പരസ്യപ്രസ്താവന വേണ്ടെന്ന് ‘അമ്മ’; പരാതിയുള്ള താരങ്ങളെ ചർച്ചക്ക് വിളിച്ചു
text_fieldsകൊച്ചി: അംഗങ്ങളുടെ പരസ്യപ്രസ്താവന വിലക്കി അഭിനേതാക്കളുടെ സംഘടനയായ അമ്മ. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രസ്താവനകളും ചർച്ചകളും സ്വയം അപഹാസ്യരാകാനും സംഘടനക്കും മലയാള സിനിമക്കും നഷ്ടമുണ്ടാക്കാനും മാത്രമേ സഹായിക്കൂവെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു അംഗങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. സംഘടനയുടെ 24 വർഷം പഴക്കമുള്ള നിയമാവലി കാലാനുസൃതമായി പരിഷ്കരിക്കാൻ കമ്മിറ്റി ഉണ്ടാക്കിയതായും സർക്കുലറിൽ അറിയിച്ചു.
ജൂൺ 24ന് നടന്ന ജനറൽ ബോഡിയുടെ നടപടിക്രമങ്ങളും തുടർന്ന് അന്നുതന്നെ ചേർന്ന പുതിയ ഭരണസമിതിയുടെ തീരുമാനങ്ങളും വിശദീകരിക്കുന്നതാണ് സർക്കുലർ. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ രേവതി, പദ്മപ്രിയ, പാർവതി എന്നിവരെ ആഗസ്റ്റ് ഏഴിന് കൊച്ചിയിൽ നടക്കുന്ന എക്സിക്യൂട്ടിവ് യോഗത്തിലേക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം ജോയ് മാത്യു, ഷമ്മി തിലകൻ എന്നിവരുമായും ചർച്ച നടത്തും.
ഭരണസമിതിയിലെ ചില സ്ഥാനങ്ങൾ വനിതകൾക്ക് സംവരണം ചെയ്യണമെന്നതടക്കം നിർദേശങ്ങൾ പുതിയ നിയമാവലിയിൽ ഉൾപ്പെടുത്തും. നിയമാവലി പരിഷ്കരണം സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അംഗങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അച്ചടക്ക സമിതിയിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കും. സമിതിക്ക് കീഴിൽ വനിത സെല്ലിന് രൂപം നൽകും. ആക്രമിക്കപ്പെട്ട നടിക്ക് തുടർ സഹായങ്ങൾ ആവശ്യമുണ്ടോ എന്ന് ചോദിച്ചറിയാൻ വനിത അംഗങ്ങളെ ചുമതലപ്പെടുത്തി. സംഘടന നടിക്കൊപ്പമില്ലെന്ന് പ്രചരിപ്പിക്കാൻ ചില ബാഹ്യശക്തികൾ ശ്രമിക്കുന്നതായും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.
‘അമ്മ’യുടെ സാമൂഹിക പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമവക്താവിനെ നിയമിക്കും. ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ രാജിക്കത്ത് ഇ-മെയിൽ വഴി ലഭിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കുന്നതുവരെ സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയ സാഹചര്യത്തിൽ തുടർനടപടികൾക്ക് പ്രസക്തിയില്ല. അംഗങ്ങളുടെ പ്രശ്നങ്ങൾ രേഖാമൂലം ശ്രദ്ധയിൽപെടുത്തിയാൽ ഉടൻ പരിഹരിക്കുന്ന വിധത്തിലായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവർത്തനം. ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നും കോടതി വിധി വന്നിട്ട് ശിക്ഷിക്കാമെന്നും ഇപ്പോൾ തിരിച്ചെടുക്കണമെന്നും ജനറൽ ബോഡിയിൽ ആവശ്യം ഉയർന്നപ്പോൾ െഎകകണ്ഠ്യേന പാസാക്കുകയാണ് ഉണ്ടായതെന്നും സർക്കുലറിൽ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.