സർക്കാർ സഹായമില്ലാതെ ചലച്ചിത്രമേള നടത്താൻ അനുമതി
text_fieldsതിരുവനന്തപുരം: സർക്കാർ ഫണ്ടില്ലാതെ കേരള രാജ്യാന്തര ചലച്ചിത്രമേള നടത്താൻ ചലച്ചിത്ര അക്കാദമിക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. ഡെലിഗേറ്റ് ഫീസ് ഉയർത്തിയും പരസ്യത്തിലൂടെ വരുമാനം കണ്ടെത്തിയും മേള നടത്താനാണ് അക്കാദമി ചെയർമാൻ കമലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്.
എന്നാൽ, സർക്കാർ സഹായമില്ലാതെ മേള നടത്താൻ ബുദ്ധിമുട്ടാണെന്നും അക്കാദമിക്ക് നീക്കിവെച്ച പദ്ധതിവിഹിതത്തിൽ നിന്ന് മേളക്ക് ഒരുകോടി രൂപയെങ്കിലും അനുവദിക്കണമെന്നുമാണ് മന്ത്രി എ.കെ. ബാലെൻറ പക്ഷം. ഇതുസംബന്ധിച്ച് മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
തിങ്കളാഴ്ച കമലും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും മുഖ്യമന്ത്രിയെ സന്ദർശിച്ച് ചലച്ചിത്രമേള നടത്തുന്നതിനുള്ള ബജറ്റ് അവതരിപ്പിച്ചിരുന്നു. ജനറൽ വിഭാഗത്തിൽ ഡെലിഗേറ്റ് ഫീസ് 650 രൂപയിൽനിന്ന് 1500 ആക്കും. വിദ്യാർഥികളുേടത് 350 നിന്ന് 700 രൂപയാക്കും. മത്സരവിഭാഗം, മലയാള സിനിമ, ഇന്ത്യൻ സിനിമ എന്നീ വിഭാഗങ്ങൾ മാത്രമായി മേള ചുരുക്കാമെന്നും കമൽ അറിയിച്ചു.
മൂന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡെലിഗേറ്റ് ഫീസിലൂടെ രണ്ട് കോടി കണ്ടെത്താൻ കഴിയുമെന്നാണ് അക്കാദമിയുടെ പ്രതീക്ഷ. ബാക്കി ഒന്നരക്കോടി പരസ്യത്തിലൂടെ കണ്ടെത്തണമെന്ന നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുെവച്ചത്.
തീരെ പണം അനുവദിക്കാത്തതിൽ സാംസ്കാരികവകുപ്പിന് അതൃപ്തിയുണ്ട്. അക്കാദമിക്ക് ഒന്നരക്കോടിയുടെ പരസ്യം കണ്ടെത്താൻ സാധിക്കില്ലെന്ന് മന്ത്രി ബാലൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.