ദയാബായി വെള്ളിത്തിരയിൽ; ‘കാന്തൻ’ ഒാണത്തിന് തിയറ്ററുകളിൽ
text_fields
കണ്ണൂർ: ആദിവാസി ജീവിതത്തിെൻറ നേരും നോവും പറഞ്ഞ് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി വെള്ളിത്തിരയിലേക്ക്. ദയാബായി മുഖ്യ കഥാപാത്രമാകുന്ന മലയാള ചലച്ചിത്രം ‘കാന്തൻ-ദ ലവര് ഓഫ് കളർ’ ചിത്രീകരണം പൂർത്തിയായി. ചിത്രം ഒാണത്തിന് തിയറ്ററുകളിലെത്തും.
വെള്ളിത്തിരയിൽ ആദ്യമാണെങ്കിലും തെൻറ ജീവിതവുമായി ചേർന്നുനിൽക്കുന്ന സിനിമയിലെ അഭിനയം വലിയ പ്രയാസമായി തോന്നിയില്ലെന്ന് ദയാബായി പറയുന്നു. ബസിൽ നിന്നും ട്രെയിനിൽ നിന്നും ഇറക്കിവിട്ട് അപമാനിക്കപ്പെട്ട അനുഭവങ്ങൾ പലകുറി കേരളത്തിൽ നിന്നുപോലും ഉണ്ടായി. നിറത്തിെൻറയും കുലത്തിെൻറയും പേരിൽ അധഃകൃതരെന്ന് മുദ്രകുത്തി കൂടെ യാത്ര ചെയ്യാൻ, കൂടെ സംസാരിക്കാൻ അവകാശം നിഷേധിക്കപ്പെടുന്നവരുടെ കഥയാണ് സിനിമ പറയുന്നത്. അതുകൊണ്ട് സിനിമയിലെ പങ്കാളിത്തവും തെൻറ സാമൂഹിക പ്രവർത്തനത്തിെൻറ ഭാഗം തന്നെയാണെന്ന് അവർ പറഞ്ഞു.
വയനാട്ടിലെ നെങ്ങറ കോളനിയിലെ അടിയാൻ വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിെൻറ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. കർഷക ജീവിതത്തിലെ പ്രതിസന്ധി, പ്രകൃതി ചൂഷണം, വരൾച്ച, ദാരിദ്ര്യം, കപട പരിസ്ഥിതി വാദം എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം 90 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ കടന്നുവരുന്നു. ‘ഇത്തിയാമ്മ’ എന്ന മുത്തശ്ശിയായാണ് ദയാബായിയുടെ വേഷം. കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷക കുടുംബത്തിലെ അവശേഷിക്കുന്ന കാന്തൻ എന്ന 12 വയസ്സുകാരെൻറ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന എഴുപതുകാരിയാണ് ഇത്തിയാമ്മ.
നിരവധി ഹ്രസ്വസിനിമകള്‍ ഒരുക്കിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഷെരീഫ് ഈസയാണ് ചിത്രത്തിെൻറ സംവിധായകൻ. കീഴാളരുടെ നിലനിൽപിെൻറ പോരാട്ടം പറയുന്ന സിനിമയുടെ ശക്തി ദയാബായിയുടെ സാന്നിധ്യമാണെന്ന് ഷെരീഫ് ഇൗസ പറഞ്ഞു. ‘ആദിമധ്യാന്തം’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2012-ലെ ജൂറി പുരസ്കാര ജേതാവായ മാസ്റ്റർ പ്രജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട്ടിലെ തിരുനെല്ലിയാണ് പ്രധാന ലൊക്കേഷന്‍. അവിടെ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ആദിവാസി ഭാഷയാണ് സിനിമയിലെ സംഭാഷണം. കഥ, തിരക്കഥ, സംഭാഷണം പ്രമോദ് കൂവേരിയുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.