ദിലീപ് പുറത്തിറങ്ങി; സ്വീകരിക്കാൻ ആരാധകർ VIDEO
text_fieldsആലുവ: നടിയെ ആക്രമിച്ച കേസിൽ 85 ദിവസത്തിനുശേഷം ജയിലിൽനിന്ന് നടൻ ദിലീപ് പുറത്തിറങ്ങിയത് ആരാധകരുടെ ആവേശം കത്തിനിന്ന ഉത്സവാന്തരീക്ഷത്തിലേക്ക്. ആർപ്പുവിളികളും ആഘോഷങ്ങളും താരത്തിെൻറ റിലീസ് ഗംഭീരമാക്കി. ജയിലിലേക്ക് കൂക്കുവിളികളോടെ പറഞ്ഞയച്ചവരെ ഞെട്ടിക്കുന്ന വിധത്തിലുള്ള സ്വീകരണമാണ് ജയിൽ പരിസരത്ത് ആരാധകർ ദിലീപിന് ഒരുക്കിയത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.45ന് ഹൈകോടതി ജാമ്യം അനുവദിച്ച വാർത്ത പുറത്തുവന്നപ്പോൾ മുതൽ ജയിൽ പരിസരത്തേക്ക് സ്ത്രീകളും കുട്ടികളുമടക്കം ആരാധകരുടെയും നാട്ടുകാരുടെയും ഒഴുക്ക് തുടങ്ങിയിരുന്നു. അധികം വൈകാതെ സബ് ജയിലിന് മുന്നിലെ റോഡ് നിറഞ്ഞു. ജയിലിലേക്കോ, സമീപത്തെ കോടതികളിലേക്കോ ആർക്കും ഇതുവഴി കടന്നുപോകാൻ കഴിയാതെയായി. ഇതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസെത്തി. മധുരം വിതരണവും പടക്കവും പാട്ടും മുദ്രാവാക്യം വിളികളും ദിലീപിെൻറ ചിത്രത്തിൽ പാലഭിഷേകവുമൊക്കെയായി മൂന്ന് മണിക്കൂറിലധികം അവർ അവിടെ കാത്തുനിന്നു.
ഇതിനിടെ, സംവിധായകൻ നാദിർഷയുടെ സഹോദരൻ സമദ്, നടൻ ധർമജൻ, സംവിധായകൻ കലാഭവൻ അൻസാർ തുടങ്ങിയവരുമെത്തി. ഹൈകോടതിയിൽനിന്ന് ദിലീപിെൻറ സഹോദരൻ അനൂപ്, അഭിഭാഷകർ എന്നിവരാണ് ഉത്തരവ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. ഇവിടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വൈകീട്ട് അേഞ്ചാടെ റിലീസ് ഒാർഡർ അനൂപ് ആലുവ സബ്ജയിലിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ആകാംക്ഷക്കൊടുവിൽ അഞ്ചേകാലോടെ ദിലീപ് കൂപ്പുകൈകളോടെ ജയിലിന് പുറത്തെത്തി. ഇതോടെ ആരാധകർ മുന്നോട്ട് കുതിച്ചു. തന്നെ കൊണ്ടു പോകാനെത്തിയ വാഹനത്തിൽ കയറിനിന്നും വാഹനത്തിനുള്ളിലിരുന്നും അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തു.
ദിലീപിെൻറ വാഹനത്തിന് മുകളിലേക്ക് ചിലർ വര്‍ണക്കടലാസുകള്‍ വിതറി. മറ്റുചിലർ ദിലീപിന് അനുകൂലമായും എതിരാളികളെ എതിർത്തും മുദ്രാവാക്യങ്ങൾ മുഴക്കി. പൊലീസ് അകമ്പടിയോടെ ജനത്തിരക്കിനിടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് ദിലീപിെൻറ വാഹനം മുന്നോട്ടുനീങ്ങിയത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് രണ്ടു തവണ നേരിയ തോതിൽ ലാത്തി വീശേണ്ടി വന്നു. അഞ്ചരയോടെ പറവൂർ കവലയിലെ പത്മസരോവരം തറവാട്ടുവീട്ടിലെത്തിയ ദിലീപിനെ അമ്മ സരോജിനിയമ്മ, ഭാര്യയും നടിയുമായ കാവ്യ മാധവൻ, മകൾ മീനാക്ഷി, സഹോദരൻ അനൂപ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
വീട്ടുമുറ്റത്ത് െവച്ചുതന്നെ അമ്മയും മകനും കെട്ടിപ്പിടിച്ച് കരഞ്ഞു. പുറത്തുകാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ദിലീപ് അമ്മയോടൊപ്പം വീട്ടിലേക്ക് കയറിയത്. സഹോദരൻ അനൂപിെൻറ ഭാര്യ പ്രിയ ദിലീപിനും മറ്റുള്ളവർക്കും മധുരം വിതരണം ചെയ്തു. വീടിെൻറ മുകൾ നിലയിലെത്തിയ ദിലീപ് അവിടെനിന്നും ഏറെ നേരം ആരാധകരെ അഭിവാദ്യം ചെയ്തു. സഹോദരി സബിത, സഹോദരീ ഭർത്താവ് സൂരജ്, ചലച്ചിത്ര താരങ്ങളായ സിദ്ദീഖ്, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ലക്ഷ്മി പ്രിയ, നിർമാതാവ് ടോമിച്ചൻ മുളകുപാടം, സംവിധായകൻ അരുൺ ഗോപി, തുടങ്ങിയവരും ദിലീപിെൻറ വീട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.