‘അമ്മ’യെ തള്ളി ‘മക്കളെ’ കൈവിടാതെ സി.പി.എം
text_fieldsതിരുവനന്തപുരം: നടൻ ദിലീപിനെയും ‘അമ്മ’യെയും തള്ളി, ഇടതുജനപ്രതിനിധികളായ നടന്മാരെ ഒപ്പം ചേര്‍ത്ത് സി.പി.എം. സ്ത്രീസുരക്ഷയുടെ പേരില്‍ ‘അമ്മ’യില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ നേതൃത്വം വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്തത് തെറ്റായെന്ന് സെക്രട്ടേറിയറ്റ് പറയുന്നു. അതേസമയം, ‘അമ്മ’യിലെ ഇടതുജനപ്രതിനിധികളെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കുന്നത് ദുരുദ്ദേശ്യപരമാണ്. നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, സംഘടനയോട് പ്രതികരിക്കേണ്ടെതന്നും സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാക്കുന്നതാണ് നടനെ തിരിച്ചെടുത്ത തീരുമാനം. ഏറ്റവും ഹീനമായ അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
വിവാദം ഉയർന്ന സാഹചര്യത്തില്‍ ‘അമ്മ’യെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും തൽപരകക്ഷികള്‍ നടത്തുന്ന പ്രചാരണം സ്ത്രീസുരക്ഷക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നും ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിക്കുന്നവരുടെ നിഗൂഢതാൽപര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ടതിെൻറയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെയും ചുവടുപിടിച്ച് സിനിമാമേഖലയില്‍ സാമുദായികധ്രുവീകരണം നടത്താന്‍ ആര്‍.എസ്.എസ്-ബി.ജെ.പി ശക്തികള്‍ ശ്രമം നടത്തുന്നുവെന്ന് സി.പി.എം സെക്രേട്ടറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. മോഹന്‍ലാലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം രാഷ്ട്രീയചായ്വോടെയാണെന്ന് നേതാക്കൾ പറഞ്ഞു.‘അമ്മ’ നേതൃത്വം എടുത്ത തീരുമാനം എല്‍.ഡി.എഫ് ജനപ്രതിനിധികളുടെ ചുമലില്‍ കെട്ടിവെക്കുന്നത് സി.പി.എമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കാനാണെന്നും യോഗം വിലയിരുത്തി.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന
കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ' സ്‌ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ് ചാര്‍ജ്ജ് ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ, നേരത്തെ `അമ്മ'യില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്‌ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.
ഈ യാഥാര്‍ത്ഥ്യം `അമ്മ' ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിയ്‌ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് കരുതുന്നു.
ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്.
ഏത് മേഖലയിലായാലും സ്‌ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച്, നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്‌ക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്‌പര്യപൂര്‍വ്വം അംഗീകരിക്കുന്ന `സിനിമ' എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും `അമ്മ' എന്ന സംഘടന പരിശ്രമിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.