ഓൺലൈനിൽ സിനിമ റിലീസ് ചെയ്യുമ്പോൾ തിയേറ്ററുകളുടെ ഭാവിയെന്താകും
text_fieldsജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും ആമസോൺ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. വിജയ് ബാബു, ജയസൂര്യ, മറ്റെല്ലാ ടീമംഗങ്ങൾക്കും ആശംസകൾ. തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവർക്കും പ്രതിഫലം കാത്തിരിക്കുന്നവർക്കുമൊക്കെ വലിയ ആശ്വാസമാണ് ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമുകൾ. പക്ഷേ ഒപ്പം ഓർക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.
കേരളത്തിൽ ചെറുതും വലുതുമായ അഞ്ഞൂറോളം തിയേറ്ററുകളുണ്ട്. മൾട്ടിപ്ലക്സുകൾ വേറെയും. ഒരു സ്ക്രീൻ മാത്രമുള്ള തീയേറ്ററിൽ മിനിമം 7 - 10 ജീവനക്കാർ ഉണ്ടാവും. സ്ക്രീനിന്‍റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും. പലിശക്ക് കടമെടുത്തും ലോൺ സംഘടിപ്പിച്ചുമൊക്കെ തിയേറ്റർ നടത്തുന്ന ഇടത്തരം തീയേറ്റർ ഉടമകൾ, (ഇങ്ങനെ തീയേറ്റർ നടത്തിയിരുന്ന വകയിലൊരു ബന്ധു കൊട്ടക പൂട്ടി കല്യാണമണ്ഡപമാക്കിയിരുന്നു) ഈ തിയേറ്ററുകളിൽ ജോലി ചെയ്യുന്ന അയ്യായിരത്തിൽപരം ജീവനക്കാർ, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ... ഇവരുടെയൊക്കെ ജീവിതം കൂടി ചേർത്തുവച്ച് വേണം ഈ വിഷയത്തെ കാണാൻ.
അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേർ ഓരോ തിയേറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിർത്താൻ ഇടക്കിടെ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമകൾ റിലീസായി തുടങ്ങിയാൽ ഈ തിയേറ്ററുകാർ പിന്നെ എന്തുചെയ്യും? അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തിൽ സർക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മിൽ വിശദമായ ചർച്ച ആവശ്യമാണ്.
ബോളിവുഡിലും അടുത്തിടെ തമിഴ്നാട്ടിലും സിനിമകൾ ഡിജിറ്റൽ റിലീസിങ് നടത്തിയിരുന്നു. ഒരുപക്ഷേ അനിവാര്യമായ ഒരു 'പരിഹാര'മായി മലയാള സിനിമകൾക്കും ആ വഴി പോവേണ്ടി വരുമോ? കോവിഡ് ഉടനെങ്ങും പോവില്ല എന്നാണെങ്കിൽ പ്രസ്തുത പ്രശ്നങ്ങൾക്ക് പരിഹാരം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട്? സിനിമാ നിർമാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകൾ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശദമായ ചർച്ചയും ബുദ്ധിപൂർവ്വമായ ഇടപെടലും വേണം.
(സംവിധായിക വിധു വിൻസെന്‍റ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.