‘സച്ചി... വിരഹ ദുഃഖം ഇത്രയളവിൽ എന്നെ തകർത്തത് 23 വർഷം മുമ്പ്’ -കണ്ണീർക്കുറിപ്പുമായി പൃഥ്വിരാജ്
text_fieldsകൊച്ചി: സിനിമയിലും ജീവിതത്തിലും ആത്മസുഹൃത്തായിരുന്ന സച്ചിയുടെ വിയോഗത്തിൽ മനംനൊന്ത് നടൻ പൃഥ്വിരാജിെൻറ കണ്ണീർക്കുറിപ്പ്. 23 കൊല്ലം മുെമ്പാരു ജൂണിലാണ് (1997 ജൂൺ 16നാണ് പൃഥ്വിയുടെ പിതാവും നടനുമായ സുകുമാരൻ മരിച്ചത്) ഇതിന് മുമ്പ് വിരഹ ദുഃഖം തന്നെ ഇത്രയളവിൽ തകർത്തതെന്ന് ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിൽ പൃഥ്വിരാജ് എഴുതുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ആദ്യം സംവിധാനം ചെയ്ത ‘അനാർക്കലി’യിലും അവസാനം സംവിധാനം ചെയ്ത ‘അയ്യപ്പനും കോശി’യിലും പൃഥ്വിയായിരുന്നു നായകൻ. ‘ഡ്രൈവിങ് ലൈസൻസ്’ അടക്കം സച്ചി തിരക്കഥയെഴുതിയ നിരവധി ഹിറ്റ് സിനിമകളിലും പൃഥ്വി നായകനായിട്ടുണ്ട്. സച്ചി ഒപ്പമുണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും തെൻറ ശേഷിക്കുന്ന കരിയറും വളരെ വ്യത്യസ്തമായിരുന്നേനെയെന്നും പൃഥ്വി ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിെൻറ പൂർണ രൂപം.
സച്ചീ...
എനിക്ക് ഒരുപാട് സന്ദേശങ്ങൾ വരുന്നുണ്ട്. ഞാൻ അറ്റൻഡ് ചെയ്ത അപൂർവം കോളുകളും. ഞാൻ എങ്ങിനെ പിടിച്ചുനിൽക്കുന്നു എന്നാണ് അവർക്കറിയേണ്ടത്. ചിലവ എന്നെ ആശ്വസിപ്പിക്കാനും. എന്നെ അറിയുന്നവർക്കും നിങ്ങളെ അറിയുന്നവർക്കും നമ്മളെ നന്നായിട്ടറിയാമെന്ന് ഞാൻ കരുതുന്നു.
എന്നാൽ അവരിൽ ചിലർ പറഞ്ഞ ഒരു കാര്യം ഞാൻ തീർത്തും നിഷേധിക്കുകയാണ്- നിങ്ങൾ കരിയറിെൻറ അത്യുന്നതിയിൽ എത്തിയിട്ടാണ് കടന്നുപോയതെന്ന കാര്യം. നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും വ്യക്തമായി മനസ്സിലാക്കിയ ആളെന്ന നിലയിൽ എനിക്കറിയാം, ‘അയ്യപ്പനും കോശിയും’ നിങ്ങളുടെ ഉന്നത സൃഷ്ടിയല്ല. നിങ്ങളുടെ ജീവിതാഭിലാഷത്തിലേക്കുള്ള തുടക്കം മാത്രമായിരുന്നു അത്. നിങ്ങളുടെ മുഴുവൻ സിനിമയും ഈ ഘട്ടത്തിലെത്താനുള്ള യാത്രയായിരുന്നു. അവിടെ നിന്ന് നിങ്ങൾ ഉന്നതിയിലേക്ക് കുതിക്കുമായിരുന്നു, എനിക്കറിയാം.
പറയാത്ത ഒരുപാട് കഥകൾ. നിറവേറാത്ത നിരവധി സ്വപ്നങ്ങൾ. രാത്രിയേറെ വൈകിയ വേളകളിൽ വാട്സ്ആപ്പിൽ ശബ്ദ സന്ദേശങ്ങളായി അയച്ച അനേകം ആഖ്യാനങ്ങൾ. ഫോൺവിളികൾ. വരുംവർഷങ്ങളിലേക്ക് നമ്മൾ ആസൂത്രണം ചെയ്തിരുന്ന വലിയ പദ്ധതികൾ. നിങ്ങളും ഞാനും-എന്നിട്ട് നിങ്ങളിപ്പോൾ എന്നെ വിട്ട് പോയിരിക്കുന്നു.
സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ചും വരും വർഷങ്ങളിൽ സിനിമകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കണ്ടതിനെക്കുറിച്ചും മറ്റാരെങ്കിലുമായി പങ്കുവച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ, അതെല്ലാമുള്ള നിങ്ങൾ എന്നിൽ ഉണ്ട്. എനിക്കറിയാം, നിങ്ങൾ ഒപ്പമുണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും എെൻറ ശേഷിക്കുന്ന കരിയറും എത്രമാത്രം വ്യത്യസ്തമാകുമായിരുന്നുവെന്ന്.
സിനിമയെ മറന്നേക്കൂ, നിങ്ങൾ എനിക്കൊപ്പം ഉണ്ടാകാൻ ആ സ്വപ്നങ്ങളെല്ലാം ത്യജിക്കേണ്ടിയിരുന്നെങ്കിൽ ഞാൻ അതിനും തയാറായിരുന്നു-ആ ശബ്ദസന്ദേശം ഒരിക്കൽകൂടി ലഭിക്കാൻ, ആ േഫാൺകോൾ ഒരിക്കൽ കൂടി എന്നെത്തേടി വരാൻ.
നമ്മൾ ഒരുപോലെയാണെന്ന് നിങ്ങൾ എല്ലായ്പ്പോഴും പറയുമായിരുന്നു. അത് സമ്മതിക്കുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് തോന്നുന്നു, എന്നേക്കാൾ വ്യത്യസ്തമായിട്ടായിരിക്കും നിങ്ങൾക്ക് ഇതനുഭവപ്പെടുകയെന്ന്. കാരണം, 23 വർഷം മുെമ്പാരു ജൂണിലാണ് വിരഹദുഃഖം ഇതിന് മുമ്പ് എന്നെ ഇത്രയധികം തകർത്തത്.
നിങ്ങളെ അറിയാൻ കഴിഞ്ഞത് വലിയ അംഗീകാരമായി തോന്നുന്നു, സച്ചി. എെൻറ ഒരു ഭാഗമാണ് ഇന്ന് നിങ്ങൾക്കൊപ്പം പോയത്. ഇപ്പോൾ മുതൽ നിങ്ങളെ ഓർക്കുക എന്നത്, എെൻറ ആ ഭാഗത്തെ ഒാർക്കുന്നതുപോലെയാണ്. നിത്യതയിൽ വിശ്രമിക്കുക സഹോദരാ... വിശ്രമിക്കൂ പ്രതിഭേ...മറ്റൊരു വശത്ത് നമുക്ക് കണ്ടുമുട്ടാം. ആ സാൻഡൽവുഡ് കഥയുടെ ക്ലൈമാക്സ് നിങ്ങളെനിക്ക് പറഞ്ഞുതന്നതേയില്ലല്ലോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.