ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായി –ശ്രീനിവാസൻ
text_fieldsകൂത്തുപറമ്പ്: ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണുള്ളതെന്നും സഹപ്രവർത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതാണ് തെൻറ വീടിന് കരിഓയിൽ ഒഴിക്കാൻ കാരണമെന്നും നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പൂർവവിദ്യാർഥി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആക്രമണത്തിനിരയായ നടിയോട് തനിക്കിപ്പോഴും അനുഭാവമാണുള്ളത്. വേദനിപ്പിക്കുന്ന സംഭവമുണ്ടായപ്പോൾ ആദ്യമായി നടിയെ വിളിച്ചന്വേഷിച്ചതിലൊരാൾ താനായിരുന്നു. എന്നാൽ, ദിലീപുമായും ഏറെനാളത്തെ ബന്ധമാണുള്ളത്. താനറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അതിെൻറപേരിലാണ് വീടിനുനേരെ കരിഒായിൽ പ്രയോഗമുണ്ടായത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജീവിക്കുന്നത് ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്. സൗന്ദര്യവും സാമ്പത്തികശേഷിയുമില്ലാതിരുന്ന താൻ ഏറെ കഷ്ടപ്പെട്ടാണ് സിനിമയിൽ പിടിച്ചുനിന്നത്. മലയാളത്തിലെ ആദ്യകാലത്തെ പല സംവിധായകരും തന്നെനോക്കി പരിഹസിച്ചവരാണ്.
എന്നാൽ, അവരുടെ പേരിലുള്ള അവാർഡ് വാങ്ങാനും പിന്നീട് യോഗമുണ്ടായി. നാടകത്തിലൂടെ ലഭിച്ച സിദ്ധിയാണ് തന്നിലെ കലാപ്രതിഭയെ ഉണർത്തിയത്. തെൻറ ഓരോ സിനിമയുടെ വിജയത്തിനുപിന്നിലും മാസങ്ങളോളം നീളുന്ന കഷ്ടപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിർമലഗിരി കോളജ് 1973--76 ബാച്ച് ബി.എ ഇക്കണോമിക്സ് വിദ്യാർഥികളുടെ കൂട്ടായ്മ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.ജെ. സലീന അധ്യക്ഷത വഹിച്ചു. ശ്രീനിവാസെൻറ പത്നി വിമലടീച്ചർ, വൈസ്. പ്രിൻസിപ്പൽ ഫാ. ജോബി, ഡോ. സിസ്റ്റർ മേരിക്കുട്ടി അലക്സ്, എം.ഡി. ദേവസ്യ, പി. ജനാർദനൻ, സുകുമാരൻ ഒതയോത്ത്, ഒ. ഗംഗാധരൻ, പി. അച്യുതൻ, കെ.കെ. ശ്രീധരൻ, പി. സാവിത്രി എന്നിവർ സംസാരിച്ചു. മുൻ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.