ഇഷ്ടതാരത്തെ കണ്ട് മനംനിറഞ്ഞ് അലാമി മൂപ്പൻ
text_fieldsകാസർകോട്: മനസ്സിൽവെച്ച് ആരാധിക്കുന്ന താരത്തെ കൺമുന്നിൽ കണ്ടപ്പോൾ അലാമി മൂപ്പന് സന്തോഷമടക്കാനായില്ല. 20 വർഷത്തിലേറെയായി മനസ്സിൽ കൊണ്ടുനടന്ന മോഹമാണ് ചൊവ്വാഴ്ച കാസർകോട് മുള്ളേരിയ വനത്തിനുള്ളിലുള്ള ഷൂട്ടിങ് ലൊക്കേഷനിൽ പൂവണിഞ്ഞത്. തന്നെ കാണാനുള്ള മൂപ്പെൻറ ആഗ്രഹമറിഞ്ഞ മമ്മൂട്ടിതന്നെയാണ് സമാഗമത്തിന് അവസരമൊരുക്കിയത്.
തെൻറ സിനിമകളിൽ ഏറ്റവും ഇഷ്ടമേതാണെന്ന് താരം ചോദിച്ചപ്പോൾ ‘കിങ്’ എന്ന് ഉത്തരം നൽകാൻ മൂപ്പന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കാസർകോട് ജില്ലയിലെ പ്രധാന ആദിവാസിവിഭാഗമായ മാവിലാൻ സമുദായത്തിലെ നിലവിലെ മൂപ്പനാണ് ബേഡഡുക്ക കൈരളിപ്പാറ മാവിലാൻ കോളനിയിലെ 90 വയസ്സുള്ള അലാമി മൂപ്പൻ. തങ്ങളുടെ തനതുശൈലിയിലുള്ള കരകൗശലവസ്തുക്കളും പലഹാരങ്ങളുമെല്ലാമായാണ് മൂപ്പനും മാവിലാൻ സമുദായാംഗങ്ങളായ 10 പേരുമടങ്ങുന്ന സംഘം മമ്മൂട്ടിയെ കാണാെനത്തിയത്. തങ്ങൾ ഉൾപ്പെടുന്ന ആദിവാസിസമൂഹം നേരിടുന്ന പ്രശ്നങ്ങൾ താരത്തെ അറിയിക്കാനും ഇവർ മറന്നില്ല. മംഗലംകളി ഉൾപ്പെടെയുള്ള തങ്ങളുടെ കലാരൂപങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായവും ഇവർ മമ്മൂട്ടിയോട് അഭ്യർഥിച്ചു.
മൂപ്പനും സംഘവും മംഗലം കളിയുടെ പാട്ട് പാടിയപ്പോൾ അതിെൻറ താളത്തിനൊത്ത് ഉടുക്കുകൊട്ടാനും താരം മറന്നില്ല. കൈയിൽ കരുതിയ അംബേദ്കറിെൻറ പടം അലാമി മൂപ്പൻ മമ്മൂട്ടിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.