യുവനടിയെ അപമാനിക്കാൻ ശ്രമം; കേസ് ഒത്തുതീർപ്പിലേക്ക്
text_fieldsകൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർപ്പിലേക്ക്. നടനും സംവിധായകനുമായ ലാലിെൻറ മകൻ അടക്കമുള്ളവരെ എതിർകക്ഷികളാക്കി നടി നൽകിയ കേസാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നത്. ജീൻപോൾ ലാൽ, ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രതിഭാഗം കേസ് ഒത്തുതീർപ്പാക്കുകയാണെന്ന് കോടതിയെ അറിയിച്ചത്.
ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്നു കാണിച്ച് നടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മധ്യസ്ഥ ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചതായാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് അറിവില്ലെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തുടർന്ന് രേഖകൾ പ്രതിഭാഗം പ്രോസിക്യൂഷനും കൈമാറി. ഹരജി ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും. അതുവരെ ജീൻപോൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.
ജീൻപോൾ സംവിധാനം ചെയ്ത ‘ഹണീബീ -2’ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിെച്ചന്നും കാണിച്ചാണ് നടി പരാതി നൽകിയത്. വിസമ്മതം അറിയിച്ച ഭാഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ഷൂട്ട് ചെയ്തതായും ആരോപണമുണ്ടായിരുന്നു.
പൊലീസ് തുടർനടപടിക്ക് മുതിരവെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി എതിർകക്ഷികൾ കോടതിയെ സമീപിച്ചത്. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരും സിനിമമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരുമായ എതിർകക്ഷികൾക്ക് ജാമ്യം നൽകരുതെന്ന് നേരത്തേ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന കർശന നിലപാട് പൊലീസ് കോടതിയിൽ സ്വീകരിച്ചതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.