സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല –മഞ്ജുവാര്യര്‍
text_fieldsതിരൂര്‍: സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് സ്ത്രീ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ രണ്ടാംദിനം നടി മഞ്ജുവാര്യരും ഡബിങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയും കൈയടി നേടി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി ഗൗരവമായ സംവാദത്തിന് ‘തസ്രാക്കി’ലെ തിങ്ങിനിറഞ്ഞ വേദി സാക്ഷിയായി.
ഏറെ ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന മുഖവുരയോടെയായിരുന്നു മഞ്ജു സംസാരിച്ചു തുടങ്ങിയത്. പുരുഷന്മാരെപോലെ എന്തും ചെയ്യാനും അവരെ അടിച്ചൊതുക്കി മികവ് തെളിയിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് അതെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു. അസുഖം വന്നാല്‍ അര്‍ധരാത്രിയായാലും തനിച്ച് ആശുപത്രിയില്‍ പോകുന്നതിനുള്ള സ്വാതന്ത്ര്യമെങ്കിലും സ്ത്രീകള്‍ക്കു വേണം. സ്ത്രീ ആക്രമിക്കപ്പെടാനുള്ള ഒരു ഉല്‍പന്നം മാത്രമാകുന്ന ഇപ്പോഴത്തെ അവസ്ഥ വേദനിപ്പിക്കുന്നു. പുരുഷന് സ്ത്രീ നല്‍കുന്ന ബഹുമാനം തിരിച്ചും കിട്ടണം.
നടി ആക്രമിക്കപ്പെട്ടത് സിനിമ മേഖലയുടെ മാത്രം പ്രശ്നം കൊണ്ടല്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ പ്രതിഫലനമാണ് ആ സംഭവം. സ്ത്രീവിരുദ്ധ സിനിമകളില്‍ ഇനി അഭിനയിക്കില്ളെന്ന പൃഥ്വിരാജിന്‍െറ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.നേരത്തേ അത്തരം സിനിമകളുടെ ഭാഗമാകേണ്ടിവന്ന മഞ്ജു ഇനിയും അതാവര്‍ത്തിക്കുമോ എന്ന ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് സ്ത്രീകളെ അവഹേളിക്കുക എന്ന ലക്ഷ്യം മാത്രമായ സിനിമകളില്‍ ഇനി അഭിനയിക്കില്ളെന്ന് ഉറച്ച മറുപടി നല്‍കിയപ്പോള്‍ കൈയടികളോടെയാണ് സദസ്സ് ആ പ്രഖ്യാപനം ഏറ്റുവാങ്ങിയത്.സ്ത്രീകള്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കാതെ വനിതാദിനം ആഘോഷിക്കുന്നതില്‍ അര്‍ഥമില്ളെന്ന് ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ കാസര്‍കോടു മുതല്‍ പാറശ്ശാല വരെ നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് തങ്ങളെന്നും ഇതിന് മുഴുവന്‍ സമൂഹത്തിന്‍െറയും എഴുത്തുകാരുടെയും പിന്തുണ ആവശ്യമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ചും സൈബര്‍ അറ്റാക്കിനെക്കുറിച്ചും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. സംവിധായകന്‍ കമല്‍ മാധവിക്കുട്ടിയെക്കുറിച്ച് ചെയ്യുന്ന സിനിമയിലെ കഥാപാത്രം തന്നെത്തേടി വന്നപ്പോള്‍ ആഹ്ളാദമാണ് ഉണ്ടായത്. പ്രതീക്ഷിച്ചതിനപ്പുറത്തെ ഭാഗ്യമാണത്. തുടര്‍ന്നുണ്ടായ വിവാദങ്ങളെ തെല്ലും ഭയക്കുന്നില്ല. മാധവിക്കുട്ടിയാകാനുള്ള മാനസികമായ തയാറെടുപ്പിലാണ് താനിപ്പോഴെന്ന് മഞ്ജു അറിയിച്ചു. അവരെക്കുറിച്ച് പഠിക്കുകയും എഴുതിയതെല്ലാം വായിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ സിനിമയില്‍നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം നിറഞ്ഞ സദസ്സ് ഗൗരവത്തോടെ കേട്ടുനിന്നു. മഞ്ജുവാര്യര്‍ പങ്കെടുത്ത എല്ലാ യുവജനോത്സവങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമം ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടി ഉപഹാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.