സംഗീത സംവിധായകൻ രാജാമണി അന്തരിച്ചു
text_fieldsചെന്നൈ: പ്രമുഖ സംഗീത സംവിധായകന്‍ രാജാമണി (60) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെ ചെന്നൈയിലെ നിയോട്ട ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 11 ഭാഷകളിലായി 700ല്‍പരം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150ഓളം ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അണിനിരന്ന നിവരധി ഗാനമേള വേദികളില്‍ മ്യൂസിക് കണ്ടക്ടറായും പ്രവര്‍ത്തിച്ചു. ഒ.എന്‍.വിയുടെ വരികള്‍ക്കാണ് ഏറ്റവും ഒടുവില്‍ ഈണമിട്ടത്.
പ്രമുഖ സംഗീത സംവിധായകനായ ബി.എ ചിദംബരനാഥിന്‍െറ മകനായ രാജാമണി പിതാവിന്‍െറ കീഴില്‍നിന്നുതന്നെയാണ് സംഗീതത്തിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 1969ല്‍, ചിദംബരനാഥ് തന്നെ സംഗീതം നല്‍കിയ ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചാണ് ചലച്ചിത്രലോകത്തേക്ക് വരുന്നത്. അന്ന് രാജാമണി ഏഴാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. പിന്നീട് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി മസ്ക്കറ്റില്‍ ഏതാനും കാലം ജോലി ചെയ്തതിനുശേഷമാണ് സംഗീതത്തില്‍ വീണ്ടും സജീവമാകുന്നത്.
ഇതിനിടെ, ദേവരാജന്‍ മാസ്റ്ററുടെ ഏതാനും ഗാനങ്ങള്‍ക്ക് ഗിറ്റാര്‍ വായിച്ചു. പിന്നീട് ജോണ്‍സണ്‍ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയാണ് ഇദ്ദേഹത്തിന്‍െറ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. കൂട്ടില്‍നിന്നും (താളവട്ടം), മഞ്ഞിന്‍ ചിറകുള്ള (സ്വഗതം), നന്ദ കിഷോരാ (ഏകലവ്യന്‍), ജപമായ് (പുന്നാരം), മഞ്ഞുകൂട്ടികള്‍ ( വെല്‍കം ടു കൊടൈക്കനാല്‍) തുടങ്ങിയവയാണ് ഇദ്ദേഹം ചിട്ടപ്പെടുത്തിയ ശ്രദ്ധേയ ഗാനങ്ങള്‍. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 1997ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒരു തെലുഗു ചിത്രത്തിന് കലാസാഗര്‍ പുരസ്കാരവും ലഭിച്ചു.
ഗുല്‍മോഹര്‍ എന്ന മലയാള ചിത്രത്തില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഭാര്യ: ബീന. മകന്‍ അച്ചുവും സംഗീത സംവിധായകനാണ്. അഭിഭാഷകയായ ആദിത്യ മകളാണ്. ചെന്നൈ രാമപുരത്തെ ഭക്ത വേദാന്ത അവന്യൂവിലായിരുന്നു താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.