ജെ.സി ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്
text_fieldsതിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേല്‍ പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടി. 'സിനിമ: കണക്കും കവിതയും' എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത 'ഗാനം' 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.