Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമോഹൻലാലിന്‍റെ...

മോഹൻലാലിന്‍റെ കഥാപാത്രങ്ങളുടെ ഛായകൾ ചാർലിയിൽ പടർന്ന് കിടക്കുന്നു- ബി ഉണ്ണികൃഷ്ണൻ

text_fields
bookmark_border
മോഹൻലാലിന്‍റെ കഥാപാത്രങ്ങളുടെ ഛായകൾ ചാർലിയിൽ പടർന്ന് കിടക്കുന്നു- ബി ഉണ്ണികൃഷ്ണൻ
cancel

ചാർലിയിലെ ദുൽഖറിന്‍റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. മോഹൻലാലിന്‍റെ കഥാപാത്രങ്ങളുടെ ഛായകൾ ചാർലിയിൽ പടർന്ന് കിടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദുല്‍ഖറിന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലെഗസിയെ ഒരേസമയം ഉള്‍ക്കൊള്ളാനും പുനര്‍വ്യാഖ്യാനം ചെയ്യാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുല്‍ഖറിലെ നടന്‍ തന്നെ നിര്‍മിച്ച സിനിമാചരിത്രത്തോട് ഇത്രമേല്‍ അര്‍ഥവത്തായി സംവദിച്ച മറ്റൊരു ചിത്രമില്ല. ചിത്രത്തിലെ നായിക പാര്‍വതിയെയും സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ടിനെയും തിരക്കഥാകൃത്ത് ഉണ്ണി ആറിനെയും കുറിപ്പിൽ അദ്ദേഹം പ്രശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കാറ്റ്‌ പോലൊരാൾ. ചാർലിയെക്കുറിച്ച്‌ പെട്ടെന്ന് അങ്ങനെ പറയാമെന്ന് തോന്നുന്നു. കെട്ടുപാടുകളില്ലാതെ, കാറ്റിനുമാത്രം പറഞ്ഞിട്ടുള്ള സ്വാതന്ത്ര്യത്തോടെ അയാൾ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. തികച്ചും അവിചാരിതമായി നിങ്ങളുടെ ജീവിതത്തിലേക്ക്‌ അയാൾ ഊളിയിട്ടിറങ്ങും; ചിലപ്പോൾ, പാതിരാവിൽ, നിങ്ങളുടെ വീടിന്റെ ഓട്‌ പകുത്തുമാറ്റിക്കൊണ്ട്‌ പോലും-ഒരു വിശുദ്ധ കള്ളനെപ്പോലെ. കൂടെ, ആ വെളിപ്പെടൽ കണ്ട്‌ ആകെ പകച്ചുപോയ ഒരു പാവം 'യഥാർത്ഥ' കള്ളനുമുണ്ടാവും. അങ്ങിനെ, ഓട്‌ പൊളിച്ചിറങ്ങിയ ഒരു രാവിൽ, ചാർലി പാപപാശത്തിന്റെ കെട്ടറുത്ത്‌, പിന്നേയും ജീവിതത്തിലേക്ക്‌ പിടിച്ചുകയറ്റിയ പെൺകുട്ടിക്ക്‌‌ അയാൾ ആരായിരുന്നു? ഹതാശമായ ഒരു ജീവിതം പോലെ, കടൽപ്പരപ്പിൽ ചുറ്റിത്തിരിഞ്ഞ ഒരു നൗകയിൽ, ദിവ്യനക്ഷത്രങ്ങളൊന്നുമുദിക്കാത്ത ആകാശത്തിനു താഴെ, എച്ച്‌ ഐ വി ബാധിതയായ വേശ്യക്ക്‌ മത്സ്യവും വീഞ്ഞും കൊണ്ട്‌ വിരുന്നൊരുക്കുന്ന ചാർലി . കരുണാരഹിതമായ പൗരുഷത്തിന്റെ അധിനിവേശങ്ങൾ നിക്ഷേപിച്ച അണുക്കൾ ശതലക്ഷങ്ങളായി പെരുകി, മദിച്ചാർക്കുന്ന സംഭരണിയായി മാറിയ ഉടലിനേയും താങ്ങി, നിരാലംബയായി, ബോട്ടിന്റെ തുമ്പത്ത്‌, ലോകസിനിമ കണ്ട ഏറ്റവും പ്രശസ്തയായ കാൽപ്പനിക നായികയുടെ വൈറൽ ബാധിതമായ കാരിക്കേച്ചർ പോലെ നിന്ന മേരിയെ നോക്കി, " ഇവളുടെ സങ്കടപ്പെരുക്കങ്ങൾക്ക്‌ മുന്നിൽ നീ എത്രമേൽ നിസ്സാരമെന്ന്" കടലിനോട്‌ ചാർലി പറയാതെ പറഞ്ഞത്‌, മാർട്ടിനും ഉണ്ണി ആറും കാവ്യാത്മകമായി കരുതിവെച്ച മൗനങ്ങളിൽ ഞാൻ കേട്ടു. കണ്ണുകളിൽ ഒരു നീറ്റലുമുണ്ടായി. ഏറ്റവും ആനന്ദഭരിതമായ ആ രാത്രിക്കപ്പുറം മനുഷ്യജന്മം നീട്ടുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞ്‌, മേരി ഒരു മത്സ്യകന്യകയായി പരിണമിച്ച്‌, ആഴിയിലേക്ക്‌ കൂപ്പുകുത്തി. ജലത്തിന്റെ അസംഖ്യം ചില്ലുവാതിലുകൾ ഒരോന്നോരോന്നായി തുറന്നുകൊണ്ട്‌, പരമ്പൊരുളിനെയറിയാൻ ഊളിയിട്ടവളിറങ്ങുമ്പോൾ, ചാർലി അവൾക്കാരായിരുന്നു, ചിന്തകളിൽ? നഷ്ടപ്രണയത്തിന്റെ ഉമിത്തീയിൽ സ്വയമെരിഞ്ഞൊടുങ്ങുന്ന നെടുമുടി വേണു അവതരിപ്പിക്കുന്ന വൃദ്ധന്റെ മുന്നിലേക്ക്‌, കർത്താവിന്റെ മണവാട്ടിയായിത്തീർന്ന പഴയ കാമുകിയെ കൊണ്ടുചെന്ന് നിറുത്തുന്നുണ്ട്‌, ചാർലി. ക്ഷണികമായ, ഒന്നുമൊന്നും സംസാരിക്കാത്ത കൂടിക്കാഴ്ച്ചയ്ക്ക്‌ ശേഷം, നഷ്ടപ്രണയിനി വണ്ടി കയറി പോയ്ക്കഴിഞ്ഞ്‌, നിറഞ്ഞ സ്നേഹത്തോടെ, നന്ദിയോടെ ചാർലിയെ നോക്കുന്ന വൃദ്ധന്റെ അകകാമ്പിൽ, ആരായിരുന്നു ചാർലി? ഇങ്ങനെയൊരാളെ അടുത്തെങ്ങും നമ്മുടെ സിനിമയിൽ കണ്ടിട്ടില്ല. ഓർത്തുനോക്കുമ്പോൾ, നമ്മുക്കേറെപ്രിയപ്പെട്ട ചില മോഹൻലാൽ കഥാപാത്രങ്ങളുടെ ഛായകൾ ചാർലിയിൽ പടർന്ന് കിടപ്പുണ്ട്‌. ദുൽക്കറിലെ നടൻ തന്നെ നിർമ്മിച്ച സിനിമാചരിത്രത്തിനോട്‌ ഇത്രമേൽ അർത്ഥവത്തായി സംവദിച്ച മറ്റൊരുചിത്രമില്ല. മഹാനടനായ സ്വന്തം പിതാവിന്റേയും അദ്ദേഹത്തിന്‌ സമശീഷനായ, അതുല്യപ്രതിഭയായ മോഹൻലാലിന്റേയും ലെഗസിയെ ഒരേസമയം ഉൾക്കോള്ളാനും, പുന:ർവ്വ്യാഖ്യാനം ചെയ്യാനും ദുൽക്കറിന്‌ സാധിച്ചിട്ടുണ്ട്‌. കണ്ടറിഞ്ഞ, കേട്ടറിഞ്ഞ കഥകളിലൂടെ ചാർലിയെ പ്രണയിക്കുന്നവളായി പാർവതിയെ അല്ലാതെ മറ്റൊരുനടിയെ ഓർത്തെടുക്കുവാൻപോലും സാധിക്കുന്നില്ല. She continues her brilliant form. And Jomon is fabulous, as always. എന്റെ പ്രിയ സുഹൃത്ത്‌ ആർ ഉണ്ണിയുടെ എഴുത്ത്‌ ഗംഭീരം. മാർട്ടിന്റെ ഏറ്റവും മികച്ച directorial work ചാർലി തന്നെ. അഭിനന്ദനങ്ങൾ. പിന്നെ, ഒരു സ്വകാര്യസന്തോഷം കൂടിയുണ്ട്‌. സ്പോട്ട്‌ എഡിറ്ററായി എന്റെകൂടെ ഗ്രാന്റ്മാസ്റ്ററിൽ തുടക്കം കുറിച്ച ഷമീർ ചാർലിയിലൂടെ സ്വതന്ത്ര എഡിറ്ററായി മാറിയിരിക്കുന്നു. ഷമീറിന്റെ പ്രതിഭയെ ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട്‌, ചാർലി. ചിത്രത്തിന്റെ നിർമ്മാണപങ്കാളിയായ നടൻ ജോജുവിനും അഭിനന്ദനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CHARLIE
Next Story