Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപാകിസ്​താൻ...

പാകിസ്​താൻ ലജ്ജയില്ലാതെ ഇന്ത്യയെ അക്രമിച്ചെന്ന്​ മോഹൻലാൽ

text_fields
bookmark_border
പാകിസ്​താൻ ലജ്ജയില്ലാതെ ഇന്ത്യയെ അക്രമിച്ചെന്ന്​ മോഹൻലാൽ
cancel

തിരുവനന്തപുരം: കശ്​മീരിലെ ഉറി ഭീകരാക്രമണത്തിൽ​ പാകിസ്​താനെ വിമർശിച്ച്​ നടൻ മോഹൻലാലി​െൻറ ബ്ലോഗ്​. അമർ ജവാൻ അമർ ഭാരത്​ എന്ന്​ തുടങ്ങുന്ന ​വരികളിൽ പാകിസ്​താൻ ലജ്ജയില്ലാതെ ഇന്ത്യയെ ​അക്രമിച്ചിരിക്കുന്നു എന്നും ഭീകരരെ പരിശീലിപ്പിച്ച്​, അതിർത്തി കടത്തിവിട്ട്​, കശ്​്​മീരിലെ ഉറി സൈനിക ക്യാമ്പിൽ ഉറങ്ങിക്കിടന്നിരുന്ന 18 ധീര ജവാൻമാരെയാണ്​ അവർ കൊന്നൊടുക്കിയത് എന്നും പറയുന്നു.  ഉറങ്ങിക്കിടക്കുന്നവരെ അക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത്​ ഭീരുത്വത്തി​െൻറ അ​േങ്ങ അറ്റമാണ്​ എന്ന്​ വ്യാസ മഹാഭാരതം തെളിയിച്ചിട്ടുമുണ്ട്​. ഇന്ത്യ ഉണർന്നാൽ ലോകം തലകുനിക്കും എന്നത്​ ഒരു ചരിത്ര സത്യമാണ്​. മതവും രാഷ്​ട്രീയവും ​​പ്രത്യയ ശാസ്​ത്രവുമെല്ലാം പോർമുഖങ്ങളിൽ ഉപയോഗ ശൂന്യമാണെന്ന്​ പറയുന്ന ലാൽ അമർ ജവാൻ അമർ ഭാരത്​ ജയ്​ഹിന്ദ്​ എന്ന്​ പറഞ്ഞ്​ കൊണ്ടാണ്​ എ​ഴുത്ത്​ അവസാനിപ്പിക്കുന്നത്​.

ബ്ലോഗി​െൻറ പൂർണ രൂപം

അമർ ജവാൻ... അമർ ഭാരത്

പാക്കിസ്ഥാൻ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു. ഭീകരരെ പരിശീലിപ്പിച്ച്, അതിർത്തി കടത്തിവിട്ട്, കശ്മീരിലെ ഉറി സൈനിക ക്യാംപിൽ ഉറങ്ങിക്കിടന്നിരുന്ന 18 ധീരജവാൻമാരെയാണ് അവർ കൊന്നൊടുക്കിയത്. പലരും ഗുരുതരമായി പരിക്കുപറ്റി ജീവനുമായി മല്ലിടുന്നു. "ലജ്ജ" എന്ന വാക്ക് മനഃപൂർവമാണ് ഞാൻ ഉപയോഗിച്ചത്. ഏതു ഭീകരപ്രവർത്തനവും ലജ്ജാകരമാണ്, നാണംകെട്ടതാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയെന്നത് ഭീരുത്വത്തിന്റെ അങ്ങേ അറ്റമാണ് എന്ന് വ്യാസമഹാഭാരതം തെളിയിച്ചിട്ടുമുണ്ട്. ഉറിയിൽ നടന്നത് അതാണ്. ഇന്ത്യയെ ഉറങ്ങുമ്പോൾ ആക്രമിക്കാൻ മാത്രമേ ഈ ഭീകരർക്ക് സാധിക്കൂ എന്നതു കൊണ്ടായിരിക്കാം ഇത്. ഇന്ത്യ ഉണർന്നാൽ ലോകം തലകുനിക്കും എന്നത് ഒരു ചരിത്രസത്യമാണ്. അത് ആത്മീയമായിട്ടാണെങ്കിലും ഭൗതികമായിട്ടാണെങ്കിലും സൈനികമായിട്ടാണെങ്കിലും.

ഉറിയിൽ വീരമൃത്യു വരിച്ച 18 ജവാൻമാരുടെ ഫോട്ടോകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാൻ. എല്ലാവരും എനിക്കപരിചിതർ. ഏതൊക്കെയോ ദേശങ്ങളിലുള്ളവർ. എന്നാൽ അവർ എനിക്ക് അപരിചിതരല്ല. ആ ചിത്രങ്ങൾക്കപ്പുറം അവരുടെ ചെറിയ വീടുകൾ ഞാൻ കാണുന്നു. ആ വീട്ടിൽ അവർ കണ്ട സ്വപ്നങ്ങൾ ഞാൻ മനസിലാക്കുന്നു. ഇപ്പോൾ ആ വീട്ടിലെ വിലാപങ്ങൾ ഞാൻ കേൾക്കുന്നു. കരഞ്ഞു കരഞ്ഞു തളർന്ന മാതാപിതാക്കളെയും ഭാര്യമാരെയും പാവം കുഞ്ഞുങ്ങളെയും കാണുന്നു. എന്റെ ജീവിതത്തിൽനിന്ന് ഒരാൾ അടർന്നു പോയതുപോലെ എന്നെയും ഈ വേർപാട് വേദനിപ്പിക്കുന്നു. ഈ പതിനെട്ടു വീടുകളുടെ തുടർജീവിതം വിഷാദം നിറഞ്ഞ നിഴലുകളായി എന്റെ കണ്ണുകളിലുണ്ട്. ഇന്ത്യയുടെ ഈ വീരപുത്രൻമാർക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ കണ്ണീർ പ്രണാമം. എന്നും എന്റെയുള്ളിൽ വേദനയായി, ഇന്ത്യ എന്ന വികാരവുമായി നിങ്ങളുണ്ടാകും.

കശ്മീരിലെ തന്ത്രപ്രധാനമായ പല സൈനിക മേഖലകളിലും പോകാൻ അവസരം ലഭിച്ചയാളാണ് ഞാൻ. ഷൂട്ടിങ്ങിലുപരി ടെറിട്ടോറിയൽ ആർമിയിലെ ഒരു അംഗം എന്ന നിലയിൽ മാത്രം. ദുർഘടവും പ്രതികൂലവുമായ സാഹചര്യങ്ങളിലാണ് അവ നിലനിൽക്കുന്നത് എന്ന കാര്യം ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. ഇത്തരം സാഹചര്യങ്ങളിലും നമ്മുടെ ജവാന്മാർ സമർപ്പണത്തോടെ, സഹനത്തോടെ, ധീരമായി ഇമചിമ്മാതെ കാവൽ നിൽക്കുന്നു. നമുക്കുവേണ്ടി.. നമ്മുടെ ജീവിതത്തിനും സുഖങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി... അതവരുടെ ജോലിയല്ലേ?.. അതിനവർക്ക് ശമ്പളം നൽകുന്നില്ലേ?... എന്നു ചോദിക്കുന്ന ചാരുകസേര ബുദ്ധിജീവികൾ ഉണ്ടെന്നെനിക്കറിയാം. അവരെ ഞാൻ സ്നേഹത്തോടെ, ആദരവോടെ ക്ഷണിക്കുന്നു. മഞ്ഞു പെയ്യുന്ന, മരണം മുന്നിൽവന്നു നിൽക്കുന്ന ഈ പ്രദേശങ്ങളിൽ ഒരു ദിവസമെങ്കിലും, അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ഒന്നു വന്നു നിൽക്കാൻ. രാജ്യത്തിനു വേണ്ടി ഏതുനിമിഷവും മരിച്ചുവീഴാൻ തയാറായി നിൽക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ നിയന്ത്രണരേഖയിൽ വന്ന് ഒരു പട്ടാളക്കാരനായി നിന്നാൽ മാത്രമേ മനസിലാകൂ. അത് മനസിലാക്കുക.. എന്നിട്ടുമാത്രം ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുക എന്നതാണ് വിവേകവും വിനയവും. മാതൃരാജ്യം, രാജ്യസ്നേഹം എന്നീ ഉന്നത നന്മകൾക്ക് ഇതു രണ്ടും ആവശ്യമാണ്.

ഞാനൊരു യുദ്ധക്കൊതിയനല്ല. യുദ്ധം സിനിമയിലല്ലാതെ കാണാൻ ആഗ്രഹവുമില്ല. യുദ്ധത്തിന്റെ എല്ലാവിധത്തിലുമുള്ള നാശനഷ്ടങ്ങളെക്കുറിച്ചും നല്ല ബോധവാനുമാണ്. എന്നാൽ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അലസമായിരിക്കാൻ പാകത്തിൽ യുദ്ധവിരുദ്ധനുമല്ല ഞാൻ. പ്രതിരോധിക്കേണ്ട സ്ഥലത്ത് പ്രതിരോധിക്കുകയും തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കുകയും ചെയ്യുക എന്നത് സൈന്യസന്നദ്ധമായ ഒരു രാജ്യത്തിന്റെ അജണ്ടയിലുള്ള കാര്യം തന്നെയാണ്. അതിന് ആദ്യം വേണ്ടത് ഒറ്റക്കെട്ടായി ഒരേ വീര്യത്തോടെ രാജ്യത്തിനു പിറകിൽ അതിന്റെ പ്രജകൾ അണിനിരക്കുക എന്നതാണ്.

എതിരെ ശത്രു വന്ന് നിൽക്കുമ്പോഴും തുച്ഛമായ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി ചേരിതിരിഞ്ഞ് വാചക കസർത്തുകൾ നടത്തുന്നത് ഭീകരപ്രവർത്തനത്തോളംതന്നെ നാണംകെട്ട കാര്യമാണ്. എപ്പോഴൊക്കെ കശ്മീരിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും ഭീകരാക്രമണമുണ്ടായോ, അപ്പോഴെല്ലാം കേൾക്കാൻ പാടില്ലാത്ത തരത്തിലുള്ള അപസ്വരങ്ങൾ നമ്മുടെ പൊതുമേഖലകളിൽനിന്ന് ഉണ്ടാകാറുണ്ട്. വീട് കത്തുമ്പോൾ അത് അണയ്ക്കാൻ ശ്രമിക്കാതെ വീടിനുള്ളിൽ ബീഡി വലിച്ചത് ആരാണ് എന്നന്വേഷിച്ച് തമ്മിൽ തല്ലുന്നത് പോലെ പരിഹാസ്യമാണ് ഇത്. ബീഡി വലിച്ചത് നമുക്കന്വേഷിക്കാം. ആദ്യം തീയണച്ച് വീടിനെ സുരക്ഷിതമാക്കുക. എല്ലാ വ്യത്യാസങ്ങൾക്കുമുപരി ഇന്ത്യയെെന്ന വലിയ വികാരത്തിനു പിറകിൽ ഒന്നായി അണിനിരക്കാൻ നാം ഇനിയും പഠിക്കേണ്ടതുണ്ട്.

രാഷ്ട്രസുരക്ഷ പോലും സുരക്ഷിത ജീവിതം നയിക്കുന്ന വ്യക്തികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിഘടനവാദികളുടെയും സ്വകാര്യ സിദ്ധാന്തങ്ങൾക്കും താൽപര്യങ്ങൾക്കുമനുസരിച്ച് ചിത്രീകരിക്കപ്പെടുമ്പോൾ അപമാനിക്കപ്പെടുന്നത് സ്വന്തം ജീവനെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തേയും മാറ്റിനിർത്തി അതിർത്തിയിൽ മരണത്തിനു മുന്നിൽ മാറുവിരിച്ചു നിൽക്കുന്ന പാവം പട്ടാളക്കാരനെയാണ്. ചോദ്യം ചെയ്യപ്പെടുന്നത് അവന്റെ സത്യസന്ധതയാണ്. കാണാതെ പോകുന്നത് അവന്റെ കണ്ണീരും കടച്ചിലുകളുമാണ്.

വീരമൃത്യു  വരിച്ച ഈ ജവാൻമാരുടെ ചിതാഗ്നിയിൽ നിന്നായിരിക്കണം ഇന്ത്യ ഒറ്റക്കെട്ടായി ഉണരേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവരോട് നമുക്ക് ചെയ്യാവുന്ന അവസാന നീതിയും നന്ദിയും, ഭേദഭാവങ്ങളില്ലാതെ ധീരമായി ഈ രാജ്യത്തിന്റെ കൊടിക്ക് കീഴിൽ അണിനിരക്കുക എന്നതാണ്. മതവും, രാഷ്ട്രീയവും, പ്രത്യയ ശാസ്ത്രങ്ങളുമെല്ലാം പോർമുഖങ്ങളിൽ ഉപയോഗശൂന്യമാണ്. സ്വന്തം പാളയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുമായി ഒരു രാജ്യത്തിനും പോർമുഖത്ത് നിൽക്കാൻ സാധിക്കില്ല. ശത്രു, ശത്രു തന്നെയാണ് എന്ന് ആദ്യം തിരിച്ചറിയുക.

തീർച്ചയാക്കുക, മുന്നോട്ട് നടക്കുക, ഓരോരുത്തരും ഓരോ പടയാളിയാവുക. അമ്മയുടെ മക്കളാവുക. രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നത് അതാണ്. ഒരേ സ്വരത്തിൽ, ശക്തിയിൽ, ധീരതയിൽ ഉയരുന്ന ശബ്ദമായി നമുക്ക് ഒന്നായി പറയാം:

അമർ ജവാൻ, അമർ ഭാരത്.

സ്നേഹപൂർവം മോഹൻലാൽ
ഒപ്പ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlal
Next Story