ഹബീബ് മുഹമ്മദെന്ന അബി
text_fieldsമൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലാണ് അറിയപ്പെട്ടത്. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു.
ഹബീബ് മുഹമ്മദെന്ന തന്നെ ഉത്സവക്കമ്മിറ്റിക്കാരാണ് അബിയാക്കി മാറ്റിയതെന്ന് ഒരു അഭിമുഖത്തിൽ അബി തന്നെ പറഞ്ഞിരുന്നു. പേര് അറിയാത്തതു മൂലം 'അബി' എന്ന് ഉത്സവക്കമ്മിറ്റിക്കാർ അനൗൺസ് ചെയ്ത പേര് പിന്നീട് ഹബീബ് സ്വന്തമാക്കി.
ഒരുപാട് സിനിമകളിലും അബി വേഷമിട്ടിട്ടുണ്ട്. നയം വ്യക്തമാക്കുന്നു ആയിരുന്നു ആദ്യ സിനിമ. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിന് ശേഷം അബി പിന്നേയും മിമിക്രി രംഗത്ത് സജീവമാവുകയായിരുന്നു.
നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരുമായി അടുത്ത ബന്ധമാണ് അബിക്കുണ്ടായിരുന്നത്. കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്. ആമിന താത്ത എന്ന മിമിക്രി ഇമേജ് ആണ് അബിയെ പ്രശസ്തനാക്കിയത്. നിരവധി മിമിക്രി കാസറ്റുകളില്‍ അബിയുടെ ശബ്ദം ആമിന താത്തയായി നാം കേട്ടിട്ടുണ്ട്. 300ഓളം മിമിക്രി ഓഡിയോ കസെറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു.
അടുത്തിടെ ദിലീപ് ഉൾപ്പെട്ട വിവാദത്തിലും അബിയുടെ സാന്നിധ്യമുണ്ടായിരുന്നു. മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകർ അന്ന് ദിലീപിന്‍റെ സഹപ്രവർത്തകനായിരുന്ന അബിയുടെ പ്രതികരണം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.