Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒന്ന് തുമ്മിയാൽ...

ഒന്ന് തുമ്മിയാൽ വ്രണപ്പെടുന്ന നിങ്ങളുടെ വികാരം പോലെയല്ല; ഇത്​ കലയാണ്​ - ബേസിൽ

text_fields
bookmark_border
basil-joseph
cancel

കൊച്ചി: കാലടി മണൽപുറത്ത് സിനിമ ചിത്രീകരണത്തിനായി കെട്ടിയ കൃസ്​ത്യൻ പള്ളിയുടെ സെറ്റ്  തകർത്ത സംഭവത്തിൽ മിന്നൽ മുരളി അണിയറപ്രവർത്തകർക്കൊപ്പം നിന്ന പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവർത്തകരോടും അധികാരികളോടും സർക്കാരിനോടും നന്ദിയറിയിച്ച്​ സംവിധായകൻ ബേസിൽ ജോസഫ്​. തൻെറ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ് ബേസിൽ​ പ്രതികരിച്ചത്​. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബജ്റംഗ്‍ദളിന്‍റെയും പ്രവര്‍ത്തകരായിരുന്നു 35 ലക്ഷത്തോളം മുടക്കി നിർമിച്ച സെറ്റ്​ അടിച്ചുതകർത്തത്​. 

അവർക്കുള്ള മറുപടിയും കൂടി ബേസിൽ ഫേസ്​ബുക്ക്​ പോസ്റ്റിൽ പങ്കുവെച്ചു. നിർമിച്ച ശേഷം ഒരു ദിവസം പോലും ഷൂട്ട് ചെയ്യാനാവാതെ ലോക്ക്ഡോൺ ഉണ്ടായ അന്ന് മുതൽ ആ സെറ്റ് ഞങ്ങൾക്ക് ഒരു വേദനയായിരുന്നു. തികഞ്ഞ നിസ്സഹായാവസ്ഥയിലിരിക്കുന്ന ഈ സാഹചര്യത്തിൽ, നാളെ ഞാനും നിങ്ങളും ഉയർത്തി പിടിക്കുന്ന മതം പോയിട്ട്, ഞാനോ നിങ്ങളോ ഇവിടെ ഉണ്ടാകുമോ എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തിൽ, നിങ്ങൾ നടത്തിയ കടന്നാക്രമണം തികഞ്ഞ ഭീരുത്വം ആണ്​. പക്ഷെ, ഞങ്ങൾ എല്ലാവരും തിരിച്ചു വരും. കാരണം ഞങ്ങൾ സ്നേഹിക്കുന്നത് കലയെ ആണ്. അതാണ് ഞങ്ങളുടെ വികാരം. ഒന്ന് തുമ്മിയാൽ വ്രണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അത്. -ബേസിൽ പറഞ്ഞു.

ബേസിൽ ജോസഫിൻെറ ഫേസ്​ബുക്ക്​ പോസ്റ്റ്​

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം നിന്ന എല്ലാ പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവർത്തകരോടും , അധികാരികളോടും , സർക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു. ഇനി ആക്രമണകാരികളോട് ഒരു വാക്ക്. നിർമിച്ച ശേഷം ഒരു ദിവസം പോലും ഷൂട്ട് ചെയ്യാനാവാതെ ലോക്ക്ഡോൺ ഉണ്ടായ അന്ന് മുതൽ ആ സെറ്റ് ഞങ്ങൾക്ക് ഒരു വേദനയായിരുന്നു. വലിയൊരു നഷ്ടബോധം ആയിരുന്നു. തികഞ്ഞ നിസ്സഹായാവസ്ഥയിലിരിക്കുന്ന ഈ സാഹചര്യത്തിൽ, നാളെ ഞാനും നിങ്ങളും ഉയർത്തി പിടിക്കുന്ന മതം പോയിട്ട്, ഞാനോ നിങ്ങളോ ഇവിടെ ഉണ്ടാകുമോ എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തിൽ, ഈ കടുത്ത അതിജീവനത്തിൻെറ നാളുകളിൽ, നിങ്ങൾ നടത്തിയ കടന്നാക്രമണം തികഞ്ഞ ഭീരുത്വം ആയിരുന്നുവെന്നു ഒരിക്കൽ കൂടി നിങ്ങളെ ഓര്മപെടുത്തിക്കൊള്ളട്ടെ.

പക്ഷെ തിരിച്ചു വരും. ഞങ്ങൾ എല്ലാവരും തിരിച്ചു വരും. കാരണം ഞങ്ങൾ സ്നേഹിക്കുന്നത് കലയെ ആണ്. അതാണ് ഞങ്ങളുടെ വികാരം. ഒന്ന് തുമ്മിയാൽ വൃണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അത്. ഒരാളുടെ ജാതിയോ മതമോ നോക്കിയല്ല ഞങ്ങൾ ജോലി ചെയ്യുന്നത്. കഴിവും ആത്മാർത്ഥതയും മാത്രമാണ് ഞങ്ങളുടെ മാനദണ്ഡം. ഒരൊറ്റ ലക്ഷ്യമേ ഉള്ളു. നല്ല സിനിമ. രാത്രിയും പകലും, വെയിലത്തും തണുപ്പത്തും,പൊടിയിലും ഒക്കെ മരിച്ചു കിടന്നു പണിയെടുക്കുന്നതും അതിനു വേണ്ടി തന്നെയാണ്. 
കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി ഞങ്ങളോടൊപ്പം നിന്നതും അത് കൊണ്ട് തന്നെയാണ്. 

ഈ മഹാമാരിയുടെ കാലത്തു ഏറ്റവും ആശങ്കയോടെ മുന്നോട്ട് പോവുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്. ആവശ്യ സെർവീസുകളിൽ ഏറ്റവും അവസാനത്തെ ഒന്നാണ് സിനിമ എന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. ഓരോ ദിവസവും അങ്ങേയറ്റം ആശങ്കയോടെ തന്നെയാണ് എല്ലാവരും മുന്നോട്ട് പോവുന്നത്. ഷൂട്ടിംഗ് പാതി വഴിയിൽ നിന്ന് പോയവർ, ഷൂട്ടിംഗ് പൂർത്തിയായവർ, പുതിയ സിനിമകൾ തുടങ്ങാനിരുന്നവർ, ഒരുപാട് സ്വപനങ്ങളുമായി ജോലിയും മറ്റും ഉപേക്ഷിച്ചും കടം വാങ്ങിയും പിടിച്ചു നിൽക്കുന്നവർ, ഡെയിലി വേജ് ജോലിക്കാർ, അവരുടെ കുടുംബങ്ങൾ, അങ്ങനെ ഒരുപാട് പേർ.. 'മിന്നൽ മുരളി' എന്ന സിനിമയിൽ ജോലി ചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്തുക്കൾ തന്നെ നൂറോളം പേര് വരും. അവരുടെ കുടുംബങ്ങളും ചേർത്ത് ഒരുപാട് പേര്.

പക്ഷെ ഇതെല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. തീയേറ്ററുകൾ വീണ്ടും തുറക്കും. ഇരുട്ട് മുറികളിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോൾ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്‌ക്രീനിൽ പതിയുന്ന ആ നിമിഷം വരും. ആർപ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും. അന്ന് ഞങ്ങളുടെ സിനിമയുമായി ഞങ്ങൾ തിരിച്ചു വരും. ഞങ്ങൾ എല്ലാവരും തിരിച്ചു വരും. നല്ല അന്തസ്സായിട്ട്. ഞങ്ങളുടെ കഴിവിലും ചെയ്യുന്ന ജോലിയിലും കഷ്ടപ്പാടിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasBasil JosephMinnal Murali
News Summary - basil joseph fb post-movie news
Next Story