സിനിമ അവാർഡ്: പ്രതിഷേധം നയിച്ച് കേരളം
text_fieldsന്യൂഡൽഹി: രാഷ്ട്രപതി സമ്മാനിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡുകളുടെ എണ്ണം 11 മാത്രമായി പരിമിതപ്പെടുത്തിയതിലുള്ള പ്രതിഷേധവും ചടങ്ങു ബഹിഷ്കരണവും നയിച്ചത് മലയാളികളായ അവാർഡ് ജേതാക്കൾ. മികച്ച സഹനടൻ ഫഹദ് ഫാസിൽ, മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശം നേടിയ പാർവതി എന്നിവരടക്കം മലയാളികളായ ഡസനിലേറെ പേർ മന്ത്രി സ്മൃതി ഇറാനിയിൽനിന്ന് അവാർഡ് സ്വീകരിക്കാൻ തയാറാകാതെ വിട്ടുനിന്നു. ഭാഗ്യലക്ഷ്മി, സുരേഷ് എറിയാട്, ഷൈനി ജേക്കബ് ബെഞ്ചമിൻ, രമേശ് നാരായണൻ, സജീവ് പാഴൂർ, ജസ്റ്റിസ് ജോസ്, ജോളി ലോനപ്പൻ, സനൽ ജോർജ് തുടങ്ങിയവർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചവരിൽ ഉൾപ്പെടുന്നു.
രാഷ്ട്രപതി സമ്മാനിക്കുന്നതുവഴി വേറിട്ട മൂല്യവും തനിമയുമുള്ള ദേശീയ ചലച്ചിത്ര അവാർഡ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി സമ്മാനിക്കുന്നത് അനുചിതമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 11 അവാർഡുകൾ മാത്രമാണ് രാഷ്ട്രപതി നേരിട്ടു സമ്മാനിക്കുന്നതെന്ന കാര്യം ബുധനാഴ്ച വൈകീട്ട് അവാർഡുദാന റിഹേഴ്സൽ സമയത്തുമാത്രമാണ് പുരസ്കാര ജേതാക്കളെ അറിയിച്ചത്. അപ്പോൾ തന്നെ പ്രതിഷേധം ഉയരുകയും ചെയ്തു. വിവരമറിഞ്ഞ് മന്ത്രി സ്മൃതി ഇറാനി സ്ഥലത്തെത്തി. വിഷയം പരിഹരിക്കാമെന്ന് വാക്കുനൽകിയാണ് അവർ പോയതെങ്കിലും പുതിയ നയത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. ഇതോടെയാണ് അവാർഡു ജേതാക്കൾ സംഘടിച്ച് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പുനൽകുന്ന കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയത്.
മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ കെ.ജെ. യേശുദാസ്, മികച്ച സംവിധായകൻ ജയരാജ് എന്നിവരും പ്രതിഷേധ സൂചകമായി കത്തിൽ ഒപ്പുവെച്ചു. പ്രതിഷേധം കനത്തതോടെ രാഷ്ട്രപതി ഭവൻ തന്നെ പ്രസ്താവന ഇറക്കി. പരിപാടിയിൽ മാറ്റമില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചതോടെ, പിന്നീട് യേശുദാസും ജയരാജും ചടങ്ങിൽ പെങ്കടുത്തു. രാഷ്ട്രപതി അവാർഡു സമ്മാനിക്കുന്നവരുടെ പട്ടികയിലായിരുന്നു ഇരുവരും.
സിനിമ ലോകത്ത് തങ്ങളേക്കാൾ താരമൂല്യം കുറഞ്ഞ നടിയും സീരിയൽ അഭിനേതാവുമായിരുന്ന സ്മൃതി ഇറാനിയിൽനിന്ന് അവാർഡ് സ്വീകരിക്കേണ്ടിവരുന്ന സാഹചര്യം വിവിധ ഭാഷകളിലെ സിനിമാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കുന്ന അസുലഭ അവസരം ചോർന്നുപോകുന്നതിൽ അവർ രോഷം പ്രകടിപ്പിച്ചു. ആദരിക്കുന്നതിനു പകരം അവമതിക്കുന്ന ഏർപ്പാടാണിതെന്ന് 70ഒാളം അവാർഡ് ജേതാക്കൾ ഒപ്പുവെച്ച തുറന്ന കത്തിൽ പറഞ്ഞു. വിശ്വാസ വഞ്ചനയാണിത്. അങ്ങേയറ്റം പ്രോേട്ടാക്കോൾ പാലിക്കുന്ന സ്ഥാപനവും ചടങ്ങുമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. 65 വർഷത്തെ പാരമ്പര്യം തിരുത്തിയത് നിർഭാഗ്യകരമായി. രാഷ്ട്രപതിയല്ല നൽകുന്നതെങ്കിൽ, മറ്റു പല ചലച്ചിത്ര അവാർഡുകളിൽ ഒന്നുമാത്രമായി ദേശീയ അവാർഡ് മാറുകയാണെന്നും കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.