രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും
text_fieldsതിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തിരിതെളിയും. മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മന്ത്രി എ.കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12 വരെ നീളുന്ന മേളയിൽ 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തത്.
തലസ്ഥാന നഗരിയിലെ 14 തിയറ്ററുകൾ പ്രദർശനസജ്ജമായി. വിവിധ തിയറ്ററുകളിലായി 8998 സീറ്റുകളാണുള്ളത്. 3500 സീറ്റുകളുള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമ പ്രദർശനത്തിെൻറ തലേദിവസം 12 മണി മുതൽ അർധരാത്രി 12 വരെ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. ക്യൂ നിൽക്കാതെ ഭിന്നശേഷിക്കാർക്കും എഴുപതു കഴിഞ്ഞവർക്കും തിയറ്ററുകളിൽ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാർക്കായി തിയറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ആറിന് വൈകീട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സെർഹത്ത് കരാസ്ളാൻ സംവിധാനം ചെയ്ത ‘പാസ്ഡ് ബൈ സെൻസർ’ ആണ് ഉദ്ഘാടന ചിത്രം. എട്ടുദിവസം നീളുന്ന മേളയിൽ 186 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.