മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം: 'അങ്കമാലി ഡയറീസി'നെതിരെ മകൾ
text_fieldsരണ്ട് വര്‍ഷമായി വിചാരണത്തടവുകാരിയായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ഫോട്ടോ 'അങ്കമാലി ഡയറീസി'ൽ എന്ന സിനിമയിൽ ദുരുപയോഗം ചെയ്തതിനെതിരെ മകൾ ആമി രംഗത്ത്. ചിത്രത്തിലെ പൊലീസ് സ്റ്റേഷൻ രംഗങ്ങളിൽ 'ഇവരെ സൂക്ഷിക്കുക' എന്ന ക്രിമിനലുകളുടെ പട്ടികയിൽ ഷൈനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതിനെ എതിർത്താണ് ആമി ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്. കോയമ്പത്തൂര്‍ ജയിലില്‍ത്തന്നെ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയുമാണ് ഷൈന.
സിനിമയിലെ പ്രസ്തുതഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകന്‍ വഴി നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും നീക്കം ചെയ്യാത്തപക്ഷം ഈ മാസം 30ന് വയനാട് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ആമി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ആമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
അങ്കമാലി ഡയറീസ് കണ്ടു. സ.ഷൈനയുടെ ഫോട്ടോ ഈ സിനിമയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ടായുന്നെങ്കിൽ പോലും കഴിഞ്ഞ ദിവസമാണു എനിക്ക് സിനിമ കാണാൻ കഴിഞ്ഞത്.
സിനിമയിലെ വില്ലൻ കഥാപാത്രങ്ങളായ കൊട്ടേഷനും ഗുണ്ടാപിരിവും ഭീക്ഷണിയും കഞ്ചാവ് വിൽപനയുമൊക്കെയായി നടക്കുന്ന രവിയുടേയും രാജന്റേയും ഗുണ്ടാ പ്രവർത്തനങ്ങളുടെ ഭീകരത വെളിവാക്കാൻ ഉപയോഗിച്ച സീനുകളുടെ തുടക്കം തന്നെ അങ്കമാലി പോലീസ് സ്റ്റേഷനെന്ന് സിനിമയിൽ കാണിക്കുന്ന പോലീസ് സ്റ്റേഷനകത്ത് രവിയുടേയും രാജന്റേയും മറ്റു ചിലരുടേയും ചിത്രം പതിച്ചിട്ടുള്ള 'ഇവരെ സൂക്ഷിക്കുക' എന്ന തലവാചകമുള്ള നോട്ടീസ് ബോർഡിൽ അവരുടെ ചിത്രങ്ങൾക്ക് സമീപം 'ശാന്ത' എന്ന പേരോടു കൂടി നല്ല ക്ലാരിറ്റിയുള്ളതും എൻലാർജ്ജ് ചെയ്തതുമായ സ. ഷൈനയുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ഇത് മൂന്നു സീനുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
തിരക്കഥാകൃത്തും സംവിധായകനും മറ്റു അണിയറ പ്രവർത്തകരും സമൂഹത്തെക്കുറിച്ച് എന്ത് കാഴ്ച്ചപ്പാടാണു വെച്ചു പുലർത്തുന്നത് എന്ന് അത്ഭുതപ്പെടുത്തുന്നു. സ. ഷൈന എന്ന സ്ത്രീ 20 നു മുകളിൽ കള്ളക്കേസുകൾ ചുമത്തപ്പെട്ട് വിചാരണത്തടവുകാരിയായി കഴിഞ്ഞ 2 വർഷമായി കേരളത്തിലേക്ക് ജയിൽമാറ്റം പോലും ലഭിക്കാതെ കോയമ്പത്തൂർ സെന്റ്രൽ ജയിലിലാണു. ഗുണ്ടായിസമോ വ്യക്തി വൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം. മറിച്ച്, മർദ്ദിതരെ നിർമ്മിക്കുന്ന നിലനിൽക്കുന്ന ഈ ജീർണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകർത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവർത്തിച്ചു എന്നതിനാണു.
കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകർത്ത് രാഷ്ട്രീയ പ്രവർത്തനത്തിനായ് ജീവിതം തന്നെ മാറ്റിവെച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണു സ. ഷൈന. ഈ സഖാവിനെ 'ഇവരെ സൂക്ഷിക്കുക' എന്ന ലേബലിൽ ഗുണ്ടകളുടെ ഫോട്ടോകൾക്കൊപ്പം ദ്വയാർത്ഥം വരുന്ന രീതിയിൽ 'ശാന്ത' എന്ന പേരു നൽകി അധിക്ഷേപിച്ചിരിക്കുകയാണു.
സ.ഷൈനയെ കോയമ്പത്തൂരിലെ സെന്റ്രൽ ജയിലിൽ റിമാന്റ് ചെയ്ത കോയമ്പത്തൂർ സെക്ഷൻസ് കോടതി വരെ ഷൈനയുൾപ്പെടുന്ന മാവോയിസ്റ്റ് പ്രവർത്തകർ മനുഷ്യ നന്മക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നാണു പറഞ്ഞിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു പോലും തെളിയുന്നതിനു മുൻപ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിർമ്മാതാക്കൾ ചെയ്തിരിക്കുന്നത്. ഇതു കേവലം യാഥർശ്ചികതയായി കാണാവുന്ന ഒന്നായി തോന്നുന്നില്ല.
ഈ സാഹചര്യത്തിൽ ഈ ഭാഗങ്ങൾ നീക്കം ചെയ്യാൻ അഡ്വ. ലൈജു വഴി വക്കീൽ നോട്ടീസ് അയക്കാൻ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയിൽ അഡ്വക്കേറ്റ് ലൈജു മുഖാന്തരം നേരിട്ട് ക്രിമിനൽ ഡിഫമേഷൻ ഫയൽ ചെയ്യാനും ഷൈന അറിയിച്ചിട്ടുണ്ട്.
സ.ഷൈനയുടെ സുഹൃത്തുക്കളും സഖാക്കളും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
അഡ്വക്കേറ്റ് ലൈജു : +919447866401
Laiju V G
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.