'ടിപി 51' വിലക്കിയപ്പോൾ കമൽ ആമയെപ്പോലെ കിടന്നുറങ്ങി; വിമർശനവുമായി മൊയ്തു താഴത്ത്
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി 'ടിപി 51' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മൊയ്തു താഴത്ത്. ടിപി 51 സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേർപ്പെടുത്തിയപ്പോള്‍ കമലിന്‍റെ ചുകപ്പന്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എവിടെയായിരുന്നു എന്നാണ് മൊയ്തു താഴത്തിന്‍റെ ചോദ്യം.
കേരളത്തില്‍ 59 തിയേറ്ററുകള്‍ ചിത്രത്തിന് അനുവദിക്കപ്പെട്ടെങ്കിലും വെള്ളിയാഴ്ച റിലീസാകേണ്ട സിനിമ വിലക്കുകളാലും ഭീഷണികളാലും തിയേറ്ററുകളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. സിനിമ അനാഥമായിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും കമല്‍ ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നു. അധികാരം കിട്ടുമ്പോള്‍ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം. അധികാരത്തിന്റെ മധുരം കിട്ടിയാല്‍ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞാണ് മൊയ്തു തായത്ത് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അന്താരാഷ്ട്ര ഡോക്യുമെന്‍ററി-ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്‍ററികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി വിലക്കിയിരുന്നു. ഇതിനെതിരെ മേളയുടെ ഡയറക്ടര്‍ കൂടിയായ കമല്‍ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് മൊയ്തു താഴത്തിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അധികാരം കിട്ടിയാൽ ആവിഷ്കാരമോ ?
ഇന്നു ചാനലുകളിൽ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ പ്രതിഷേധ ജ്വാലയായിരുന്നു, ഒന്ന് പൊട്ടിക്കരയാനും ആർത്തു ചിരിച്ചു നിലവിളിക്കാനും തോന്നിയെനിക്ക്,കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാൻ. ഓർക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട മലയാളി പൊതുസമൂഹം ഫാസിസ്റ്റുകളാൽ 51 വെട്ടുകൾ കൊണ്ട് കീറിമുറിച്ച TP ചന്ദ്രശേഖരനെ കുറിച്ച്, സിനിമ എടുത്തതിന്റെ പേരിൽ എന്നെ വേട്ടയാടിയ ഫാസിസ്റ്റുകൾ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയും വധഭീഷണി മുഴക്കിയും ഇവർ ആഘോഷിച്ച ആവിഷ്കാരത്തിന്റെ നാളുകൾ, മിസ്റ്റർ കമൽ കേരളത്തിലെ സെൻസർ ബോർഡ് എന്റെ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തന്നില്ല ഒടുവിൽ ഞങ്ങൾ ഡൽഹിയിൽ നിന്ന് പൊരുതി സർട്ടിഫിക്കറ്റ് നേടിയെടുത്തു,കേരളത്തിൽ 59 തിയേറ്ററുകൾ ഞങ്ങൾക്ക് അനുവദിക്കപ്പെട്ടു, പക്ഷെ ഫാസിസ്റ്റുകൾ ഉറങ്ങാതെ നിന്നു,അവർ ഹിറ്റ്ലറെ പോലെ, മുസ്സോളനിയെ പോലെ, തിയേറ്ററുകളെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച റിലീസ് ആകേണ്ട സിനിമ അപ്രഖ്യാപിത വിലക്കുകളാൽ തിയേറ്ററുകളിൽ നിന്നു നീക്കം ചെയ്യപ്പെട്ടു, ഒരുപാട് സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷയോടെ കടം മേടിച്ചെടുത്ത സിനിമ അനാഥമായപ്പോൾ, ലക്ഷങ്ങളുടെ ബാധ്യതയാൽ ഞങ്ങൾ തെരുവിൽ വലിച്ചെറിയപ്പെട്ടു, മാധ്യമവാർത്തകളിൽ ഈ സിനിമ വിവാദമായിട്ടും കമൽ, താങ്കൾ ഒരു ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നു എവിടെയായിരുന്നു താങ്കളുടെ ചുകപ്പൻ ആവിഷ്കാരസ്വാതന്ത്ര്യം, രോഹിത് വെമുലയുടെ ഡോക്യൂമെന്ററി പോലെ ഞങ്ങൾ പോരാടിയതും കറുത്ത ഫാസിസത്തിനെതിരായിരുന്നു, കോഴിക്കോട് ജില്ലയിലും വടകരയിലും 50 ദിവസം ഈ സിനിമ നിറഞ്ഞാടിയിട്ടും ഷക്കീലയുടെ സിനിമ കോടികൾക്കു മേടിക്കുന്ന കേരളത്തിലെ നട്ടെല്ലില്ലാത്ത ചാനലുകൾ ഞങ്ങൾക്ക് സാറ്റലൈറ്റ് റേറ്റ് പോലും തന്നില്ല, ഈ തമ്പുരാക്കന്മാർ പറഞ്ഞത് ഞങ്ങൾക്ക് ഭീഷണി ഉണ്ട് എന്നുള്ളതാണ്, മിസ്റ്റർ കമൽ അധികാരം കിട്ടുമ്പോൾ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം അധികാരത്തിന്റെ മധുരം കിട്ടിയാൽ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം, സഫ്ദർ ഹാഷ്മി പറഞ്ഞത് പോലെ കലാകാരന്റെ ആശയത്തിന് വിലങ്ങു വീഴ്ത്തുന്നവർ ഒരു യുഗത്തിന്റെ ശത്രുക്കൾ ആണ് കാലത്തിന്റെ ശത്രുക്കൾ ആണ്, കമലിനോട് എനിക്ക് സഹതാപമേ ഉള്ളൂ കാരണം ഇത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലമാണ്, ലാൽ സലാം. മൊയ്‌തു താഴത്ത് (ഫിലിം ഡയറക്ടർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.