നടിമാരുമായി ചർച്ചക്ക് തയാറെന്ന് അമ്മ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തുവന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്യു.സി.സി) ഭാരവാഹികളെ ചർച്ചക്ക് വിളിച്ച് അമ്മ. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് സംഘടന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ അതൃപ്തിയുണ്ടെന്ന് കാണിച്ച് പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നേരത്തെ അമ്മ ഭാരവാഹികള്‍ക്ക് കത്തയച്ചിരുന്നു.
ജൂണ്‍ 24ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയലോചിക്കാതെയുമാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതെന്നാണ് ഡ.ബ്ല്യു.സി.സിയുടെ പരാതി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കത്തിന് മറുപടി അയച്ചെങ്കിലും തീയതിയോ സ്ഥലമോ അറിയിച്ചിരുന്നില്ല. ഇതില്‍ വ്യക്തത വേണമെന്നും തങ്ങളുടെ കൂടി സൗകര്യം പരിഗണിച്ച് തീയതി നിശ്ചയിക്കണമെന്നും നടിമാര്‍ പിന്നീട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു.
പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലി രൂപപ്പെടുത്തുന്ന വിഷയം, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നിവയില്‍ ചര്‍ച്ച വേണമെന്നാണ് ഡ.ബ്ല്യു.സി.സി കത്തിലൂടെ ആവശ്യപ്പെട്ടത്. ഡ.ബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളിൽ ചർച്ചക്ക് തയാറാണെന്ന് നേരത്തെ അമ്മ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.