അവളുടെ രാവുകൾ എന്ന സ്ത്രീപക്ഷ സിനിമ
text_fieldsമലയാളിയുടെ സിനിമാ സദാചാരത്തെ പൊട്ടിച്ചെറിഞ്ഞ സിനിമയായിരുന്നു അവളുടെ രാവുകൾ. ലൈംഗിംക തൊഴിലാളിയുടെ കഥ പറഞ്ഞ അവളുടെ രാവുകൾ സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. സീമ നായികയായി അഭിനയിച്ച ആ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തിൽ നിര്‍ണായകമായ ഒരു ഏടാണ് രേഖപ്പെടുത്തിയത്.
മലയാളത്തിൽ ആദ്യമായി 'എ' സർട്ടിഫിക്കറ്റ് കിട്ടിയ ഈ ചിത്രത്തിന് ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഉള്ളത്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്‍ശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം എന്ന നിലയിൽ പിന്നീട് ഗൗരവമായ വായനക്ക് ഈ ചിത്രം വിധേയമായി. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും മികച്ച ചലച്ചിത്രമാണ് അതെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
അന്നുവരെ നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നർത്തകിയെ സംവിധായകൻ ഐ.വി ശശി സീമ എന്ന പേരിൽ തന്‍റെ നായിക രാജിയെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തു. പിന്നീട് സീമ ശശിയുടെ ജീവിതത്തിലെയും മലയാളത്തിന്‍റെയും പ്രിയപ്പെട്ട നായികയായും മാറി. ഈ സിനിമ കരുത്തുറ്റ അഭിനേത്രയെ കൂടി മലയാളത്തിന് സമ്മാനിച്ചു. സിനിമാഭിനയം പാപമാണെന്ന് ധരിച്ചിരുന്ന കാലത്താണ് കരുത്തുറ്റ കഥാപാത്രങ്ങളുമായി സീമ എന്ന നടി മലയാള സിനിമയില്‍ എത്തിയത്.
സീമയുടെ അഭിനയ ജീവിതത്തിൽ എന്നും കരുത്ത് പകർന്ന സാന്നിധ്യമായിരുന്നു ഐ.വി. ശശി. മലയാള സിനിമയിൽ ശക്തനായ സംവിധായകന്‍റെ വരവറിയിച്ച സിനിമയായിരുന്നു അവളുടെ രാവുകൾ. മുപ്പതോളം സിനിമകളിൽ ഒരുമിച്ച് ജോലി ചെയ്ത ഈ ദമ്പതികൾ ഇക്കാര്യത്തിൽ റെക്കോർഡും സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.