താരങ്ങൾ ഒറ്റക്കെട്ട്; ആരെയും വേട്ടയാടാൻ സമ്മതിക്കില്ലെന്ന് 'അമ്മ' VIDEO
text_fieldsകൊച്ചി: ഏതെങ്കിലും അംഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്നും നടൻ ദിലീപിനെയും ആക്രമിക്കപ്പെട്ട നടിയെയും ഒപ്പം നിർത്തി സംരക്ഷിക്കുമെന്നും താര സംഘടനയായ ‘അമ്മ’. നടിയെ ആക്രമിച്ച സംഭവം വ്യാഴാഴ്ച കൊച്ചിയിൽ നടന്ന വാർഷിക ജനറൽ േബാഡി യോഗത്തിൽ ചർച്ചയായില്ലെന്ന് പ്രസിഡൻറ് ഇന്നസെൻറ് യോഗശേഷം വാർത്തസമ്മേളനത്തിൽ അറിയിച്ചു. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പ്രതിരോധിക്കാനുള്ള താരങ്ങളുടെ ശ്രമം ശബ്ദായമാന രംഗങ്ങൾ സൃഷ്ടിച്ചു.
നടിയെ ആക്രമിച്ച സംഭവം യോഗത്തിൽ ആരും ഉന്നയിച്ചില്ലെന്നും അതുകൊണ്ടുതന്നെ ചർച്ചയായില്ലെന്നുമാണ് ഇന്നസെൻറ് പറഞ്ഞത്. സംഭവം നടന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുമായും ഡി.ജി.പിയുമായും വിഷയം സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നും അത് കേസിനെ ബാധിക്കുമെന്നുമായിരുന്നു അവരുടെ നിർദേശം. അന്വേഷണം ശരിയായ ദിശയിലാണ്. ചില പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇൗ ഘട്ടത്തിൽ ജാഥയോ സത്യഗ്രഹമോ നടത്തേണ്ട ആവശ്യമില്ല. ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിൽ മുന്നിട്ടിറങ്ങും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. വിഷയത്തിൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ അംഗങ്ങൾക്ക് അവസരം നൽകിയിരുന്നു.
‘അമ്മ’യുടെ ഇടപെടലിൽ വീഴ്ചയുള്ളതായി അംഗങ്ങൾ കരുതുന്നില്ല. അതുകൊണ്ടാണ് ആരും വിഷയം ഉന്നയിക്കാതിരുന്നത്. ഉന്നയിച്ചിട്ടും ചർച്ച ചെയ്തില്ലെന്ന നടി റീമ കല്ലിങ്കലിെൻറ പരാമർശത്തെക്കുറിച്ച് അവരോട്തന്നെ ചോദിക്കണമെന്നായിരുന്നു ഇന്നസെൻറിെൻറ മറുപടി. നടൻ സലിംകുമാർ സമൂഹമാധ്യമത്തിലൂടെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്ക് ‘അമ്മ’ക്ക് ഉത്തരവാദിത്തമില്ല. സലിംകുമാർ മാപ്പ് പറഞ്ഞതോടെ ആ പ്രശ്നം തീർന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം കൂടുതൽ ചർച്ച ചെയ്ത് വഷളാക്കേണ്ടതില്ല. വനിതതാരങ്ങളുടെ കൂട്ടായ്മയായ വിമൺ കലക്ടീവ് ഇൻ സിനിമക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ആക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ അംഗങ്ങളാണെന്നും അവരെ ഒരിക്കലും തള്ളിപ്പറയില്ലെന്നും വൈസ് പ്രസിഡൻറ് ഗണേഷ്കുമാർ പറഞ്ഞു. തെരുവോരം മുരുകന് ‘അമ്മ’ നൽകുന്ന ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിെൻറ താക്കോൽദാനം ഇന്നസെൻറ് നിർവഹിച്ചു. 12 പേർക്ക് വീട് വെച്ച് നൽകുമെന്നും 100 വികലാംഗർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്യുമെന്നും സംഘടനയുടെ പ്രതിമാസ ധനസഹായമായ ‘കൈനീട്ടം’ എട്ട് പേർക്കുകൂടി നൽകുമെന്നും ഇന്നസെൻറ് അറിയിച്ചു. വാർത്തസമ്മേളനത്തിൽ ‘അമ്മ’ ഭാരവാഹികളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, കുക്കു പരമേശ്വരൻ, ദേവൻ, കലാഭവൻ ഷാജോൺ എന്നിവരും പെങ്കടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.