യുവനടിക്കും സിനിമയിലെ സ്ത്രീ സംഘടനക്കും അഭിവാദ്യമർപ്പിച്ച് എം.എ ബേബി
text_fieldsകോഴിക്കോട്: പുരുഷാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്ന മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനക്ക് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ അഭിവാദ്യങ്ങൾ. മലയാള സിനിമയിലും സമൂഹത്തിലാകെയും നിലനിൽക്കുന്ന പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഒരു യുവനടി ഹീനമായ ആക്രമണത്തിന് വിധേയമായതാണ് ഇന്നത്തെ സംഭവവികാസങ്ങൾക്ക് കാരണം. ആ പെൺകുട്ടി ഈ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ധീരത കാണിച്ചു. സിനിമയിലും സമൂഹത്തിലാകെയും ഇത്തരം ആക്രമണങ്ങൾ പലപ്പോഴും മൂടിവയ്ക്കാറാണ് പതിവ്. ഈ പെൺകുട്ടിയ്ക്കൊപ്പം കേരളസമൂഹവും സിനിമാലോകത്തെ വലിയൊരു പങ്കും ഉറച്ച് നില്ക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടർന്നാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. വിമൻ ഇൻ സിനിമ കളക്ടീവ്. ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണ്. കുറച്ചുകാലം മുമ്പ് സിനിമയിലെ സ്ത്രീകൾക്ക് ഇങ്ങനെ ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. സിനിമ സംഘടനകളിൽ ഏറ്റവും ശക്തമായ താരങ്ങളുടെ സംഘടന തന്നെ ഈ സ്ത്രീ കൂട്ടായ്മയെ അംഗീകരിച്ചിരിക്കുന്നു എന്നും എം.എ ബേബി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ.
മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്. സിനിമയിൽ മാത്രമല്ല കേരള സമൂഹത്തിലാകെ ദീർഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങൾ. സിനിമയ്ക്കും സിനിമാ താരങ്ങൾക്കും സമൂഹത്തിലുള്ള സ്വാധീനം അത്ര വലുതാണ്. സമൂഹത്തിലെ വലിയൊരു പങ്ക് ആളുകൾ ഇവർ മാതൃകകളാണെന്ന് കരുതുന്നു.
ഒരു യുവനടി ഹീനമായ ആക്രമണത്തിന് വിധേയമായതാണ് ഇന്നത്തെ സംഭവവികാസങ്ങൾക്ക് കാരണം. ആ പെൺകുട്ടി ഈ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ധീരത കാണിച്ചു. സിനിമയിലും സമൂഹത്തിലാകെയും ഇത്തരം ആക്രമണങ്ങൾ പലപ്പോഴും മൂടിവയ്ക്കാറാണ് പതിവ്. ഈ പെൺകുട്ടിയ്ക്കൊപ്പം കേരളസമൂഹവും സിനിമാലോകത്തെ വലിയൊരു പങ്കും ഉറച്ച് നില്ക്കുകയും ചെയ്തു. സർക്കാരും പൊലീസും ശക്തമായ നടപടി സ്വീകരിക്കുകയും പ്രതികൾ തടവിലാവുകയും ചെയ്തു.
ഈ സംഭവത്തെത്തുടർന്നാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ചേർന്ന് ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. വിമൻ ഇൻ സിനിമ കളക്ടീവ്. ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണ്. കുറച്ചുകാലം മുമ്പ് സിനിമയിലെ സ്ത്രീകൾക്ക് ഇങ്ങനെ ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. സിനിമ സംഘടനകളിൽ ഏറ്റവും ശക്തമായ താരങ്ങളുടെ സംഘടന തന്നെ ഈ സ്ത്രീ കൂട്ടായ്മയെ അംഗീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയിലെ അംഗങ്ങൾ മാത്രമല്ല, അതിലില്ലാത്ത സ്ത്രീകളും സിനിമയിലെ പുരുഷ മേധാവിത്വത്തെ തങ്ങളുടെ പ്രവർത്തികളിലൂടെ വെല്ലുവിളിക്കാനാരംഭിച്ചിരിക്കുന്നു. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള ഒരു പ്രതികരണം മാത്രമല്ല ഈ സംഘടന. സിനിമയിലെ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെല്ലാം എതിരായി ഇവർ നിലപാടെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ന് സിനിമയിലേക്ക് വന്നിട്ടുള്ള പെൺകുട്ടികൾ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിൽ ആർക്കും പിന്നിലല്ല. സിനിമയിലിന്ന് സംവിധായകരായും സാങ്കേതിക വിദഗ്ധരായും ഒക്കെ സ്ത്രീകളുണ്ട്. അവരെ പണ്ടെപ്പോലെ കീഴടക്കി വയ്ക്കാമെന്ന് ആരും കരുതരുത്. സിനിമയിലെ മുൻ തലമുറ ഈ മാറ്റം കാണണമെന്നാണ് എൻറെ അഭ്യർത്ഥന.
കേരളസമൂഹത്തിൽ പുരുഷാധിപത്യം ഉള്ളത് സിനിമയിൽ മാത്രമല്ല. സമൂഹജീവിതത്തിൻറെ എല്ലാ രംഗങ്ങളിലുമുണ്ടത്- കുടുംബം, രാഷ്ട്രീയം, മതം, മാധ്യമം, മുതലാളിത്തം, തൊഴിൽ, സംഘടനകൾ, സാഹിത്യം, കല എന്നിങ്ങനെ എല്ലായിടത്തും. പുരുഷൻ തീരുമാനിക്കും സ്ത്രീ അനുസരിക്കും. പുരുഷൻറെ അധികാരത്തെ ചോദ്യം ചെയ്യുന്നവർ അതിൻറെ ഫലം അനുഭവിക്കും. എന്നാൽ ഈ സ്ഥിതി ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.