ചിലപ്പോഴെല്ലാം കെട്ടുകഥപോലെ; ആശങ്കക്കൊടുവിൽ ആശ്വാസം –ബ്ലെസി
text_fieldsകൊച്ചി: 'നമ്മളനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന് 'ആടുജീവിത'ത്തിൽ എഴുത്തുകാരൻ ബെന്യാമിൻ കുറിച്ചിട്ടുണ്ട്. ദുരിതദൂരത്തിെൻറ മരുഭൂമി താണ്ടിയ ആ അവിശ്വസനീയ ജീവിതത്തെ തിരശ്ശീലയിൽ പകർത്താൻ പോയവരും കടന്നുപോയത് ദുരിതങ്ങളുടെയും ആശങ്കയുടെയും നാളുകളിലൂടെയാണ്. ചിത്രീകരണത്തിന് ജോർഡനിലെ മരുഭൂമിയിൽ കുടുങ്ങി, നാട്ടിലേക്ക് വരാനാവാതെ എത്രനാൾ കടന്നുപോകേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു തങ്ങളെന്ന് 'ആടുജീവിതം' സിനിമ സംവിധായകൻ ബ്ലെസി 'മാധ്യമ'ത്തോട് പറഞ്ഞു.
''ഏറെനാളത്തെ ഉത്കണ്ഠ കേരളത്തിൽ എത്തിയപ്പോഴാണ് ആശ്വാസമായത്. കോവിഡ് ഭീഷണിമൂലം മുടങ്ങിയ ചിത്രീകരണം പിന്നീട് ഏറെ പരിശ്രമിച്ച് പൂർത്തിയാക്കി. ഇനിയൊരു ഷെഡ്യൂൾകൂടി ജോർഡനിലും അൽജീരിയയിലുമായി ചെയ്യാനുണ്ട്. അന്താരാഷ്ട്ര ഗതാഗതമെല്ലാം പഴയപടിയായാൽ ഉടൻ പുനരാരംഭിക്കാമെന്നാണ് പ്രതീക്ഷ'' -അദ്ദേഹം പറഞ്ഞു.
സംഘത്തിെൻറ തലവനെന്ന നിലക്ക് കൂടെയുള്ളവരുടെ ആശ്വാസംകൂടി സംവിധായകെൻറ ഉത്തരവാദിത്തമായിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്തായതുകൊണ്ടും പുറത്തുനിന്നാരും എത്താത്തതുകൊണ്ടും ആർക്കെങ്കിലും കോവിഡ് വരുമോയെന്ന ഭീതി കുറവായിരുന്നു. വാദിറാമിൽ ഒറ്റ കോവിഡ് കേസുപോലുമുണ്ടായില്ല. എന്നാൽ, എന്ന് നാട്ടിലെത്താൻ പറ്റുമെന്ന ആശങ്ക പലരുടെയും മുഖത്തുണ്ടായിരുന്നു. അതിൽനിന്നെല്ലാം മോചിപ്പിക്കാൻ ലുഡോയും ക്രിക്കറ്റും കളിച്ചും മറ്റുമാണ് മുന്നോട്ടുപോയത്. ഒരു കുടുംബംപോലെയായിരുന്നു എല്ലാവരും. മലയാളികളായ 58പേരെ കൂടാതെ, മുപ്പതോളം ജോർഡാനികളും സംഘത്തിലുണ്ടായിരുന്നു.
നടൻ പൃഥ്വിരാജുൾെപ്പടെ എല്ലാ സംഘാംഗങ്ങൾക്കും ഒരേ ഭക്ഷണം, ഒരേ താമസസൗകര്യം, ഒരേ കരുതൽ എന്നിവയെല്ലാം നൽകിയാണ് മുന്നോട്ടുപോയതെന്ന് ബ്ലെസി പറയുന്നു. നാട്ടിലെ രുചി മിസ് ചെയ്തപ്പോൾ, അവിടെ വ്യവസായിയായ നേമം സ്വദേശി സനൽകുമാർ ഇടക്കിടെ പൊറോട്ട, ബീഫ്, പുട്ട്, മാമ്പഴപ്പുളിശ്ശേരി തുടങ്ങി കേരള വിഭവങ്ങൾ എത്തിച്ചുനൽകിയത് മനസ്സുനിറച്ചു. ഷൂട്ടിങ് പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങളിലും അദ്ദേഹം സഹായിച്ചു. മടക്കത്തിന് പരിശ്രമിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന സർക്കാർ, നോർക്ക, നടന്മാരായ സുരേഷ്ഗോപി എം.പി, മോഹൻലാൽ തുടങ്ങിയവരോടെല്ലാം നന്ദിയുണ്ടെന്ന് ബ്ലെസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.