ഐ.എഫ്.എഫ്.ഐ; ലിജോ ജോസ് മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ
text_fieldsപനാജി: 49ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമക്ക് അഭിമാന നേട്ടം. മികച്ച നടനായി ചെമ്പൻ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ‘ഇൗ മ യൗ’ എന്ന ചിത്രത്തിലെ ഇൗശി എന്ന കഥാപാത്രത്തെ തന്മയീഭാവത്തോടെ പകർത്തിയതിനാണ് ചെമ്പൻ വിനോദിന് രജതമയൂരം ലഭിച്ചത്. ഇതേ സിനിമ ഉജ്ജ്വലമായി അണിയിച്ചൊരുക്കിയതിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും അംഗീകരിക്കപ്പെട്ടു. വിനോദിന് പത്തുലക്ഷം രൂപയും ലിജോക്ക് 15 ലക്ഷം രൂപയും പുരസ്ക്കാരമായി ലഭിക്കും.
ആദ്യമായാണ് മലയാളികൾക്ക് ഇൗ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ച് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ‘ടേക് ഒാഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി പാർവതിക്ക് രജതമയൂരം ലഭിച്ചിരുന്നു.
മികച്ച സിനിമക്കുള്ള സുവർണമയൂരം യുക്രെയ്ൻ-റഷ്യൻ ചിത്രമായ ഡോൺബാസ് നേടി. സെർജി ലോസ്നിറ്റ്സയാണ് സംവിധാനം. യുക്രെയ്നിലെ ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രം. മികച്ച നടിക്കുള്ള രജത മയൂരം ‘വെൻ ദ ട്രീസ് ഫാൾ’ എന്ന യുക്രെയ്നിയൻ ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച് നേടി.
‘റെസ്പെറ്റോ’ എന്ന ഫിലിപ്പീൻസ് ചിത്രമൊരുക്കിയ ആൽബർേട്ടാ മൊണ്ടെറാസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. ചെഴിയാൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ടു ലെറ്റ്, റോമൻ ബോണ്ടാർചുക് ഒരുക്കിയ യുക്രെയ്നിയൻ ചിത്രം േവാൾകാനോ, മിൽകോ ലാസറോവിെൻറ ‘അഗ’ എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
സമാധാനം പ്രചരിപ്പിക്കുന്നതിനുള്ള യുെനസ്കോ ഗാന്ധി പുരസ്കാരത്തിന് പ്രവീൺ മൊർച്ചാലെ സംവിധാനം ചെയ്ത ലഡാക്കി ചിത്രം ‘വാക്കിങ് വിത്ത് ദ വിൻഡ്’ അർഹമായി. ഇന്ത്യൻ സിനിമക്കു നൽകിയ സംഭാവനകൾ മാനിച്ച് സലിം ഖാനെ മേളയിൽ പ്രത്യേകമായി ആദരിച്ചു. 67 രാജ്യങ്ങളിൽനിന്നായി 200ലേറെ ചിത്രങ്ങളാണ് ഗോവ ചലച്ചിത്രമേളക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.