മോഹൻലാൽ വിരുദ്ധനല്ല; നിലപാടുകളിൽ ഉറച്ച് നിൽക്കും -വിനയൻ
text_fieldsതന്‍റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് യാതൊരു ഭയവുമില്ലാതെ പറയുമെന്നല്ലാതെ ആരോടും ശത്രുതയോട്കൂടി പെരുമാറാറില്ലെന്ന് സംവിധായകൻ വിനയൻ.
മുഖത്തു നോക്കി കാര്യങ്ങൾ പറയുന്നവരെ ശത്രുവായി കാണേണ്ടതുമില്ല. തനിക്ക് തന്‍റേതായ രാഷ്ട്രീയമുണ്ട്, നിലപാടുകളുണ്ട്. എന്തു കഷ്ടനഷ്ടങ്ങളുണ്ടായാലും ശരിയെന്ന് തോന്നുന്ന ആ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യും. പക്ഷേ അതുകൊണ്ടു മാത്രം അന്ധമായിട്ടാരെയെങ്കിലും വിമർശിക്കുകയോ ആരാധിക്കുകയോ ചെയ്യാറില്ലെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
''മോഹൻലാൽ പറഞ്ഞതിൽ ചിലതിനോട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജ്യത്തെ അഴിമതിയെക്കുറിച്ചുള്ള ചർച്ചയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചർച്ചകളും വെറും കോലാഹലമായി അദ്ദേഹം ചിത്രീകരിച്ചതിനെയാണ് എതിർത്തത്. ചർച്ചകൾ ധാരാളം നമുക്കാവശ്യമാണ്, ഒരു ജനാധിപത്യ രാജ്യത്ത് അത് അനിവാര്യവുമാണ്. അതുകൊണ്ട് മോഹൻലാൽ പറയുന്നതിനെ എല്ലാം വിനയൻ എതിർക്കുന്നു എന്നു പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ... മോഹൻലാൽ തെങ്ങേൽ കിടക്കുന്നത് മാങ്ങയാണെന്നു പറഞ്ഞാൽ അതല്ലാന്നു പറയാൻ സിനിമക്കാരാരെങ്കിലും തയ്യാറാകുമെന്നു കരുതുന്നുണ്ടോ'' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
രാജ്യസ്നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കരുത് എന്ന എന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അനുകൂലമായ കമന്റുകൾക്കൊപ്പം വിമർശനാത്മകമായ ധാരാളം കമന്റുകൾ വരികയുണ്ടായി. മോദി വിരുദ്ധനെന്നും മോഹൻലാൽ വിരുദ്ധനെന്നുമൊക്കെ പറയുന്നുണ്ട്. എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്നത് യാതൊരു ഭയവുമില്ലാതെ പറയുമെന്നല്ലാതെ ആരോടും ശത്രുതയോടുകൂടി പെരുമാറാറില്ല. മുഖത്തു നോക്കി കാര്യങ്ങൾ പറയുന്നവരെ ശത്രുവായി കാണേണ്ടതുമില്ല. എനിക്കെന്റേതായ രാഷ്ട്രീയമുണ്ട്, നിലപാടുകളുണ്ട്. എന്തു കഷ്ടനഷ്ടങ്ങളുണ്ടായാലും എനിക്കു ശരിയെന്നു തോന്നുന്ന ആ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യും. പക്ഷേ അതുകൊണ്ടു മാത്രം അന്ധമായിട്ടാരെയെങ്കിലും വിമർശിക്കുകയോ ആരാധിക്കുകയോ ചെയ്യാറില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വീട്ടിൽ ചെന്നു സന്ദർശിച്ചതിനെ ധാരാളം പേർ വിമർശിച്ചപ്പോൾ ഞാൻ ആ സന്ദർശനത്തെ അങ്ങനെ വിമർശിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. അതെന്റെ നിഷ്പക്ഷമായ അഭിപ്രായമായിരുന്നു. ഡിസംബർ 26ലെ എന്റെ ഫേസ്ബുക് പേജ് നോക്കിയാൽ നിങ്ങൾക്ക് ആ പോസ്റ്റ് കാണാം. അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിക്കുകയും വിമർശിക്കേണ്ടതിനെ വിമർശിക്കുകയും ചെയ്യേണ്ടത് ഒരു സാംസ്കാരികപ്രവർത്തകന്റെ നിഷ്പക്ഷമായ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
രാജ്യസ്നേഹവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കരുത് എന്ന് ഇന്നലത്തെ ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയലിൽ വായിച്ചപ്പോൾ എന്റെ നിലപാടുകളോട് എനിക്ക് ആത്മസംതൃപ്തി തോന്നി.
രാജ്യദ്രോഹികൾക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. അതിലാർക്കാണു സംശയം. പക്ഷേ ജെ എൻ യു പോലുള്ള സർവ്വകലാശാലകളിൽ പ്രതിഷേധമുയർത്തുന്നവരെല്ലാം രാജ്യവിരുദ്ധരാണ് എന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? ബഹുസ്വരത എന്ന ഭാരതത്തിന്റെ വിശാലകാഴ്ചപ്പാടിനെതിരല്ലേ അത്..
ശ്രീ മോഹൻലാൽ പറഞ്ഞതിൽ ചിലതിനോട് മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജ്യത്തെ അഴിമതിയെക്കുറിച്ചുള്ള ചർച്ചയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചർച്ചകളും വെറും കോലാഹലമായി അദ്ദേഹം ചിത്രീകരിച്ചതിനെ ആണ് എതിർത്തത്. ചർച്ചകൾ ധാരാളം നമുക്കാവശ്യമാണ്, ഒരു ജനാധിപത്യ രാജ്യത്ത് അത് അനിവാര്യവുമാണ്. അതുകൊണ്ട് മോഹൻലാൽ പറയുന്നതിനെ എല്ലാം വിനയൻ എതിർക്കുന്നു എന്നു പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ... മോഹൻലാൽ തെങ്ങേൽ കിടക്കുന്നത് മാങ്ങയാണെന്നു പറഞ്ഞാൽ അതല്ലാന്നു പറയാൻ ഞങ്ങടെ സിനിമക്കാരാരെങ്കിലും തയ്യാറാകുമെന്നു കരുതുന്നുണ്ടോ? സിനിമയിലെ വല്യ വിപ്ലവകാരികളെന്നു പറഞ്ഞുനടക്കുന്നവരോ കമ്മ്യൂണിസ്റ്റ് സഹയാത്രികരെന്നു പറഞ്ഞു നടക്കുന്നവരോ ഒരക്ഷരം പ്രതികരിക്കുമോ? ഇല്ല - അതാണ് സിനിമാക്കാരുടെ ഒരഡ്ജസ്റ്റ്‌മന്റ്. പിന്നെ താരാധിപത്യത്തിന്റെ ശക്തിയും. പക്ഷേ ഈ വിധേയത്വത്തേയും അഡ്ജസ്റ്റുമെന്റിനേയും ഒക്കെ മറികടന്ന് എന്തെങ്കിലുമൊക്കെ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സദയം ക്ഷമിക്കുക...
രാജ്യസ്നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കരുത് എന്ന എന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ്...
Posted by Vinayan Tg on Wednesday, February 24, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.