രക്ഷകരായി നെറ്റ്ഫ്ലിക്സ്; ‘കപ്പേള’ ഇനി ഓൺലൈനായി കാണാം
text_fields
തിരുവനന്തപുരം: കോവിഡ് 19 മൂലം ഏറെ നഷ്ടം സംഭവിച്ച മേഖലയാണ് സിനിമരംഗം. ലോക്ഡൗണിന് തൊട്ടുമുമ്പ് റിലീസ് ചെയ്ത പടങ്ങളെയാണ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത്. ദേശീയ പുരസ്കാര ജേതാവായ നടൻ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ ‘കപ്പേള’ കഴിഞ്ഞ മാർച്ചിലാണ് തീയറ്ററിലെത്തിയത്. മികച്ച പ്രേക്ഷകപ്രീതി സ്വന്തമാക്കാനായെങ്കിലും അഞ്ചുദിവസം മാത്രമാണ് ചിത്രം പ്രദർശിപ്പിക്കാനായത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്ന മുറക്ക് വീണ്ടും പ്രദർശനത്തിനെത്തിക്കാൻ അണിയറപ്രവർത്തകർ ഒരുങ്ങുന്നതിനിടെ ചിത്രം ഉടൻ ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകുമെന്ന് സംവിധായകൻ മുസ്തഫ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 190 രാജ്യങ്ങളിൽ നിന്നും സിനിമ പ്രേമികൾക്ക് ചിത്രം ആസ്വദിക്കാനാകും. തീയറ്ററിൽ നൽകിയ പിന്തുണ ഓൺലൈൻ റിലീസിങ് സമയത്തും നൽകണമെന്ന് മുസ്തഫ അഭ്യർഥിച്ചു.
റെക്കോഡ് തുകക്കാണ് നെറ്റ്ഫ്ലിക്സ് കപ്പേളയുടെ അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ലോക്ഡൗൺ തീരുന്ന മുറക്ക് നിരവധി ചിത്രങ്ങൾ റിലീസ് കാത്തുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാകും ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നാണ് നിഗമനം. പൊതുവേ മലയാള സിനിമകൾ വാങ്ങാൻ താൽപര്യം കാണിക്കാത്ത നെറ്റ്ഫ്ലിക്സ്, കപ്പേള പോലുള്ള ചെറിയ ചിത്രങ്ങൾ സ്വന്തമാക്കാൻ താൽപര്യം കാണിച്ചതിൽ അതീവ സന്തുഷ്ടരാണ് സിനിമ മേഖലയിലുള്ളവർ.
റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത്.സുധി കോപ്പ, തന്‍വി റാം, നീല്‍ജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ് എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
കഥാസ് അണ്‍ടോള്‍ഡിൻെറ ബാനറില്‍ വിഷ്ണു വേണുവാണ് നിർമാണം. വിനായക് ശശികുമാറിൻെറ വരികൾക്ക് സുഷീൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്നു. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. നൗഫല്‍ അബ്ദുല്ല എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.