മലയാള സിനിമയിലെ താരരാജാക്കന്മാർ കൊലയുടെ കലയാണ് പഠിപ്പിക്കുന്നത്- ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാർ കൊലയുടെ കലയാണ് പഠിപ്പിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ. പുരോഗമനകലാസാഹിത്യ സംഘടന വഴുതക്കാട് യൂനിറ്റും ചലച്ചിത്ര അക്കാദമിയും ചേർന്ന് കോട്ടൺഹിൽ എൽ.പി.എസിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ താരരാജാക്കന്മാർ അഭിനയത്തിലെ അദ്ഭുത പ്രതിഭയായ ചാർളി ചാപ്ലിനെ വായിക്കണം. ചാപ്ലിൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടില്ല. അമ്മയെന്ന സംഘടനയുണ്ടാക്കിയില്ല. ഫാസിഷ്റ്റ് പ്രവണത കാണിച്ചില്ല. ഇവിടുത്തെ താരങ്ങൾ അൽപത്തമാണ് കാണിക്കുന്നത്. സിനിമയിലെ അവരുടെ കഥാപാത്രങ്ങൾ സാമൂഹിക വിരുദ്ധന്മാരെയാണ് സൃഷ്ടിക്കുന്നത്. അവരുടെ സിനിമകൾ യുവതലമുറയെ ജയിലിലേക്ക് അയക്കാൻ പാകത്തിലുള്ളവയാണ്.
എങ്ങനെയും പണമുണ്ടാക്കാമെന്ന വിചാരം യുവാക്കളിൽ ഉണ്ടാക്കുന്നതിൽ ഈ സിനിമകൾ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. മുതലാളിമാരാണ് ഈ താരപ്രഭകളെ സൃഷ്ടിക്കുന്നത്. അവരുടെ സിനിമകൾ നമ്മുടെ ചിന്തകളെ കാലിയാക്കുകയാണ്. അതിനാൽ കുട്ടികൾക്ക് ലോകസിനിമയുടെ ഭൂപടം കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥാകൃത്ത് സജീവ് പാഴൂരിനെ മന്ത്രി പൊന്നാട അണിയിച്ചു. പു.ക.സ പ്രസിഡൻറ് വി. അനന്തൻ അധ്യക്ഷത വഹിച്ചു. മഹേഷ് പഞ്ചു, വിനോദ് വൈശാഖി, ശാസ്തമംഗലം ശശിധരൻ, സി. പ്രസന്നകമാർ, ബിന്ദു ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്രോത്സവം 29ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.