ദിലീപിന് ജാമ്യമില്ല; ജൂലൈ 25 വരെ റിമാൻഡിൽ തുടരും
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയായ നടൻ ദിലീപിെൻറ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. റിമാൻഡ് കാലാവധി തീരുന്ന ജൂലൈ 25 വരെ ദിലീപ് ആലുവ സബ്ജയിലിൽ തുടരും. ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിെൻറ തീരുമാനം. കോടതിയിൽ ഹാജരാക്കിയ ദിലീപിനെ വീണ്ടും ആലുവ സബ്ജയിലിലേക്ക് അയച്ചു.
ശനിയാഴ്ച വൈകീട്ട് 4.30ഒാടെയാണ് ദിലീപിനെ കോടതിയിൽ എത്തിച്ചത്. മുദ്രവെച്ച കവറിൽ കേസ് ഡയറി ഉച്ചയോടെ പൊലീസ് ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷയിൽ ശക്തമായ വാദമാണ് ഇരുഭാഗത്തുനിന്നും ഉണ്ടായത്. ജാമ്യം നൽകിയാൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും ജാമ്യാപേക്ഷ തള്ളണമെന്നുമുള്ള സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശെൻറ വാദം കോടതി അംഗീകരിച്ചു. പൊതുസമൂഹം നടിക്കൊപ്പം നിലകൊണ്ടപ്പോൾ അവർക്കെതിരായ ദിലീപിെൻറ പരാമർശം അദ്ദേഹത്തിെൻറ മനോനില തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ഇരിക്കുേമ്പാഴും സാമൂഹിക മാധ്യമങ്ങളിൽ പ്രതിക്ക് അനുകൂലമായ പ്രചാരണം നടക്കുന്നു. എങ്കിൽ ജാമ്യം ലഭിച്ചാൽ അവസ്ഥ എന്തായിരിക്കുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളും ദൃശ്യങ്ങളും തെളിവായി ഹാജരാക്കി. മുഖ്യപ്രതി പൾസർ സുനി നടത്തിയ കുറ്റകൃത്യങ്ങളുടെ അതേ ഗൗരവമാണ് ദിലീപിെൻറ പ്രവൃത്തികൾക്കുമുള്ളത്. മറ്റ് പ്രതികൾക്ക് ജാമ്യം നൽകാതെ ദിലീപിന് നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, നേരത്തേ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തന്നെയാണ് പ്രോസിക്യൂഷൻ ആവർത്തിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ വാദിച്ചു. ഒരു കൊടും കുറ്റവാളിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരായ തെളിവുകളായി പൊലീസ് ഹാജരാക്കിയത്. കേസ് ഡയറിയിലെ പല തെളിവും അദ്ദേഹവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു. ഇതിനിടെ, ദിലീപിെൻറ രണ്ട് ഫോൺ അഡ്വ. രാംകുമാർ കോടതിയിൽ ഹാജരാക്കി. പൊലീസിനെ ഏൽപിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നതുകൊണ്ടാണ് കോടതിയിൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോണുകൾ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തും. പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ദിലീപ് ചിരിച്ചുകൊണ്ട് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.