കണ്ടിട്ടുള്ള പ്രിയ താരങ്ങളെ നേരില്‍ കാണുവാനും സെല്‍ഫി എടുക്കുവാനും അവര്‍ക്കൊപ്പം കുശലം പറയുവാനും കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. സ്റ്റാര്‍ നൈറ്റും ഷോകളും ചാനലില്‍ കാണുമ്പോള്‍ ഒരിക്കല്‍ പോലും ഇതുപോലൊരു കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്ന് പാരപ്ലേജിയ അവസ്ഥയിലുള്ള ഷാനി പീറ്റര്‍ പറഞ്ഞു.
ഇവര്‍ക്കൊപ്പം ആടിയും പാടിയും ഓണ സദ്യയില്‍ പങ്കുകൊണ്ടും താരങ്ങളും സജീവമായിരുന്നു. സമ്മേളനത്തില്‍ ആത്മ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ അധ്യക്ഷനായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ആത്മ വൈസ്പ്രസിഡന്റ് സീമ.ജി.നായര്‍, ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളി ട്രസ്റ്റി സാജു തായങ്കരി, തണല്‍ പാരപ്ലേജിയ കെയര്‍ ജില്ലാ കണ്‍വീനര്‍ രാജീവ് പള്ളുരുത്തി, ആത്മ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ആത്മ അംഗങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.