മനുഷ്യനെ ഭയപ്പെടുത്തി ദേശീയതയെ ഉല്‍പാദിപ്പിക്കാന്‍ സംഘ്പരിവാര്‍ ശ്രമം -കമല്‍
text_fieldsതിരുവനന്തപുരം: മനുഷ്യനെ ഭയപ്പെടുത്തി ദേശീയത ഉല്‍പാദിപ്പിക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കേരള ലെജിസ്ളേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരും ഇന്ന് ഭയപ്പാടോടെയാണ് ദേശീയതയെയും ദേശീയഗാനത്തെയും കേള്‍ക്കുന്നത്. ‘ദംഗല്‍’ എന്ന സിനിമയില്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ പ്രേക്ഷകന്‍ ചാടിയെഴുന്നേല്‍ക്കണമെങ്കില്‍ അത് ദേശീയഗാനത്തോടുള്ള ബഹുമാനം കൊണ്ടല്ല മറിച്ച് പൊലീസ് പിടിക്കുമോയെന്ന ഭയം മൂലമാണ്.
ഒരു കലാസൃഷ്ടിക്ക് അകത്ത് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ളെന്ന സുപ്രീംകോടതി വിധി ആശ്വാസമാണ്. യുവതലമുറ സമകാലിക രാഷ്ട്രീയത്തോടും ചരിത്രത്തോടും മുഖം തിരിക്കുന്നത് ആശാസ്യമല്ല. അരാഷ്ട്രീയവാദം കുത്തിവെക്കപ്പെടുന്ന യുവതലമുറക്ക് വേണ്ടിയാണ് തന്നെപ്പോലുള്ളവര്‍ക്ക് ശബ്ദിക്കേണ്ടിവരുന്നത്. പാകിസ്താനിലേക്ക് പോകണമെന്ന് സംഘ്പരിവാര്‍ പറഞ്ഞപ്പോള്‍ പാകിസ്താന്‍ അത്ര അധമരാജ്യമാണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ശത്രുരാജ്യമെന്നതിനപ്പുറം ഗുലാം അലിയെപ്പോലെ എത്രയോ മഹാന്മാരുടെ നാടാണ് അത്.
ഭാരതീയ സംസ്കൃതിയായി കൊട്ടിഗ്ഘോഷിക്കുന്ന ഹാരപ്പയും മോഹന്‍ജദാരോയുമൊക്കെ പാകിസ്താനിലാണ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ജനിച്ചത് പാകിസ്താനിലല്ളേ. അതുകൊണ്ട് അവിടേക്ക് പോകാന്‍ പേടിയില്ല. സിന്ധു എന്നത് പാകിസ്താനിലായതുകൊണ്ട് ദേശീയഗാനത്തില്‍നിന്ന് ‘സിന്ധ്’ എന്ന വാക്ക് എടുത്തുമാറ്റണമെന്ന് സംഘ്പരിവാര്‍ പറയുന്ന കാലം വിദൂരമല്ല.
രാഷ്ട്രീയക്കാരെക്കാള്‍ ജനം മുഖവിലയ്ക്കെടുക്കുന്നത് സാംസ്കാരിക പ്രവര്‍ത്തകരുടെ വാക്കുകള്‍ക്കാണ്. ആ ഭയമാണ് തനിക്കെതിരെയും എം.ടിക്കെതിരെയും തിരിയാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിച്ചത്. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും കൊലപാതകത്തിന് പിന്നിലും ഈ ഭയമാണ്. മാധവിക്കുട്ടി മുന്നോട്ടുവെച്ച മതചിന്തയാണ് ‘ആമി’ എന്ന ചിത്രത്തിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. മതം എനിക്കൊരു കുപ്പായമാണെന്നാണ് മാധവിക്കുട്ടി പറഞ്ഞത്.
മാതൃകകളില്ലാത്ത സ്ത്രീയാണ് മാധവിക്കുട്ടി. അങ്ങനെയൊരാളെക്കുറിച്ച് സിനിമ ചെയ്യുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ഞാനും നടി എന്ന നിലയില്‍ മഞ്ജുവാര്യരും ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, ഈ ഭയം മൂലമായിരിക്കാം ചിത്രത്തില്‍നിന്ന് പിന്മാറാന്‍ വിദ്യാബാലനെ പ്രേരിപ്പിച്ചതും. എന്നാല്‍, മഞ്ജു ആര്‍ജവത്തോടെ കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നു. കലാകാരന്മാര്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും വേണ്ടത് ഈ ആര്‍ജവമാണെന്നും കമല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.