Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമമ്മൂട്ടി ആരാധകയല്ല;...

മമ്മൂട്ടി ആരാധകയല്ല; വിമർശിച്ചത് മോഹൻലാലിനെയുമല്ല -നിഷ മേനോൻ

text_fields
bookmark_border
മമ്മൂട്ടി ആരാധകയല്ല; വിമർശിച്ചത് മോഹൻലാലിനെയുമല്ല -നിഷ മേനോൻ
cancel

താൻ മോഹൻലാൽ എന്ന നടനെയല്ല വിമർശിച്ചതെന്ന് പുലിമുരുകനെ വിമർശിച്ച് ഫേസ്ബുക്കിൽ നിരൂപണമെഴുതിയതിന് ഫാൻസുകാരുടെ സൈബർ ആക്രമണത്തിന് വിധേയയായ നിഷ മേനോൻ. മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചായിരുന്നില്ല പോസ്റ്റ്‌. ചിത്രത്തിന്‍റെ ചിത്രീകരണരീതിയെയാണ് ലക്‌ഷ്യം വെച്ചതെന്നും നിഷ ഫേസ്ബുക്കിൽ കുറിച്ചു. താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ് എന്ന തലക്കെട്ടിലാണ് കുറിപ്പ് എഴുതിയത്.

എന്നാൽ ചിത്രത്തിന് ഇത്രയും കോടി രൂപ ചിലവഴിച്ചു. കുറെപേര്‍ ചേര്‍ന്ന് അധ്വാനിച്ചു. ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ. ഒരു വിഭവത്തിന്‍റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാന്‍ തയാറായി വരുന്നയാള്‍ക്ക് പ്രധാനം. അല്ലാതെ അത് ഉണ്ടാക്കിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പലര്‍ക്കും ഇഷ്ടമായ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്‍റ‍ കുറ്റമല്ലല്ലോ...വ്യക്തിപരമായി എനിക്ക് ഈ താരവീരത്വം മുഴച്ചു കാണിക്കുന്ന ചിത്രങ്ങളോട് ഇങ്ങനെയേ പ്രതികരിക്കാനാവൂ...(അതുകൊണ്ടുതന്നെയാണ് ആറാം തമ്പുരാന്‍, നരസിംഹം, ദി കിംഗ്, വല്യേട്ടന്‍ മുതലായ ചിത്രങ്ങള്‍ വീണ്ടുമൊരിക്കല്‍ക്കൂടി കാണാന്‍ തോന്നാത്തതും)...എനിക്ക് മാത്രമല്ല "പുലിമുരുക"നെക്കുറിച്ച് ഈ അഭിപ്രായം തോന്നിയത് എന്നത് പ്രസ്തുത പോസ്റ്റിനെ കുറിച്ച് നല്ലത് പറഞ്ഞവരുടെ എണ്ണം തെളിയിക്കുന്നുണ്ടെന്നും നിഷ ഫേസ്ബുക്കിൽ കുറിച്ചു.

മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ചതുകൊണ്ട് താന്‍ മമ്മൂട്ടി ഫാന്‍ ആണെന്നും അവര്‍ കാശ് തന്നിട്ടാണ് ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടതെന്നും പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ. താരയുദ്ധത്തില്‍ (താരങ്ങള്‍ തമ്മിലെന്തു യുദ്ധം? ആരാധകര്‍ ഉണ്ടാക്കുന്ന യുദ്ധമല്ലേ?!) എനിക്ക് ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും നിഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നിഷ പുലിമുരുകനെ വിമർശിച്ച് ഫേസ്ബുക്കിലെഴുതിയത്. ഉടൻ തന്നെ റിവ്യൂ വൈറലാകുകയും അനുകൂലിച്ചും എതിർത്തും കമന്‍റുകൾ വരാനും തുടങ്ങി. വിമർശിക്കുന്ന കമന്‍റുകളായിരുന്നു കൂടുതലും. അതിൽ തന്നെ നിഷയെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്‍റുകൾ പോസ്റ്റ് ചെയ്ത് ഫാൻസുകാർ  പൊങ്കാലയിട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ്...

ഞാന്‍ ഏതാണ്ട് നാല്പത് കൊല്ലത്തോളമായി ചലച്ചിത്രപ്രേക്ഷക ആയിട്ട്...എന്റെ കുടുംബത്തോടൊപ്പം ഭാഷാഭേദമന്യേ ഏതാണ്ട് എല്ലാ ചിത്രങ്ങളും കണ്ടു ശീലിച്ചു വരുന്നു...വെറുതെ ചലച്ചിത്രങ്ങള്‍ കണ്ടു വിടുകയല്ല, മറിച്ച് നിരീക്ഷണബുദ്ധ്യാ അവ കണ്ടു ആസ്വദിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്...അങ്ങനെ ഒരു ശീലം വളര്‍ത്തിയെടുത്തതുകൊണ്ട് എനിക്ക് ഭാവിയില്‍ നല്ല പ്രയോജനം ഉണ്ടായി...ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമരംഗത്ത് പ്രവേശിച്ചപ്പോള്‍ ചലച്ചിത്രങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ എന്നിവയെകുറിച്ച് അക്കാലമത്രയും നേടിയെടുത്ത ഈ നിരീക്ഷണ - നിരൂപണ പരിജ്ഞാനം തന്നെയായിരുന്നു എന്റെ മുഖ്യ കൈമുതല്‍...പിന്നെ, അല്പസ്വല്പം എഴുതാനുള്ള കഴിവും (അതും എന്റെ അമ്മ വായനയിലൂടെ ഉണ്ടാക്കി തന്നത്)...മാധ്യമരംഗത്ത് വളരെ നല്ല അനുഭവങ്ങള്‍ എനിക്ക് നേടാനായി...കുറെ പ്രശസ്തരെ പരിചയപ്പെടാനായി...സര്‍വ്വശ്രീ എം ടി വാസുദേവന്‍നായര്‍, മോഹന്‍ലാല്‍, ലാല്‍ ജോസ്, കെ പി എ സി ലളിത, മോഹന്‍ സിതാര എന്നിങ്ങനെ പലരേയും അഭിമുഖം നടത്താന്‍ സാധിച്ചു...

താരങ്ങളെയല്ല, മറിച്ച്, ചലച്ചിത്രങ്ങളിലെ ക്രിയാത്മകതലങ്ങളെയാണ് ഞാന്‍ ആരാധനയോടെ നോക്കി കണ്ടത്....അക്കൂട്ടത്തിലാണ്, ശ്രീ മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കണ്ണുകളില്‍ മിന്നി മറയുന്ന ഭാവതലങ്ങള്‍, ശ്രീ മമ്മൂട്ടി എന്ന അഭിനേതാവിന്റെ കഠിനാധ്വാനം, ശ്രീ തിലകന്റെ പകരം വെക്കാനാവാത്ത അഭിനയമികവ് തുടങ്ങിയവയെല്ലാം നോക്കിക്കാണുന്നത്...ഒരു നല്ല ചിത്രം കണ്ടാല്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്...ആ ചിത്രം മനസ്സില്‍ വളരെ തിളക്കത്തോടെ നിറഞ്ഞു നില്ക്കു കയും ചെയ്യും എന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം...അങ്ങനെ നിലനില്ക്കുന്ന ചിത്രങ്ങള്‍ ഒരുപാടുണ്ട് - ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ്വാരം, സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍, പ്രിയദര്ശ ന്റെ തൊണ്ണൂറുകളിലെ ഹാസ്യചിത്രങ്ങള്‍, ലൌഡ് സ്പീക്കര്‍, പ്രാഞ്ചിയേട്ടന്‍, ദൃശ്യം എന്നിങ്ങനെ...

സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ വീട്ടുകാരും, സുഹൃത്തുകളുമായും പങ്കു വെയ്ക്കുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയ നിലവില്‍ വന്നപ്പോള്‍ അതിലൂടെയായി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ...എന്നിലെ ചലച്ചിത്രപ്രേക്ഷക ഇന്നും അതേ തിളക്കത്തോടെ ഉണര്‍ന്നിരിക്കുന്നു, നല്ല ചിത്രങ്ങള്‍ കാണാന്‍, ശേഷമുള്ള സന്തോഷം മനസ്സില്‍ നിക്ഷേപിക്കാന്‍...(ഈയടുത്ത് "മഹേഷിന്റെ പ്രതികാരം" കണ്ടപ്പോള്‍ ആ സന്തോഷം മനസ്സ് നിറച്ചു)

എന്നെ അറിയുന്നവര്‍ക്ക് അറിയാം, ഞാന്‍ കുറച്ച് ഹാസ്യാത്മകമായിട്ടാണ് ഏതൊരു സംഗതിയേയും Facebook-ലൂടെ നിരൂപണം നടത്തുന്നത് എന്ന കാര്യം..."പുലിമുരുകന്‍" എന്ന ചിത്രം വളരെ അവിചാരിതമായിട്ടാണ് കണ്ടത്...കാരണം, റിലീസിന്റെ രണ്ടാം ദിവസമായ അന്ന് ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു...അതേ തീയറ്റര്‍ കോംപ്ലക്സില്‍ ഉള്ള "ഒപ്പം" എന്ന ചിത്രം കാണാനായിരുന്നു ഉദ്ദേശവും..എന്നാല്‍, ചെന്ന് കയറിയപ്പോള്‍ ലേഡീസ് ക്യൂവില്‍ രണ്ടു പേര്‍ മാത്രം...അതില്‍ ചെന്ന് നിന്നു, ടിക്കറ്റ് കിട്ടുകയും ചെയ്തു..

ഒരു പക്കാ കച്ചവടസിനിമ ആണെന്ന് നന്നായി അറിയാം...നല്ല പ്രകൃതി ദൃശ്യങ്ങള്‍ ഉണ്ടെന്നും...അങ്ങനെ സിനിമ കണ്ടു തുടങ്ങിയപ്പോള്‍ വളരെ നല്ല അഭിപ്രായം തോന്നുകയും ചെയ്തു...ചിത്രം വഴി മാറി സഞ്ചരിച്ചു തുടങ്ങിയത് അതിന്റെ മൊത്തം പ്രതീക്ഷകളെ തന്നെ തെറ്റിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് നിരാശ തോന്നിയത്...സംവിധാനം, തിരക്കഥ - ഇത് രണ്ടും പാളിപ്പോയി എന്നുള്ളത് ഞാന്‍ അടിവരയിട്ടുകൊണ്ടുതന്നെ പറയുന്നു...അത് തുറന്നു പറയാനുള്ള ഒരു മൌലികാവകാശം ഇവിടെ ആര്‍ക്കും ഉണ്ടല്ലോ...

ഞാന്‍ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചല്ല പോസ്റ്റ്‌ ഇട്ടത്, ആ ചിത്രത്തിന്റെ ചിത്രീകരണരീതിയെയാണ് ലക്‌ഷ്യം വെച്ചത്...അതിനു ഇത്രയും കോടി രൂപ ചിലവഴിച്ചു, കുറെപേര്‍ ചേര്‍ന്ന് അധ്വാനിച്ചു, ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ...കാരണം, ഒരു വിഭവത്തിന്റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാന്‍ തയ്യാറായി വരുന്നയാള്‍ക്ക് പ്രധാനം, അല്ലാതെ അത് ഉണ്ടാക്കിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ പലര്‍ക്കും ഇഷ്ടമായ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ‍ കുറ്റമല്ലല്ലോ...വ്യക്തിപരമായി എനിക്ക് ഈ താരവീരത്വം മുഴച്ചു കാണിക്കുന്ന ചിത്രങ്ങളോട് ഇങ്ങനെയേ പ്രതികരിക്കാനാവൂ...(അതുകൊണ്ടുതന്നെയാണ് ആറാം തമ്പുരാന്‍, നരസിംഹം, ദി കിംഗ്, വല്യേട്ടന്‍ മുതലായ ചിത്രങ്ങള്‍ വീണ്ടുമൊരിക്കല്‍ക്കൂടി കാണാന്‍ തോന്നാത്തതും)...എനിക്ക് മാത്രമല്ല "പുലിമുരുക"നെക്കുറിച്ച് ഈ അഭിപ്രായം തോന്നിയത് എന്നത് പ്രസ്തുത പോസ്റ്റിനെ കുറിച്ച് നല്ലത് പറഞ്ഞവരുടെ എണ്ണം തെളിയിക്കുന്നുണ്ട്...

മറ്റൊന്ന് തുറന്നു പറയട്ടെ, ആരാധകരെ...എന്റെ. ഫേസ്ബുക്ക് ഇന്ബോക്സില്‍ വന്ന മെസെജുകളുടെ സംസ്ക്കാരരാഹിത്യം നിങ്ങളുടെ നിലവാരമില്ലായ്മയുടെ അളവുകോലായി കാണാന്‍ മാത്രമേ എനിക്ക് കഴിയുള്ളൂ...പിന്നെ, അവരെ മോശമായി പെരുമാറാന്‍ പഠിപ്പിച്ചതാരോ, അവരെയും ഞാന്‍ ഓര്‍ത്തുപോവുന്നുണ്ട്....ആരോടും, അവര്‍ ആണായാലും, പെണ്ണായാലും, ആദരവോടെ പെരുമാറാന്‍ പഠിപ്പിക്കേണ്ടത് വീട്ടുകാരും, ഗുരുക്കന്മാരുമാണല്ലോ...അപ്പോള്‍, പ്രസ്തുത വ്യക്തികളുടെ ഈ തരംതാഴലിന്റെ ഉത്തരവാദിത്തം മേല്‍പറഞ്ഞവര്‍ക്ക് തന്നെയല്ലേ? എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്നു തരം താണ കമന്റുകള്‍ ഇടുന്നവര്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക - നിങ്ങളുടെ കമന്റുകള്‍ വായിക്കുന്നവരുടെ മനസ്സില്‍ നിങ്ങളെകുറിച്ച് രൂപപ്പെടുന്ന വിലയിരുത്തലും, കൂടാതെ, ഇതുപോലുള്ള അന്ധാരാധകരുള്ള ആ മഹാനായ താരത്തെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും എന്നുള്ളതും...

പിന്നെ, മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ മമ്മൂട്ടി ഫാന്‍ ആണെന്നും, അവര്‍ കാശ് തന്നിട്ടാണ് ഞാന്‍ ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടതെന്നും പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ....താരയുദ്ധത്തില്‍ (താരങ്ങള്‍ തമ്മിലെന്തു യുദ്ധം? ആരാധകര്‍ ഉണ്ടാക്കുന്ന യുദ്ധമല്ലേ?!) എനിക്ക് ഭാഗമാകാന്‍ താല്‍പര്യമില്ല...

മമ്മൂട്ടിയുടെ "കസബ" ചിത്രത്തിനു മുന്നില്‍ കൈ കൂപ്പി നില്ക്കുന്നത് എന്റെ സുഹൃത്ത് ജ്യോതി ചേച്ചിയാണ്, അല്ലാതെ ഞാനല്ല..."നമിച്ചണ്ണോ, നമിച്ചു" എന്ന ക്യാപ്ഷന്‍ പരിഹാസരൂപേണ കൊടുത്തതാണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള വിവേകം അന്ധരായ ആരാധകര്‍ക്ക് ഇല്ലാതെ പോയി....കഷ്ടം!

ദേശീയതലത്തില്‍ വരെ ഖ്യാതി നേടിയ, മികവുള്ള താരങ്ങളെകൊണ്ട് സമ്പന്നമായ നമ്മുടെ മലയാള ചലച്ചിത്രലോകം താരാരാധന മൂലം എത്ര താഴേയ്ക്ക് പോകുന്നു എന്നത് ആരാധകരുടെ (ആസ്വാദകര്‍/പ്രേക്ഷകര്‍ എന്നൊന്നും ഞാന്‍ വിവക്ഷിക്കില്ല...കാരണം, യഥാര്‍ത്ഥ ചലച്ചിത്ര ആസ്വാദനം ഇതല്ല എന്നതുതന്നെ) വളരെ വില കുറഞ്ഞ കാഴ്ചപ്പാടുകള്‍ മൂലം എവിടെയെത്തി എന്നുള്ളത് ആലോചിക്കേണ്ടുന്ന വിഷയമാണ്....നാം അയല്പയക്കത്തെ തമിഴന്റെ അന്ധമായ താരാരാധനയെ നോക്കി കളിയാക്കിയിരുന്നു, ഒരു കാലത്ത്...ഇന്ന് വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന മലയാളികള്‍ ചെയ്യുന്നത് എന്താണ് എന്നുള്ളതും ചിന്ത്യം! താരത്തിന്റെ ഫ്ലെക്സിനു പാലഭിഷേകം, ആര്‍പ്പുവിളികള്‍, മാലയിടല്‍ എന്നുവേണ്ട, തികച്ചും പരിഹാസ്യമായ ആരാധനാശ്രമങ്ങള്‍...ഇതൊന്നും കൂടാതെ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ അജയ്യരായ അഭിനേതാക്കള്‍ അവരുടെ മികവുകൊണ്ട് എത്രയോ മനസ്സുകളില്‍ ഇന്നും മെഗാ ഹിറ്റ്‌ ആണെന്നത് ഓര്‍ക്കുക...

എന്റെ കുടുംബത്തെ വരെ വളരെ മോശമായി വിമര്‍ശിച്ചതുമൂലം എനിക്ക് എന്റെ പോസ്റ്റിന്റെ സെറ്റിംഗ്സ് മാറ്റേണ്ടി വന്നു (എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പാകത്തില്‍)...അല്ലാതെ ഞാന്‍ പോസ്റ്റ്‌ നീക്കം ചെയ്തിട്ടില്ല...അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല....ഇപ്പോള്‍, ഞാന്‍ വീണ്ടും ആ പോസ്റ്റിന്റെ സെറ്റിംഗ്സ് പബ്ലിക്ക് ആക്കി മാറ്റിയിട്ടുണ്ട്...കാരണം, തല ഉയര്ത്തിപ്പിടിച്ചു ജീവിച്ച ഒരു അച്ഛന്റെ മകള്‍ ആണ് ഞാന്‍...അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതിന് തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട പ്രശസ്ത പത്രപ്രവര്‍ത്തകന്‍ / മനുഷ്യാവകാശപ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോന്റെ മരുമകളും...അവരുടെ ജീവിതത്തില്നിന്നും നേടിയെടുത്ത പ്രചോദനം എന്നും എനിക്ക് മൂല്യവത്താണ്...മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് പലപ്പോഴും മനസ്സിന് ശക്തി നല്കിയതും അതുതന്നെ...

എന്റെ പോസ്റ്റ്‌ പല പത്രങ്ങളുടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇടം പിടിച്ചു....മുന്നൂറിലധികം ഷെയറുകള്‍ നേടി...ആയിരക്കണക്കിന് ആളുകള്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മെസേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നു...ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുന്നു...അതിലും വലുതാണ്‌, ഞാന്‍ ഇന്ന് എന്താണോ, അതിനെല്ലാം പിന്തുണ നല്കുന്ന എന്റെ അമ്മ എന്നോട് ഇന്ന് രാവിലെ പറഞ്ഞ വാക്കുകള്‍ - "മോള്‍ ഇതിനെല്ലാം തക്കതായ ഒരു മറുപടി എഴുതണം" എന്നത്..."വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ല, ഇനിയും എഴുതൂ" എന്ന് പറയുന്ന എന്റെ മാധ്യമഗുരുക്കന്മാര്‍, എന്റെ ഭര്‍ത്താവ്...പിന്നെ, "ആരെല്ലാം എന്തൊക്കെ പറഞ്ഞാലും സധൈര്യം മുന്നോട്ടു പോവുക" എന്ന് പറയുന്ന എന്റെ സുഹൃത്തുക്കള്‍...

അതിനാല്‍, ഞാന്‍ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെ കുറിച്ച് എനിക്ക് മനസ്സില്‍ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ എന്റേതായ ശൈലിയില്‍ എഴുതുകയും ചെയ്യും....അത് എന്റെ ഫേസ്ബുക്ക് വോളില്‍ പബ്ലിക് സെറ്റിംഗ്സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്!

 

 

നിഷ പുലിമുരുകനെ കുറിച്ചെഴുതിയ റിവ്യൂ

അപ്പൊ മുന്നൊരുക്കങ്ങള്‍ ഇതൊക്കെയായിരുന്നു, സൂര്‍ത്തുക്കളെ...

• ശിക്കാര്‍ + നരന്‍ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകള്‍ ഒരു അഞ്ചു ഗ്രാം വീതം...
• ജീപ്പുകള്‍ - ഒരു 10 - 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോള്‍ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി)
• മുരുകനെ വാനോളം പൊക്കിയുള്ള "ഡയകോലുകള്‍" - 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടന്‍ ഗൊച്ചു ഗള്ളന്‍!)
• ഗുണ്ടകള്‍ - 100 (പഴയ സാന്ഡോ ബനിയന്‍ - കടും കളര്‍ പാന്റ്സ് ടീംസ് അല്ല...ഷര്ട്ടൊക്കെ ഇന്‍ ചെയ്ത നല്ല എക്സിക്കുട്ടന്മാര്‍ - ഗുണ്ടകള്‍ക്കും വേണ്ടേ, ഒരു പുരോഗതി!)

ഇത്രേം ഒരുക്കി വെച്ചിട്ടേ അവര് തിരക്കഥ എഴുതാന്‍ പേന എടുത്തുള്ളൂ...(അതിനു തിരക്കഥ ഉണ്ടോ? ആ...!!) പിന്നെ, അവടന്നാങ്ങട് പിടിച്ചില്ലേ....എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാന്‍ സമ്മതിച്ചിട്ടില്ല, ബലാലുകള്....!

കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം ടോട്ടല്‍ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമര്‍ത്തു...

"പുലിമുരുകന്‍" എന്നാണു അങ്ങേരുടെ പേര്, ആള് പുലീടെ അടുത്ത് ചെന്ന് (ഇന്നസെന്റ് പറയുന്ന പോലെ, "ഇങ്ങനെ വെര്‍തെ, അവിടെ പണിയൊന്നൂല്യാതെ ബോറടിച്ചിരിക്കുമ്പോ") അതിനെ ഇടി കൂടി കൊല്ലുന്ന പുപ്പുലി ആയതോണ്ടാ...പക്ഷേ, സില്‍മേല്, പുലീം, ചുള്ളനും കൂടീള്ള ഏര്‍പ്പാട് രണ്ടേ രണ്ടു തവണ മാത്രേള്ളൂ...അതിനെങ്ങനെയാ, അങ്ങേരെ മനുഷ്യര് ഒന്ന് വെര്‍തെ വിട്ടിട്ടു വേണ്ടേ? ഒരു മെയിന്‍ വില്ലന്‍, പിന്നെ വില്ലന്റെ എതിര്‍ വില്ലന്‍, മെയിന്‍ വില്ലന്റെ ശിങ്കിടി വില്ലന്‍, മകന്‍ വില്ലന്‍ എന്ന് വേണ്ട, നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ...അങ്ങനെ അവസാനം, വില്ലന്‍ ഒരു വശത്ത്, പുലി ഒരു വശത്ത്...മ്മടെ ഗഡി ഒടുക്കത്തെ ബുദ്ധ്യാ അങ്ങട് പ്രയോഗിച്ചു...പുലിയോട് പറഞ്ഞു, നിങ്ങള് തമ്മില്‍ തമ്മിലാ ആയിക്കോളാന്‍...അപ്പൊ അവര് തമ്മിലാങ്ങട് തീര്‍ത്തു...ഹല്ലാ പിന്നെ - പൈസ തരുന്നുണ്ടെന്നുംവെച്ച് പണിയെടുപ്പിച്ച് കൊല്ലുന്നെനും ഇല്യേ ഒരതിരൊക്കെ...!

നോട്ട് ദി പോയിന്റ്സ് :-
• മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം ഇവടേംണ്ട്, ട്ടാ...അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ഗുണ്ടകളുടെ അന്തര്‍സംസ്ഥാനസമ്മേളനം ആയിരുന്നു..ഊത്തുകുഴല്‍ പോലീള്ള ഐറ്റംസ് വെച്ച് നേപ്പാളികള്‍, ബംഗാളികള്‍, ഒറിയക്കാര്‍ മുതല്‍, മ്മടെ ബാബു, ബിജു, ഷാജി പോലുള്ള നാടന്‍ ടീംസ് വരെ...
• കാട്ടിലെ ചിത്രീകരണം കൊള്ളാം....നല്ല ഫോട്ടംപിടുത്തം...
• മോകന്‍ലാല്‍ നല്ല സ്ലിം & ട്രിം....മീശ പിരിയോടു പിരി...പിരിച്ചു പിരിച്ച് അവസാനം മീശ വാള് പോല്യായി...ഇഷ്ടന്റെ തമാശകള്‍ കേട്ടപ്പോള്‍ ഗദ്ഗദം വന്നൂന്ന് മാത്രം...
• മ്മടെ നാട്ടില്‍ നല്ല വില്ലന്മാര്‍ക്ക് ക്ഷാമാ...ദേ, കൊണ്ടന്ന്ണ്ട്, കര്‍ണ്ണാടകേന്നോ, ബംബായീന്നോ, ഒരെണ്ണത്തിനെ..."ആ" എന്നാണു ഡയലോഗ് എങ്കില്‍ "ഈ" എന്നാണു ലിപ് മൂവ്മെന്റ്!
• ചെന്നിരുന്നത് ചെന്നൈയിലാണോ എന്നൊരു "തമിശയം" തോന്നി...കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആര്‍പ്പുവിളി(അതൊക്കെ നായകനേക്കാള്‍ കൂടുതല്‍ പുലിയ്ക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം)...

പീസ്‌ ഓഫ് വാല്‍:- MCR മുണ്ടുകള്‍ പുതീത് ഇറക്കാനുള്ള ഒരുക്കത്തിലാണെന്ന് എന്റെ മാര്‍ക്കറ്റിംഗ് അല്പബുദ്ധി ഉരുവിടുന്നു...കരയുള്ള കറുത്ത മുണ്ടുകള്‍ - "പുലിമുരുകന്‍ മുണ്ടുകള്‍" (ഇനി വന്നു തുടങ്ങിയോ ആവോ?) !!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalpulimurukanpulimurugannisha menon
News Summary - criticised mohanlal not pulimurugan nisha menon
Next Story