കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല -ബേസിൽ ജോസഫ്
text_fieldsകോഴിക്കോട്: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ ‘മിന്നൽ മുരളി’യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റൻ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ തകർത്തതിൽ പ്രതികരണവുമായി സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ്. കേരളത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബേസിൽ പറഞ്ഞു. ഏറെ വിഷമമുണ്ട്. ഒപ്പം ആശങ്കയും.
എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം, ട്രോള് ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്ത് അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടുമുൻപ് ലോക്ഡൗൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.
ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡയറക്ടറും സംഘവും പൊരിവെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്.
ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, എല്ലാവരും നിസ്സഹായരായി നിൽക്കുന്ന സമയത്ത്, ഒരുമിച്ചു നിൽക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും. -ബേസിൽ ജോസഫ് ഫേസ്ബുക്കിൽ എഴുതി.
അഖിലകേരള ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ സഹിതം അറിയിച്ചത്. കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുന്നിൽ സെറ്റിട്ടപ്പോൾ തന്നെ തങ്ങൾ എതിർത്തതാണെന്നും സ്വാഭിമാനം സംരക്ഷിക്കാനായാണ് സെറ്റ് തകർത്തതെന്നും ഹരി പാലോട് അവകാശപ്പെട്ടു. രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്‍റ് മലയാറ്റൂർ രതീഷിന്‍റെ നേതൃത്വത്തിലാണ് സെറ്റ് തകർത്തതെന്നും ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.