‘മാഡ’ത്തെക്കുറിച്ച അന്വേഷണം സജീവമാകുന്നു; കാവ്യയുടെ സ്ഥാപനത്തിൽ റെയ്ഡ്
text_fieldsകാക്കനാട്: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി എഴുതിയതായി പറയുന്ന കത്തിലെ കടയെക്കുറിച്ചും ‘മാഡ’ത്തെക്കുറിച്ചുമുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം സജീവമായി. വിവാദ കത്തിലെ സൂചനകളുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ നടി കാവ്യ മാധവെൻറ കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയ അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതായാണ് സൂചന.
പൾസർ സുനിയുടെ കത്തിലെ ‘ദിലീപേട്ടെൻറ കാക്കനാട്ടെ കട’ പരാമർശത്തെ തുടർന്നാണ് കാവ്യ മാധവെൻറ സ്ഥാപനമായ ‘ലക്ഷ്യ’യിൽ പരിശോധന നടത്തിയതെന്നാണ് വിവരം. ഇൗ സ്ഥാപനം മുഖ്യപ്രതി രണ്ടുതവണ സന്ദര്‍ശിച്ചതിന് തെളിവ് തേടിയാണ് ഗൂഢാലോചന അന്വേഷിക്കുന്ന സി.ഐയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പരിശോധന നടന്നത്. അന്വേഷണം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി പ്രമുഖ നടന് ബന്ധമുള്ള ഇടപ്പള്ളിയിലെ റസ്റ്റോറൻറിലും തമ്മനത്തെ ഒരു അപ്പാർട്ട്മെൻറിലും ശനിയാഴ്ച പൊലീസ് പരിശോധനക്കെത്തി.
പണമിടപാട് സംബന്ധിച്ച രേഖകളും കമ്പ്യൂട്ടറിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ജയിലില്‍നിന്ന് പള്‍സര്‍ സുനി എഴുതിയ കത്തിലും പൊലീസിന് നല്കിയ മൊഴിയിലും കാക്കനാട്ടെ സ്ഥാപനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. സുനിയുടെ കത്തില്‍ പരാമര്‍ശിക്കുന്ന ‘മാഡ’ത്തിന് ഗൂഢാലോചനയുമായി ബന്ധമുണ്ടോയെന്നതാണ് പൊലീസ് അന്വേഷിക്കുന്ന മറ്റൊരു നിര്‍ണായക കാര്യം. കുറ്റകൃത്യത്തിന് ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്ത് സുനി പരാമര്‍ശിക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിെൻറ തുടര്‍ന്നുള്ള ദിവസം കാക്കനാെട്ട കടയിലെത്തിയെന്നും അപ്പോള്‍ ദിലീപ് ആലുവയിലാണെന്ന് മറുപടി ലഭിച്ചതായും പ്രതി മൊഴി നല്‍കിയിരുന്നു. യുവനടി ആക്രമണത്തിനിരയായത് ഫെബ്രുവരി 17ന് രാത്രിയാണ്. പിന്നീട് ഒളിവില്‍ പോയ സുനി തൊട്ടടുത്ത ദിവസങ്ങളില്‍ കാക്കനാട്ടെ കടയിലെത്തിയിരുെന്നന്നാണ് കത്തിലുള്ളത്.
കുറ്റകൃത്യം നടന്ന് നാലുമാസത്തിനുശേഷം സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കുക ദുഷ്കരമായതിനാല് കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനക്ക് അയക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. പള്‍സര്‍ സുനിയുമായി പ്രമുഖര്‍ നടത്തിയതായി സംശയിക്കുന്ന ഗൂഢാലോചനക്ക് സി.സി.ടി.വി ദൃശ്യങ്ങള്‍ നിർണായക തെളിവുകളായേക്കും. നടി അക്രമത്തിനിരയായ ദിവസം അർധരാത്രി അക്രമിസംഘം സഞ്ചരിച്ച വഴികളും സുനിയുടെ കത്തിലെ പരാമര്‍ശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.