ലാൽ വിസ്മയത്തിന് അറുപത്
text_fieldsനടനാതിശയത്തിന്, മലയാളികളുടെ പ്രിയപ്പെട്ട മോഹൻ ലാലിന്, ആരാധകരുടെ ലാലേട്ടന് അവിശ്വസനീയമായ അറുപത്. പകരംവെക്കാൻ ഇതുപോലെ മറ്റൊരു നടനില്ല മലയാളിക്ക്. തോൾചെരിഞ്ഞ നടത്തവും സൗമ്യവും കാന്തികാകർഷണവുമുള്ള ചിരിയുമായി മലയാളി മനസ്സിൽ ഇഷ്ടത്തിെൻറ കൂടുകൂട്ടിയ പേരുകൂടിയാണ് മോഹൻലാൽ. വെള്ളിത്തിരയിൽ ജീവൻ നൽകിയ എണ്ണമറ്റ കഥാപാത്രങ്ങൾക്കുമപ്പുറം പലർക്കും പലതുമായി മാറിയ നടനവൈഭവം.
1961 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച് തിരുവനന്തപുരത്തെ മുടവൻമുകളിൽ വളർന്ന ലാൽ 1978ൽ പതിനാറാമത്തെ വയസ്സിൽ, സുഹൃത്തുക്കൾ ചേർന്ന് നിർമിച്ച് റിലീസാവാതെപോയ ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുന്നിൽ എത്തിയത്. രണ്ടു വർഷം കഴിഞ്ഞ് ‘മഞ്ഞിൽവിരിഞ്ഞ പൂക്കളി’ലെ വില്ലൻ ഭാവത്തിൽ തിരശ്ശീലയിൽ തെളിഞ്ഞ ആ രൂപം നായകവേഷങ്ങളിലൂടെ സൂപ്പർ താരമായി മാറി. വില്ലനായും കാമുകനായും കള്ളനായും തമ്പുരാനായും അധോലോക നായകനുമൊക്കെയായി വേഷമിട്ട 341 സിനിമകൾ.
മകനായും സഹോദരനായും സുഹൃത്തായും കാമുകനായും പിതാവായുമെല്ലാം വേഷമിട്ട് ലാലെന്ന അഭിനേതാവ് കീഴ്പ്പെടുത്തിയത് മനുഷ്യഹൃദയങ്ങളെയാണ്. അഭിനയത്തിലെ അയത്ന ലാളിത്യവും താളബോധവും വഴക്കവും ഇന്ത്യയിലെ മുൻനിര താരങ്ങളുടെ തലത്തിലേക്ക് ലാലിനെ ഉയർത്തി. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടത്തിലും നടനമുദ്ര പതിപ്പിച്ച മലയാളിയായും ലാൽ മാറി. രാജ്യത്തെ ഏറ്റവും മികച്ച നടനെന്ന പുരസ്കാരം രണ്ടുവട്ടം അണിഞ്ഞു. ആറു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും. പത്മമശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ച കലാകാരനെ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻറ് കേണൽ പദവി നൽകിയും രാജ്യം ആദരിച്ചു.
പിറന്നാൾ ദിനത്തിൽ ചെന്നൈ എല്ലിസ് റോഡിലെ വസതിയിൽ ചടങ്ങുകൾ ലളിതമായിരുന്നു. ലോക്ഡൗണിനിടെ, അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടിലെത്തി ആശംസകൾ നേർന്നു. അമ്മ ശാന്തകുമാരി കൊച്ചിയിലും മകൾ വിസ്മയ വിദേശത്തുമാണ്.
ബിഗ്ബോസിെൻറ ഷൂട്ടിങ്ങിനായാണ് താരം ചെന്നൈയിലെത്തിയത്. അതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഷൂട്ടിങ് തിരക്കുകളില്ലാതെ ചെന്നൈയിൽ കഴിയുന്ന ലാലിെൻറ കൂടെ ഭാര്യ സുചിത്രയും മകൻ പ്രണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.