ചലച്ചിത്ര പുരസ്കാരം: മോഹൻലാലിനെ ക്ഷണിക്കും- എ.കെ ബാലൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലൻ. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച സര്‍ക്കാര്‍ കൈമാറും. തന്നെ ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാത്ത ചടങ്ങിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്നും മോഹന്‍ലാൽ പ്രതികരിച്ചതിന് പിന്നാലെയാണ് ക്ഷണക്കത്ത് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആരോടെങ്കിലും പക തീർക്കാനുള്ളതല്ല സിനിമാ വേദികൾ. വിവാദങ്ങൾ മാറ്റിെവച്ച് ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാനസർക്കാറിനും സാംസ്കാരികവകുപ്പിനും പ്രത്യേക താൽപര്യങ്ങളില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ സമാപനയോഗത്തിൽ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് മോഹന്‍ലാലാണ് തീരുമാനിക്കേണ്ടത്. ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നല്‍കിയിട്ടില്ല. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിെൻറ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ഇന്ദ്രൻസ് അടക്കം താരങ്ങൾക്കൊന്നും മോഹൻലാൽ പങ്കെടുക്കുന്നതിനോട് എതിർപ്പില്ല. പുരസ്കാരദാന ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരേത്ത തമിഴ്നടൻ സൂര്യ മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് എട്ടിന് നിശാഗന്ധിയിലാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.