രാഷ്ട്രീയത്തിൽ വിജയിക്കാൻ പണവും പ്രശ്സ്തിയും മാത്രം പോരെന്ന് രജനീകാന്ത്
text_fieldsചെന്നൈ: രാഷ്ട്രീയത്തിൽ വിജയിക്കാൻ സിനിമയിൽനിന്ന് ലഭിക്കുന്ന പ്രശസ്തിയും സ്വാധീനവും മാത്രം പോരെന്നും അതിനപ്പുറം ചിലതുണ്ടെന്നും തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. നടൻ ശിവാജി ഗണേശൻ സ്മാരക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനിയും കമൽഹാസനും വേദിപങ്കിട്ട ചടങ്ങിൽ രാഷ്ട്രീയം ചർച്ചയായത് ശ്രദ്ധേയമായി.
ശിവാജി ഗണേശൻ ജനകീയനായിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ വിജയിക്കാനായില്ലെന്ന് രജനികാന്ത് ചൂണ്ടിക്കാട്ടി. അദ്ദേഹം പാർട്ടിയുണ്ടാക്കി സ്വന്തം നിയോജക മണ്ഡലത്തിൽ മത്സരിച്ചപ്പോൾ തോൽക്കുകയായിരുന്നു. സിനിമയിലെ പ്രശസ്തികൊണ്ട് രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ലെന്ന സന്ദേശമാണ് ഇൗ അനുഭവം നൽകുന്നത്.
രാഷ്ട്രീയവിജയത്തിന് പ്രശസ്തിക്കപ്പുറം എന്താണ് വേണ്ടതെന്ന് തനിക്കറിയില്ല. എന്നാൽ, കമൽഹാസന് അറിയാമായിരിക്കാം. തന്നോട് പങ്കുവെക്കാൻ അദ്ദേഹം തയാറാകുമെന്ന് കരുതുന്നില്ലെന്നും കമൽഹാസനെ നോക്കി തമാശരൂപത്തിൽ രജനി പറഞ്ഞു.
എന്നാൽ, ശിവാജി ഗണേശൻ പ്രാദേശിക-ദേശീയ രാഷ്ട്രീയത്തെ അതിജയിച്ച നടനായിരുന്നെന്നായിരുന്നു കമൽഹാസെൻറ മറുപടി. താൻ സിനിമാക്കാരൻ ആയിരുന്നില്ലെങ്കിലും ഇൗ ചടങ്ങിന് എത്തുമായിരുന്നു. പ്രവേശിപ്പിച്ചില്ലെങ്കിൽ പുറത്തുനിന്ന് വീക്ഷിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ കമൽഹാസനും രജനികാന്തും തങ്ങളുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചിപ്പിച്ചു. ഡെങ്കിപ്പനി വ്യാപനം, അഴിമതി തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി എ.െഎ.എ.ഡി.എം.കെ സർക്കാറിനെ കമൽഹാസൻ വിമർശിച്ചു. ശിവാജിയുടെ സ്മാരകവും പ്രതിമയും സ്ഥാപിക്കാൻ വൈകിയത് അദ്ദേഹം ഒരു നടനായതുകൊണ്ടാണെന്ന് രജനികാന്ത് കുറ്റപ്പെടുത്തി.
ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം സ്മാരകം ഉദ്ഘാടനം ചെയ്തു. ഫിഷറീസ് മന്ത്രി ഡി. ജയകുമാറോ ഇൻഫർമേഷൻ മന്ത്രി കദമ്പൂർ രാജുവോ ഉദ്ഘാടനം ചെയ്യുമെന്നാണ് സർക്കാർ നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവാജി ഗണേശെൻറ മകനും നടനുമായ പ്രഭുവും ഡി.എം.കെയും രംഗത്തെത്തിയതോടെയാണ് പന്നീർസെൽവത്തെ ചുമതലപ്പെടുത്തിയത്. തിരക്കുകാരണം പെങ്കടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പളനിസാമി നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.