യൂനിഫോമിട്ട ആ മീൻ വിൽപനക്കാരി ഇനി സിനിമയിലെ താരം
text_fieldsകൊച്ചി: ജീവിതം പച്ചപിടിപ്പിക്കാൻ വൈകുന്നേരങ്ങളിൽ കോളജ് യൂനിഫോമിൽ തെരുവിൽ മീൻവിൽപനക്കിറങ്ങിയ ഹനാൻ എന്ന പെൺകുട്ടി ഇനി സിനിമയിലെ താരം. പ്രതിസന്ധികളെ ആത്മവിശ്വാസവും മനക്കരുത്തും കൊണ്ട് നേരിട്ട് അവതാരകയായും ഡബ്ബിങ് ആർട്ടിസ്റ്റായും കവയിത്രിയായും കളരി അഭ്യാസിയായും കഴിവ് തെളിയിച്ച ഇൗ ബഹുമുഖപ്രതിഭയുടെ ജീവിതം അനുഭവങ്ങളുടെ കനൽച്ചൂടിൽ ഉരുകിത്തെളിഞ്ഞതാണ്. അക്കഥ പുറം ലോകമറിഞ്ഞതോടെ പുതുതലമുറക്ക് പാഠമാകേണ്ട ആ നിശ്ചയദാർഢ്യത്തിന് കൈകൊടുത്ത് അഭിനന്ദിക്കാൻ ഇപ്പോൾ നിരവധി പേരെത്തുന്നു.
ഹനാെൻറ ജീവിതകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകൻ അരുൺ ഗോപിയാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തത്. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലാകും ഹനാൻ ശ്രദ്ധേയ വേഷത്തിലെത്തുക. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ കുടുംബഭാരം മൂന്നാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനിയായ ഹനാെൻറ ചുമലിലാകുകയായിരുന്നു.
ഉപരിപഠനത്തിന് സൗകര്യവും ഉപജീവനമാർഗവും തേടിയാണ് തൃശൂരിൽനിന്ന് കൊച്ചിയിലെത്തിയത്. ഭർത്താവ് പിരിഞ്ഞതോടെ മാനസികമായി തളർന്ന അമ്മയും അനിയനുമടങ്ങുന്ന കുടുംബത്തെ പോറ്റണം. കഴിയുന്നത്ര പഠിക്കണം. അങ്ങനെ കലയും കവിതയുമെല്ലാം മാറ്റിവെച്ച് അവൾ അധ്വാനിക്കാൻ ഇറങ്ങി. എറണാകുളം മാടവനയിലെ ചെറിയ വാടകവീട്ടിലാണ് താമസം. പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. ഇപ്പോൾ തൊടുപുഴ അല്അസ്ഹർ കോളജിലാണ് പഠനം. പുലർച്ച മൂന്നു മണിക്ക് ഉണരും. ഒരു മണിക്കൂർ പഠനത്തിനുശേഷം സൈക്കിളിൽ ചമ്പക്കര മീന്മാര്ക്കറ്റിലേക്ക് പോകും. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്കയറ്റി തിരികെ എത്തും.
പിന്നീട് രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് തൊടുപുഴയിലെ കോളജിലേക്ക്. വൈകീട്ട് തിരിച്ചെത്തി വീണ്ടും സൈക്കിളിൽ തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന സ്ഥലത്ത് എത്തും. ഇങ്ങനെയാണ് കുടുംബത്തിെൻറ ചെലവിനും പഠനാവശ്യങ്ങൾക്കുമായി പണം കണ്ടെത്തുന്നത്.
വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും –പ്രഫ. കെ.വി. തോമസ്
കൊച്ചി: പഠന ചെലവിനും ദൈനംദിന ആവശ്യങ്ങൾക്കുമായി കോളജ് യൂനിഫോമിൽ തമ്മനം ജങ്ഷനിലെ റോഡരികിൽ മീൻ വിൽക്കുന്ന ഹനാെൻറ തുടർ പഠന ചെലവ് ഏറ്റെടുക്കുമെന്ന് പ്രഫ.കെ.വി. തോമസ്.എം.പി അറിയിച്ചു. ഹനാൻ വിദ്യാർഥി സമൂഹത്തിനും യുവജനങ്ങൾക്കും ആവേശവും മാതൃകയുമാണ്. പാർലമെൻറ് സമ്മേളനം കഴിഞ്ഞ് എത്തിയാൽ ഉടനെ ഹനാനെ സന്ദർശിക്കും. പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിെൻറ വിദ്യാലക്ഷമി പദ്ധതിയിൽപ്പെടുത്തിയാകും ഹനാെൻറ തുടർ പഠനത്തിന് സഹായം നൽകുകയെന്നും എം.പി. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.