തമിഴ് സിനിമക്ക് തിരക്കഥയെഴുതി മലയാളി പൊലീസുകാരൻ
text_fieldsകൊച്ചി: മുൻനിര തമിഴ്താരങ്ങൾ അണിനിരക്കുന്ന സിനിമക്ക് തിരക്കഥയെഴുതി എറണാകുളം റൂറൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ. കാലടി കാഞ്ഞൂർ സ്വദേശിയായ പ്രസാദ് പാറപ്പുറം എഴുതിയ ‘കളേഴ്സ്’ സിനിമയാണ് ചിത്രീകരണം പൂർത്തിയായത്. ആദ്യമായാണ് മലയാളി പൊലീസുകാരൻ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, ഇനിയ, ദിവ്യപിള്ള, രാംകുമാർ, മൊട്ട രാജേന്ദ്രൻ, തലൈവാസൽ വിജയ്, ദേവൻ, ടിക്ടോക്കിലൂടെ ശ്രദ്ധേയയായ ബേബി ആരാധ്യ വരെയാണ് സിനിമയിലെ അഭിനേതാക്കൾ.
ദുബൈ ആസ്ഥാനമായ ലൈംലൈറ്റ് പിക്ചേഴ്സ് നിർമിക്കുന്ന ‘കളേഴ്സി’െൻറ സംവിധാനം മലയാളി നിസാറാണ്. സുരേഷ് ഗോപി നായകനായ ബുള്ളറ്റ് ഉൾെപ്പടെ അഞ്ച് ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും പാട്ടെഴുതിയിട്ടുണ്ട് പ്രസാദ് പാറപ്പുറം. വർഷങ്ങൾക്കുമുമ്പ് സുഹൃത്തും പത്രപ്രവർത്തകനുമായ സൈലേഷ് പണ്ടാലയുമൊത്ത് ‘അലിഫ് ലൈല’ ആൽബം ചെയ്താണ് തുടക്കം. ‘മായാബസാർ’ ഉൾെപ്പടെ സീരിയലുകൾക്ക് തിരക്കഥയും ഒരുക്കി. ഇപ്പോൾ പൊലീസ് മാസികയായ ‘കാവൽ കൈരളി’യുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.
കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രം യുവതലമുറയെയും കുടുംബങ്ങളെയും ഒരേപോലെ ആകർഷിക്കുമെന്ന് പ്രസാദ് പാറപ്പുറം പറയുന്നു. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന രാഹുലിെൻറ ജീവിതത്തിലേക്ക് എയ്റോബിക് സെൻറർ നടത്തുന്ന വ്യക്തിയും വിദേശമലയാളിയുടെ ഭാര്യയും കടന്നുവരുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജോലിയുടെ ഭാഗമായാണ് ഇവരുടെ വരവെങ്കിലും മറ്റൊരു ലക്ഷ്യവും അതിന് പിന്നിലുണ്ടായിരുന്നു. മാർഷൽ ആർട്സും എയ്റോബിക് ഡാൻസും മനോഹരമായ ലൊക്കേഷനും സിനിമയുടെ ഹൈലൈറ്റാണ്.
പൊലീസിൽ വരുംമുമ്പ് പത്രപ്രവർത്തകനായിരുന്നു പ്രസാദ് പാറപ്പുറം. അജി ഇടിക്കുളയാണ് സിനിമയുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.