വയനാട് ചുരത്തിലെ മൂന്നു യാത്രകള്‍
text_fieldsഒരുവശത്ത് വയനാടിന്‍െറ പ്രകൃതി സൗന്ദര്യത്തെ കച്ചവടവത്കരിക്കാനത്തെുന്ന ടൂറിസം സംരംഭകര്‍, മറുവശത്ത് പുഴുക്കളെപ്പോലെ ജീവിക്കുന്ന മണ്ണിന്‍െറ മക്കളായ ആദിവാസികള്‍... ഇവര്‍ക്കുവേണ്ടി ടാക്സിയോടിച്ച ഒരു ഡ്രൈവറുടെ മാനസിക വ്യാപാരങ്ങളിലൂടെ സമകാലിക കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ ഒരു വിഷയത്തിലേക്കാണ് കേരളീയം മാസിക തയാറാക്കിയ ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമ വിരല്‍ചൂണ്ടുന്നത്. ഒരുദിവസം വയനാട് ചുരത്തിലൂടെയുള്ള ഒരു കാറിന്‍െറ മൂന്ന് യാത്രകളാണ് റോഡ് മൂവി ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ പ്രമേയം.
ഒരു ദു$ഖവെള്ളി ദിവസമാണ് കഥ നടക്കുന്നത്. കുരിശിന്‍െറ വഴി തീര്‍ഥാടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജെയിംസ് എന്ന ടാക്സി ഡ്രൈവര്‍ക്ക് പെട്ടെന്ന് ഒരോട്ടം ലഭിക്കുന്നു. സുഹൃത്തായ സ്ഥലം ബ്രോക്കറുടെ കൂടെ ഒരു ടൂറിസം സംരംഭകനുമായി വയനാട്ടിലേക്ക് പോകുക എന്നതാണത്. പെട്ടെന്ന് പള്ളിയിലേക്ക് തിരിച്ചുവരാമെന്ന് കുടുംബത്തിന് വാക്കുകൊടുത്താണ് അയാള്‍ വണ്ടിയുമായി പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ തെക്കുനിന്ന് കുടിയേറിയത്തെിയ ബ്രോക്കറുടെ വിവരണത്തോടെ വയനാടിന്‍െറ പ്രകൃതിഭംഗി മുഴുവന്‍ സംരംഭകന്‍ ഒപ്പിയെടുത്ത് അപ്പപ്പോള്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. ഇടക്കിടെ അതിനായി നിര്‍ത്തുന്നതിനാല്‍ അക്ഷമനാണ് ജെയിംസ്. എങ്കിലും, ഈ സംരംഭം വിജയിച്ചാല്‍ തനിക്കും നേട്ടമുണ്ടാകുമെന്നതിനാല്‍ ക്ഷമയോടെയാണ് അയാള്‍ കാറോടിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ലക്ഷ്യത്തിലവരെ എത്തിച്ചശേഷം പള്ളിയിലേക്കു തിരിക്കുന്ന ജെയിംസിനെ കാത്തിരുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു ദൗത്യമായിരുന്നു. പ്രാഥമിക ചികിത്സപോലും ലഭിക്കാതെ അത്യാസന്ന നിലയിലായ ആദിവാസി വൃദ്ധനുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുക എന്നതായിരുന്നു അത്. പള്ളിയില്‍ കാത്തിരിക്കുന്ന കുടുംബത്തെ ഓര്‍ത്ത് ആദ്യമതിന് തയാറായില്ളെങ്കിലും ജെയിംസിലെ മനുഷ്യത്വം അവസാനം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ചുരം കയറുമ്പോള്‍ ടൂറിസം നിക്ഷേപത്തിലൂടെ വയനാടിന്‍െറ പ്രകൃതിയെ എങ്ങനെ ചൂഷണം ചെയ്യാമെന്നതിന്‍െറ വിശദീകരണങ്ങള്‍ക്കും പ്രതീക്ഷയോടെയുള്ള മുഖഭാവങ്ങള്‍ക്കുമാണ് ജെയിംസ് സാക്ഷ്യം വഹിച്ചതെങ്കില്‍ തിരിച്ചിറങ്ങുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു അയാള്‍ക്കുമുന്നില്‍ തുറന്നത്.
ഇത്രയടുത്ത് ജീവിച്ചിട്ടും വയനാടന്‍ മണ്ണിന്‍െറ യഥാര്‍ഥ അവകാശികളായ ആദിവാസിജനതയുടെ ദുരന്തജീവിതം തനിക്ക് അജ്ഞാതമായിരുന്നു എന്നയാള്‍ തിരിച്ചറിയുന്നുണ്ട്. ഒപ്പം തോട്ടംമേഖലയിലെ പ്രശ്നങ്ങളും. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഏകവിളത്തോട്ടങ്ങളും ഉപജീവനം തേടി മലകയറിയത്തെിയ കുടിയേറ്റ ജനതയും പ്രകൃതിരമണീയതക്ക് വിലയിടാനത്തെുന്ന ടൂറിസം സംരംഭകരും ഒരുപോലെ അദൃശ്യരാക്കിയ ഒരു സമൂഹത്തെ അയാള്‍ അപ്പോഴാണ് മനസ്സിലാക്കുന്നത്. ഈ കഥകളൊന്നും സംരംഭകര്‍ അറിയുന്നില്ല. അറിഞ്ഞാലും ഒരു ഗുണവുമില്ല. അവിചാരിതമായാണ് ആ യാഥാര്‍ഥ്യങ്ങള്‍ അയാള്‍ക്കുമുന്നിലത്തെിയത്. കാറിന്‍െറ പിന്‍സീറ്റില്‍ നിന്നുയരുന്ന അവസാന ശ്വാസങ്ങള്‍ അയാളെ അസ്വസ്ഥനാക്കുന്നു.
വഴിനീളെയുള്ള കുരിശിന്‍െറ വഴികളിലെ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്‍െറ രൂപവും അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ആദിവാസി വൃദ്ധന്‍െറ മരണവും മൃതദേഹം സംസ്കരിക്കാന്‍ കഴിയാത്ത അവസ്ഥയും അയാളെ തളര്‍ത്തുന്നു. തന്നെ കാത്തിരിക്കുന്നവരെ മറന്ന് മൃതദേഹവുമായി ഒരിക്കല്‍ക്കൂടി ചുരം കയറാന്‍ അയാള്‍ തയാറാകുന്നു. ഒരു കയറ്റവും ഒരിറക്കവും ചിത്രീകരിക്കുന്നതിലൂടെ സമകാലിക കേരളത്തിന്‍െറ, പ്രത്യേകിച്ച് വയനാടിന്‍െറ വര്‍ത്തമാനചിത്രമാണ് സിനിമ വരച്ചുകാട്ടുന്നത്. അതിനായി കാര്യമായ വാചക കസര്‍ത്തുകളോ അമിതാഭിനയമോ രാഷ്ട്രീയ പ്രസംഗങ്ങളോ സിനിമയില്‍ കാണുന്നില്ല. വളരെ ലളിതമായ ശൈലിയാണ് സംവിധായകന്‍േറത്. വീണ്ടും മൃതശരീരവുമായി ചുരം കയറുന്ന അയാള്‍ തീര്‍ച്ചയായും തിരിച്ചിറങ്ങും. അപ്പോള്‍ അയാള്‍ ഒറ്റക്കായിരിക്കും. എന്തായിരിക്കുമപ്പോള്‍ അയാളുടെ ചിന്തകള്‍ എന്നത് സംവിധായകന്‍ പ്രേക്ഷകര്‍ക്കു വിടുകയാണ്.
കേരളീയം കലക്ടിവിന്‍െറ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മിച്ച ‘പതിനൊന്നാം സ്ഥലം’ രഞ്ജിത്ത് ചിറ്റാടെയാണ് സംവിധാനം ചെയ്തത്. കഥ: എസ്. ശരത്, തിരക്കഥ/സംഭാഷണം: കെ. സജിമോന്‍, ഛായാഗ്രഹണം: നിജയ് ജയന്‍. ജിതിന്‍രാജ്, പി.ടി. മനോജ്, മംഗ്ളു ശ്രീധര്‍, ചന്ദ്രന്‍, കെ.എന്‍. പ്രശാന്ത്, പ്രേംകുമാര്‍, സനല്‍ മാനന്തവാടി തുടങ്ങിയവരാണ് അഭിനേതാക്കള്‍. തീര്‍ത്തും പുതുമുഖങ്ങളായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും അണിനിരന്ന ഈ സിനിമ വലിയ സാങ്കേതിക സംവിധാനങ്ങളൊന്നുമില്ലാത്ത രീതിയില്‍ വളരെ കുറഞ്ഞ ചെലവിലാണ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.