തുടരെ തുടരെ വിയോഗങ്ങള്‍; ഞെട്ടലൊഴിയാതെ സിനിമാ ലോകം
text_fieldsകൊച്ചി: 2016 പിറന്നശേഷം മലയാള സിനിമാ ലോകത്തിന് ദു$ഖമൊഴിഞ്ഞ സമയമില്ല. തുടരെ തുടരെ വിയോഗങ്ങള്‍ മലയാള സിനിമക്ക് ഒരേസമയം ഞെട്ടലും ദു$ഖവുമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമാ സംവിധായകര്‍, നിര്‍മാതാക്കള്‍, നടീനടന്മാര്‍, സംഗീത സംവിധായകര്‍, ഗാന രചയിതാക്കള്‍ അങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജീവിതത്തിന്‍െറ തിരശ്ശീലക്ക് പിന്നിലേക്ക് പോകുന്നത്. 2016 പിറന്നശേഷം സിനിമാ ലോകത്തുനിന്ന് ആദ്യം കേട്ട വിയോഗ വാര്‍ത്ത നിര്‍മാതാവ് മഞ്ഞിലാസ് ജോസഫിന്‍േറതായിരുന്നു. ജനുവരി എട്ടിനായിരുന്നു ഈ വിയോഗം. മൂന്നു ദിവസത്തിനുശേഷം, 11ന് തിരക്കഥാകൃത്ത് വി.ആര്‍. ഗോപാലകൃഷ്ണനും കാലയവനികക്കുള്ളില്‍ മറഞ്ഞു. ‘വന്ദനം’, ‘ഈ പറക്കും തളിക’ തുടങ്ങിയ സിനിമകളുടെ തിരക്കഥകളെഴുതിയത് ഇദ്ദേഹമാണ്.
രണ്ടാഴ്ചക്കുശേഷം മലയാള സിനിമാ ലോകത്തിന് ഏറെ ഞെട്ടലുണ്ടാക്കിയ മരണവുമുണ്ടായി; നടി കല്‍പനയുടെ വിയോഗം. ഹൈദരാബാദിലെ ഒരു സിനിമാ ഷൂട്ടിങ്ങിനിടെ, അവിടെ ഒരു ഹോട്ടലിലായിരുന്നു കല്‍പനയുടെ മരണം. ടെലി സീരിയല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശേഷം മാധ്യമരംഗത്ത് സ്വന്തം ഇടമുണ്ടാക്കിയ ടി.എന്‍. ഗോപകുമാറും ജനുവരിയുടെ നഷ്ടത്തില്‍പ്പെടും. ദീര്‍ഘകാലം രോഗബാധിതനായ ശേഷം പിന്നീട് കര്‍മരംഗത്തേക്ക് തിരിച്ചുവന്നശേഷം ജനുവരി 30നാണ് നിര്യാതനായത്.
തൊട്ടടുത്ത ദിവസം നടന്‍ ജി.കെ. പിള്ളയും ജീവിതത്തിന്‍െറ അരങ്ങൊഴിഞ്ഞു. ഫെബ്രുവരി പിറന്നത് തിരക്കഥാകൃത്ത് മണി ഷൊര്‍ണൂറിന്‍െറ നിര്യാണ വാര്‍ത്തയുമായാണ്. നിരവധി സിനിമകള്‍ക്ക് തിരക്കഥഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
ദിവസങ്ങള്‍ക്കകം, ഫെബ്രുവരി അഞ്ചിന്; സംഗീത ലോകത്ത് പുതു പ്രതീക്ഷയായി ഉയര്‍ന്നുവന്ന ഷാന്‍ ജോണ്‍സന്‍െറ നിര്യാണവുമുണ്ടായി. തന്‍െറ ഏറ്റവും പുതിയ ഗാനത്തിന്‍െറ റെക്കോഡിങ്ങിന് തീയതി കുറിച്ച ശേഷമാണ് അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്‍െറ മകള്‍ കൂടിയായ ഷാന്‍ വിടവാങ്ങിയത്.
ഒട്ടനവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഒ.എന്‍.വി കുറുപ്പിന്‍െറ മരണവും സിനിമാ ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ചു. ഫെബ്രുവരി 13നായിരുന്നു അദ്ദേഹത്തിന്‍െറ മരണം. തൊട്ടടുത്ത നാള്‍തന്നെ കാമറാമാന്‍ ആനന്ദക്കുട്ടനും ദൃശ്യങ്ങളുടെ ലോകത്തുനിന്ന് വിടവാങ്ങി. തുടര്‍ച്ചയായി മൂന്നാം നാള്‍ സിനിമാലോകത്തിന് വിയോഗത്തിന്‍െറ ഞെട്ടല്‍ നല്‍കിക്കൊണ്ട് 15ന് സംഗീത സംവിധായകന്‍ രാജാമണിയും യാത്രയായി.
ഏറെ വേദന നല്‍കിക്കൊണ്ടാണ് സംവിധായകന്‍ രാജേഷ് പിള്ളയും വിട വാങ്ങിയത്. തന്‍െറ ഏറ്റവും പുതിയ സിനിമയായ ‘വേട്ട’ റിലിസായതിന്‍െറ പിറ്റേദിവസമാണ് അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സിനിമാ ലോകത്തിന് ഏറെ നഷ്ടങ്ങള്‍ നല്‍കിയ ഫെബ്രുവരി വിടവാങ്ങുന്ന ദിവസം മറ്റൊരു വിയോഗ വാര്‍ത്തയുമുണ്ടായി, സംവിധായകന്‍ മോഹന്‍ രൂപിന്‍െറ വിയോഗം. 1984ല്‍ ‘വേട്ട’ എന്ന സിനിമ ഇദ്ദേഹവും സംവിധാനം ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു യാദൃച്ഛികത.
ഫെബ്രുവരിയോടെ സിനിമാ ലോകത്തെ മരണത്തിന്‍െറ ഘോഷയാത്ര അവസാനിച്ചുവെന്ന് ആശ്വസിച്ചവരെ ഞെട്ടിച്ച് മാര്‍ച്ച് ആദ്യവാരം സിനിമാ പ്രവര്‍ത്തകന്‍ പി.കെ. നായരും ജീവിതത്തില്‍നിന്ന് യാത്ര പറഞ്ഞു. ഇതിന് പിന്നാലെയാണ് കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തിയത്. ഏറെ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ സിനിമാ ലോകത്ത് തുടരെയുള്ള വിയോഗ വാര്‍ത്തകള്‍ ആശങ്കക്കും ഇടവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.