ഡോക്യുമെന്‍ററി വിലക്കിനെതിരെ സര്‍ക്കാര്‍ അപ്പീൽ നൽകുമെന്ന് ബാലൻ
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെയുള്ള നിയമയുദ്ധത്തിൽ സംസ്ഥാന സര്‍ക്കാറും കക്ഷി ചേരുന്നു. സിനിമകളുടെ സംവിധായകര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചലച്ചിത്ര അക്കാദമിക്കുവേണ്ടി സര്‍ക്കാര്‍ കക്ഷി ചേരുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ഇതിനായുള്ള നടപടി സ്വീകരിക്കും. ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അക്കാദമിയാണ് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ടതെന്ന് നിർമാതാക്കള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട് ഹൈകോടതി പറഞ്ഞിരുന്നു.
വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതയുടെ ഭാഗമായാണ് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെ കാണേണ്ടത്. മതനിരപേക്ഷ സംസ്‌കാരത്തിനെതിരേയുള്ള അടിയന്തരാവസ്ഥയാണിത്. ഈ സിനിമയുടെ പിന്നണിയില്‍ മലയാളികളുണ്ട്. ഇവരാരും ദേശദ്രോഹികളല്ല. ഇന്ത്യയിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളെക്കുറിച്ചും ജനകീയപ്രക്ഷോഭങ്ങളെക്കുറിച്ചും സിനിമയെടുക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ലെന്നും മന്ത്രി പറഞ്ഞു.
രോഹിത് വെമുല, ജെ.എൻ.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്. രോഹിത് വെമുലയെക്കുറിച്ചുള്ള 'അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നെസ്', കശ്മീര്‍ വിഷയം പറയുന്ന 'ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍', ജെ.എൻ.യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' എന്നീ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.