സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും –കോട്ടയം നസീർ
text_fieldsജുബൈൽ: വേദികളിലെ ഒറ്റയാൻ പ്രകടനത്തിൽനിന്ന് സിനിമയുടെ അഭ്രപാളികളിലേക്ക് കൂട ുതൽ കേന്ദ്രീകരിക്കാൻ ശ്രമം ആരംഭിച്ചതായി മിമിക്രി കലാകാരനും സിനിമ നടനുമായ കോട്ടയം നസീർ. ജുബൈൽ അറേബ്യൻ റോക്ക് സ്റ്റാർ സംഘടിപ്പിച്ച ‘വിസ്മയരാവിൽ’ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. 30 കൊല്ലമായി വേദികളിൽ മിമിക്രി അവതരിപ്പിക്കുന്നു. താരങ്ങളുടെ ശബ്ദാനുകരണമാണ് ഏറെ ജനപ്രീതി ഉണ്ടാക്കിത്തന്നത്. എന്നാൽ, സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള ശ്രമം. ഷാജോൺ സംവിധാനം നിർവഹിച്ച ‘ബ്രദേഴ്സ് ഡേ’യിലെ കഥാപാത്രം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന സന്തോഷവും ആത്മവിശ്വാസവും ഉണ്ട്. പൃഥിരാജാണ് ആ വേഷം എന്നെ കൊണ്ട് ചെയ്യിക്കാൻ നിർദേശിച്ചത്. അതൊരു വലിയ അനുഗ്രഹമായിരുന്നു. എെൻറ ശിഷ്യനായിരുന്ന ഷാജോണിനെ ‘കരടി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിക്കാൻ കഴിഞ്ഞിരുന്നു.
അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രത്തെ എനിക്ക് ലഭിച്ചു. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനോട് പറഞ്ഞ കഥ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. സിനിമയുടെ എഴുത്തുജോലികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇതൊരു മാസ്സ് സിനിമയായിരിക്കും. മിമിക്രി അടിസ്ഥാനമായുള്ള സിനിമയല്ല. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഞാൻതന്നെയാണ് ചെയ്യുന്നത്. ഇനി അങ്ങോട്ട് അച്ഛൻ, ചേട്ടൻ, അളിയൻ അമ്മാവൻ തുടങ്ങിയ കഥാപാത്രങ്ങളിലേക്ക് വഴിമാറേണ്ടിവരും. ആദ്യമായി ‘കുട്ടിച്ചൻ’ എന്നൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. ഇപ്പോൾ എഴുതാനും മറ്റും ധാരാളം ആവശ്യക്കാർ എത്തുന്നുണ്ട്. എന്നാൽ, ആദ്യ ചലച്ചിത്രം പുറത്തിറങ്ങിയ ശേഷമേ കൂടുതൽ ഉത്തരവാദിത്തങ്ങളിലേക്ക് തിരിയുകയുള്ളൂ.
ഇപ്പോഴും പഴയ താരങ്ങളെ അനുകരിക്കുകയാണ് ചെയ്തുപോരുന്നത്. പുതിയ താരങ്ങളുടേതും കുറേയൊക്കെ ചെയ്യുന്നുണ്ട്. കൂടുതൽ അത് ചെയ്യാത്തത് എനിക്ക് ഇപ്പോഴും പഴയ താരങ്ങളെ അനുകരിക്കുമ്പോൾ ഒരു ആത്മ സംതൃപ്തി ലഭിക്കാറുണ്ട്. മിമിക്രിലോകത്ത് ഒറ്റക്കാണ് ചുവടുറപ്പിച്ചത്. ‘കറുകച്ചാൽ വോയിസ്’ എന്ന പേരിൽ ഒറ്റക്കായിരുന്നു വേദികളിൽ പ്രകടനം നടത്തിയത്. പിന്നെ ഞങ്ങൾ മൂന്നാലുപേർ ചേർന്ന് ട്രൂപ് നടത്തി. ശേഷം കൊച്ചിൻ ഓസ്കറിൽ വന്നു. അന്നൊക്കെ 70 നടന്മാരെ വരെ അനുകരിച്ചിരുന്നു. ഫ്ലോവേഴ്സിൽ കൂടെയുള്ളവർ പുതിയ താരങ്ങളെ അനുകരിക്കുമ്പോൾ ജനം ഇപ്പോഴും എന്നോട് ആവശ്യപ്പെടുന്നത് കൊച്ചിൻ ഹനീഫയെ കാണിക്കാനും നരേന്ദ്രപ്രസാദിനെ അനുകരിക്കാനുമൊക്കെയാണ്.
മാത്രവുമല്ല, എല്ലാ ദിവസവും പുതുതായി ഓരോന്ന് വേദിയിൽ അവതരിപ്പിക്കാനാവില്ല. ഞാനിപ്പോൾ മദ്യപാനിയായി വന്നാലും ആൾക്കാർ ആഗ്രഹിക്കുന്ന ഒന്നുണ്ട്, അത് ബ്രാൻഡ് ചെയ്യപ്പെട്ടുപോയതാണ്. ദാസേട്ടൻ സ്റ്റേജിൽ മിമിക്രി കാണിച്ചാൽ ശരിയാവില്ലല്ലോ. ഓരോരുത്തരും ഓരോ രീതിയിൽ ബ്രാൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറക്ക് അവസരങ്ങൾ ലഭിക്കുകയും അവർ ഉയർന്നുവരുകയും വേണം. തെൻറ 56 ചിത്രരചനയുടെ പ്രദർശനം അടുത്തിടെ സംഘടിപ്പിച്ചിരുന്നുവെന്നും കോട്ടയം നസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.