14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ദിലീപ് ആലുവ സബ്ജയിലിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റ് നീന റിയാസാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. രാവിലെ ഏഴു മണിയോടെയാണ് അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ദിലീപിനെ ഹാജരാക്കിയത്. ഐ.പി.സി 120 ബി വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണ് പൊലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ജയിലിലെത്തി വളരെ പെട്ടെന്നുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിനുള്ളിൽ പ്രവേശിപ്പിച്ചു. ദിലീപിന് ജയിലിൽ പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെതന്നാണ് പൊലീസ് നിലപാട്.
അതേസമയം ദിലീപ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കോടതി ഇക്കാര്യം നാളെ പരിഗണിക്കും എന്നറിയുന്നു. ദിലീപിന് വേണ്ടി ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാറാണ് ഹാജരായത്. നടനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടന്‍റെ ജാമ്യത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളിൽ പലതും കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞു. അങ്കമാലി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നടനെ ജയിലിലേക്ക് മാറ്റുന്നതിനായി പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മജിസ്ട്രേറ്റിന്റെ വസതിയിൽനിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യത്തോടെയാണ് ജനങ്ങള്‍ ദിലീപിനെതിരെ ജയിലിന് മുന്നിൽ പ്രതിഷേധിച്ചത്. കാക്കനാട് ജയിലിലേക്ക് തന്നെ അയക്കരുതെന്ന് ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകണമെന്നും താരം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജയിൽ പരിസരത്ത് വലിയ രീതിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് നല്‍കിയത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
നേരത്തെ ആലുവ പോലീസ് ക്ലബ്ബില്‍നിന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കവേ നിരവധി പേരാണ് ദിലീപിനെ കൊണ്ടു പോകുന്ന വഴികളിൽ കാത്തിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിലീപിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതിഷേധപ്രകടനം നടത്തി. അതേസമയം സംവിധായകൻ നാദിർഷാ പൊലീസ് കസ്റ്റഡിയിൽ ഇല്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.