ശബ്ദസന്ദേശം പുറത്ത് : രാജിവെച്ച നടിമാരോട് മറുപടി പറയേണ്ടെന്ന് ഗണേഷ്കുമാർ
text_fieldsകൊച്ചി: നടിമാർ രാജിവെച്ചതിനെ തുടർന്ന് ‘അമ്മ’യിലുണ്ടായ വിവാദം തുടരുന്നതിനിടെ നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാർ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്തായി.
രാജിവെച്ച നടിമാരോട് മറുപടി പറയേണ്ടെന്നും ‘അമ്മ’ എന്ന സംഘടനക്ക് പൊതുജനങ്ങളുടെ പിന്തുണയൊന്നും ആവശ്യമില്ലെന്നുമുള്ള സന്ദേശം, വിഷയത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടൽ മാധ്യമങ്ങളിൽ ആളാകാനാണെന്നും ചൂണ്ടിക്കാട്ടുന്നു. ശബ്ദസന്ദേശം പുറത്തായതോടെ ഇത് താൻ അയച്ചതാണെന്ന് സ്ഥിരീകരിച്ച ഗണേഷ്കുമാർ, നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞു.
‘അമ്മ’യിൽനിന്ന് തന്നെയാണ് ഇത് ചോർന്നതെന്നും അതിനെ ക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രസിഡൻറിനോടും സെക്രട്ടറിയോടും ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
ശബ്ദസന്ദേശം
‘‘അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയൊന്നും നമുക്ക് ആവശ്യമില്ല. നമ്മൾ നമ്മുടെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. ജനങ്ങളുടെ കൈയടിവാങ്ങിക്കാൻ വേണ്ടി നടത്തുന്ന സംഘടനയല്ല. അതുകൊണ്ട് ഇതിനോടൊന്നും അംഗങ്ങൾ പ്രതികരിക്കരുത്.
ചില രാഷ്ട്രീയ നേതാക്കൾ അവരുടെ പേര് മാധ്യമങ്ങളിൽ വരാൻ വേണ്ടിയും ആളാകാൻ വേണ്ടിയും പലതും പറഞ്ഞുകൊണ്ട് വരും. അവർ രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലാത്തവരാണ്. അതുകൊണ്ട് നമ്മൾ ഇതിന് മറുപടി പറയരുത്. രാജിവെച്ചവർ ‘അമ്മ’യിലും സിനിമയിലും സജീവമല്ല. ‘അമ്മ’ നടത്തിയ മെഗാഷോയിൽ ഇവരാരും വന്ന് സഹകരിച്ചില്ല. അവർക്ക് വേറെ സംഘടനയുണ്ടാക്കുകയോ പ്രവർത്തിക്കുകയോ െചയ്യാം. അമ്മക്കെതിരേ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാൻ കിട്ടുന്ന ഏതൊരു അവസരവും അവർ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല. അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുകയാണ്.’’
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രി ജി.സുധാകരൻ, വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ തുടങ്ങിയവർ ‘അമ്മ’ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.