കരിന്തണ്ടനായി വിനായകൻ; സംവിധാനം ലീല
text_fieldsതാമരശ്ശേരി ചുരം പാത കണ്ടെത്തിയ കരിന്തണ്ടൻ മൂപ്പന്‍റെ ചരിത്രം സിനിമയാകുന്നു. ആദിവാസി സംവിധായിക ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിന്തണ്ടന്‍റെ വേഷത്തിലെത്തുന്നത് വിനായകനാണ്. കരിന്തണ്ടൻ എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്. ഗീതു മോഹൻദാസാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറക്കിയത്. കലക്ടീവ് ഫേസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
കരിന്തണ്ടൻ
1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇന്നും എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. വയനാടന്‍ അടിവാത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്‍റെ മൂപ്പനായിരുന്നു കരിന്തണ്ടന്‍.
പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ബ്രിട്ടീഷുകാർ കോഴിക്കോടുമെത്തി. താമരശ്ശേരി അടിവാരം വരെ എത്തിയ ബ്രിട്ടീഷുകാർക്ക് അവിടെ ഉയർന്നു നിൽക്കുന്ന മല നിരകൾ അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു. മല കയറിയാൽ വയനാട്ടിലെ സുഗന്ധദ്രവ്യങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാമെന്ന് മനസിലായ അവർ അതിനുള്ള വഴികൾ ആരാഞ്ഞു. ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്. പക്ഷേ അതൊരു സ്വപ്‌നമായി തന്നെ അവശേഷിച്ചു. പാതക്ക് വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി. അടിവാരത്ത് ആടുമേച്ചു നടന്നിരുന്ന ആജാനുബാഹുവായ കരിന്തണ്ടനാണ് അവര്‍ക്ക് ആ വഴി തുറന്നുകൊടുത്തത്. കാടിന്‍റെ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്‍റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തി. ഈ പാത കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന് ചിന്തിച്ച ബ്രിട്ടീഷുകാർ കരിന്തണ്ടനെ ചതിയിലൂടെ കൊലപ്പെടുത്തി.
വായ്‌മൊഴിയായി പറയപ്പെടുന്ന ഈ ചരിത്രം ആധികാരികമല്ലെങ്കിലും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്‍റെ ആത്മാവും വയനാട് ചുരത്തിലിപ്പോഴും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.